ഓക്‌സിജന്‍ ആവശ്യമില്ലാത്ത മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

ഓക്‌സിജന്‍ ആവശ്യമില്ലാത്ത മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: മള്‍ട്ടി സെല്ലുലാര്‍ ജീവികളുടെ അടിസ്ഥാന സ്വഭാവമാണ് ഓക്‌സിജന്‍ ശ്വസിക്കുക എന്നത്. എന്നാല്‍ ജീവിക്കാന്‍ ഓക്‌സിജന്‍ ആവശ്യമില്ലാത്ത ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ഒന്നില്‍ കൂടുതല്‍ കോശങ്ങള്‍ അടങ്ങിയിരിക്കുന്ന ജീവികളെയാണു മള്‍ട്ടി സെല്ലുലാര്‍ ജീവികളെന്നു വിളിക്കുന്നത്. എല്ലായിനം മൃഗങ്ങളും കര സസ്യങ്ങളും മള്‍ട്ടി സെല്ലുലാര്‍ ആണ്.

മൃഗങ്ങളുടെ ലോകത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ അനുമാനങ്ങളില്‍ മാറ്റം വരുത്തുന്നതാണ് ഈ കണ്ടെത്തല്‍. ജെല്ലിഫിഷ് (കടല്‍ച്ചൊറി) പോലുള്ള പരാന്നഭോജികള്‍ക്കു (പാരസൈറ്റ്) മൈറ്റോകോണ്ട്രിയല്‍ ജനിതകഘടന ഇല്ലെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതിനര്‍ഥം അവ ശ്വസിക്കില്ലെന്നാണ്. ഓക്‌സിജന്‍ മുക്ത ജീവിതമാണ് അവ നയിക്കുന്നത്. ഈ പരാന്നഭോജി അറിയപ്പെടുന്നത് ഹെന്നെഗുയ സാല്‍മിനിക്കോല (Henneguya salminicola) എന്നാണ്. സാല്‍മണ്‍ എന്ന ഒരിനം മത്സ്യത്തിന്റെ പേശി കോശത്തിനുള്ളിലാണ് ( muscle tissue) ഇവ വസിക്കുന്നത്.
ഒരു ജീവകോശത്തിന്റെ ഊര്‍ജ്ജ ഉത്പാദനകേന്ദ്രം അഥവാ പവര്‍ ഹൗസെന്നാണു മൈറ്റോകോണ്ട്രിയയെ വിശേഷിപ്പിക്കുന്നത്. ജീവകോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും മൈറ്റോകോണ്ട്രിയ ആണ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പുതിയ ജീവിയില്‍ മൈറ്റോകോണ്ട്രിയ ഇല്ലെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനര്‍ഥം അവ ഓക്‌സിജന്‍ ശ്വസിക്കുന്നില്ലെന്നാണ്. എന്നാല്‍ ഈ ജീവി എങ്ങനെയാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുമില്ല.

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ജീവിയെ കുറിച്ചു വിശദമാക്കുന്നത്.

Comments

comments

Categories: World