ഒരുമാറ്റം അത് ആരാണ് ആഗ്രഹിക്കാത്തത്…..!!!

ഒരുമാറ്റം അത് ആരാണ് ആഗ്രഹിക്കാത്തത്…..!!!
  • ഡെല്‍ഹി തെരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്‌മെന്റ് ആയില്ല
  • നടപടികള്‍ അപക്വതയുടെ കുതിച്ചുചാട്ടങ്ങളായി മാറി

വംശനാശം നേരിട്ട ജീവജാലങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവയ്ക്കിടയില്‍ ഒരു പൊതുഗുണം ഉണ്ടായിരുന്നതായി കാണാം. അപ്രസക്തമാകുന്ന പശ്ചാത്തലത്തിലും അവ ഒരു മാറ്റത്തെ അംഗീകരിച്ചിരുന്നില്ല. ഇത് അവയുടെ വിനാശത്തിലേക്കുള്ള വഴി തുറന്നു. എല്ലാക്കാലത്തും ഇത് പ്രസക്തമാണ്. ഇത് ജനങ്ങള്‍ക്കും സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ബാധകമാണ്. കാലത്തിനനുസരിച്ചുള്ള മാറ്റം എന്തും ആഗ്രഹിക്കുന്നു. അത് നടപ്പാകുകതന്നെ വേണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോഴും വംശനാശം സംഭവിക്കുന്നതില്‍ നിന്ന് അകലം പാലിക്കുന്നുണ്ടാകാം. പക്ഷേ ദേശീയതലത്തില്‍ അവര്‍ സഞ്ചരിക്കുന്ന പാത അല്ലെങ്കില്‍ പിന്തുടരുന്ന മാര്‍ഗം സുരക്ഷിതമാണെന്ന് പറയുക വയ്യ. തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കിടയിലും, പാര്‍ട്ടിയുടെ പരമാധികാരം കുടുംബത്തിനു പുറത്തേക്ക് നല്‍കാനോ സ്തുതിപാഠകരെ അവഗണിച്ച് കഴിവുള്ളവര്‍ക്ക് പദവി നല്‍കാനോ പാര്‍ട്ടി ഇന്നും തയ്യാറാകുന്നില്ല. മാറ്റം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇപ്പോഴുമാകുന്നില്ല എന്നത് പരിശോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഒരു തിരിച്ചുവരവിന് ഒന്നു ശ്രമിക്കണമെങ്കില്‍പ്പോലും മാറ്റങ്ങളെ സ്വീകരിച്ചേ മതിയാകു. ഒപ്പം കഴിവുള്ളവരെ അംഗീകരിക്കുകയുംവേണം.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആതിഥേയത്വം വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിരുന്നിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭാ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്. എന്നാല്‍ വിരുന്ന് ബഹിഷ്‌ക്കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. പാര്‍ട്ടി തെറ്റില്‍നിന്നും കൂടുതല്‍ തെറ്റിലേക്ക് നീങ്ങുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു ഈ മണ്ടന്‍ തീരുമാനം.  കാരണം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ക്ഷണിച്ചിട്ടില്ല എന്ന വസ്തുതയാണ് പാര്‍ട്ടിക്ക് നല്‍കാനുണ്ടായിരുന്നത്. കൂടാതെ രണ്ട് രാജ്യങ്ങളുടെ സര്‍ക്കാര്‍ തലത്തിലുള്ള പരിപാടികളില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നത് നിര്‍ബന്ധമല്ലതാനും. എങ്കിലും ഇരുസഭകളിലെയും നേതാക്കളെയും മുന്‍പ്രധാനമന്ത്രിയെയും വിരുന്നിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചു. അവിടെ പാര്‍ട്ടി പ്രസിഡന്റി്‌നെക്കൂടി ക്ഷണിച്ചില്ലെന്ന കാരണം എങ്ങനെ അംഗീകരിക്കാനാകും. കോണ്‍ഗ്രസില്‍ നെഹ്‌റുകുടുംബത്തിനാണ് പ്രാധാന്യം എന്ന് അവര്‍ വീണ്ടും തെളിയിക്കുകയായിരുന്നു. ഒഴിയാന്‍ അവര്‍ക്കും ഒഴിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കും താല്‍പ്പര്യമില്ലെന്ന് സാരം. അപ്പോള്‍ മാറ്റങ്ങള്‍ പടിക്കു പുറത്താണ്. പടനായകന്‍മാരാകേണ്ടകവര്‍ വീടിനു പാറാവുകാരാണ്. സ്തുതി പാഠകര്‍ക്കാണ് സര്‍വസ്വാതന്ത്ര്യം..!!

പാര്‍ട്ടിക്ക് പ്രായമേറെയായെങ്കിലും ഇന്ന് കോണ്‍ഗ്രസിന്റേത് സ്‌കൂള്‍കുട്ടികളുടേതുപോലെയുള്ള ദുശാഠ്യമാണ്. ഇത് അവരുടെ നാല് ബലഹീനതകളിലേക്ക് വിരല്‍ചൂണ്ടുന്നു. അത് ഗുരുതരവും വളരുന്നതുമായാല്‍ എന്തു ചെയ്യും… ഒന്നാമതായി, പാര്‍ട്ടിയുടെ അപ്രസക്തത വളര്‍ന്നുവരുന്നു എന്നതാണ്. കൊട്ടിഘോഷിക്കപ്പെട്ട ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ അത് വ്യക്തമായതാണ്. ഏവരും കരുതി ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് ഒരു ഷോക്ക്ട്രീറ്റ്‌മെന്റ് ആകുമെന്നും, ഇനി പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഏവരും കരുതി. എന്നാല്‍ പാര്‍ട്ടി ഇന്നും പഴയ പാര്‍ട്ടി തന്നെ. നിങ്ങള്‍ക്ക് അതിനെ കേവലം ഒരു ‘പരിഷ്‌കാരി’യാക്കാന്‍ കഴിയില്ല. കൊടുങ്കാറ്റിനുമുന്നിലും ഉറച്ചുനില്‍ക്കും. ആവശ്യമായ മാറ്റങ്ങള്‍ക്ക് വഴിപ്പെടില്ല. എങ്കിലും ഗാന്ധി -നെഹ്‌റു കുടുംബത്തെ പാര്‍ട്ടിക്കുമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ ചിലര്‍ ആനന്ദം കണ്ടെത്തുമ്പോള്‍ മറ്റുചിലര്‍ലക്ഷ്യമില്ലാതെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ മാത്രമാകുന്നു. യുഎസ് പ്രസിഡന്റിനു നല്‍കിയ വിരുന്നിലേക്ക് പ്രതിപക്ഷ പാര്‍ട്ടി മേധാവിയെ ക്ഷണിക്കുന്നതിന് മുന്‍ഗണനയുണ്ടെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അങ്ങനെ ഒരെണ്ണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 2006ല്‍ ജോര്‍ജ് ബുഷിന്റെ സന്ദര്‍ശനവേളയിലും ബരാക് ഒബാമയുടെ സന്ദര്‍ശനങ്ങളിലും അന്നത്തെ പ്രധാന പ്രതിപക്ഷമായ എന്‍ഡിഎയെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല.

രണ്ടാമതായി, ദേശീയ പ്രാധാന്യമുള്ള അവസരങ്ങളില്‍ നടക്കുന്ന ഇത്തരം പെരുമാറ്റം ആഭ്യന്തരമായി കോണ്‍ഗ്രസിനെ വളരെ മോശമായി പ്രതിഫലിപ്പിക്കുന്നതിന് ഇടയാക്കുന്നു. മാത്രമല്ല രാജ്യന്തര നയതന്ത്ര വൃത്തങ്ങളില്‍ പാര്‍ട്ടിയുടേയും അതിന്റെ സംസ്‌കാരത്തിന്റെയും ഒരു ചിത്രമാണ് ഇത് നല്‍കുക. ഇക്കാര്യങ്ങളില്‍ ഇന്ത്യയിലെ മുത്തശ്ശിപ്പാര്‍ട്ടി ഏറെ പിന്നോക്കമാണെന്ന് ഒന്നിനുപിറകെ ഒന്നായി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുകയാണ്.

മൂന്നാമത്, ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജ്രിവാളിനെപ്പോലുള്ള പക്വതയുള്ള രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലേക്ക് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഇടം മാറുകയാണ് എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമ്യമന്ത്രിയുമായ മമതാ ബാനര്‍ജി നടത്തിയ വിരോധാഭാസങ്ങള്‍ക്കെതിരെ പാര്‍ട്ടി കണ്ണടയ്ക്കുകയും ചെയ്തു. അപക്വതയുടെ കുതിച്ചുചാട്ടമാണ് അവര്‍ ഓരോ നടപടിയിലൂടെയും കോര്‍ത്തിടുന്നത്. മമതക്കെതിരെ ശബ്ദിക്കാതിരുന്നിട്ട് കോണ്‍ഗ്രസിന് എന്താണ് ഗുണം…. അവരുടെ അക്രമനയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മുന്നേറിയിരുന്നെങ്കില്‍ ബംഗാളില്‍ പാര്‍ട്ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാമായിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. അത് പാര്‍ട്ടിയുടെ തോല്‍വിയാണ്. മമത കോണ്‍ഗ്രസമായി സഖ്യത്തിലേര്‍പ്പെടുകയുമില്ല. നിലവില്‍ അനാഥപാര്‍ട്ടിയായി വംഗദേശത്ത് അവര്‍ക്ക് തുടരേണ്ടിവരും.

പാര്‍ട്ടി പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് തുടച്ചു നീക്കപ്പെടുകയാണ്. കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനേക്കാളുപരി കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയുണ്ട്. അത് അവര്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചുതുടങ്ങിയില്ലെങ്കില്‍ വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ ചരിത്രം പോലെയാകും പാര്‍ട്ടി. അതായത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി മറികടന്ന് പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തരാകുന്നു. ഉദാഹരണത്തിന് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കാര്യമായ സ്വാധീനം ഇല്ല. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും സ്ഥിതി വ്യത്യസ്ഥമല്ല. മഹാരാഷ്ട്ര,ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെല്ലാം പാര്‍ട്ടിയുടെ നില ശോചനീയമാണ്. ഇവിടെ സൂചിപ്പിക്കുന്നത് ഒരു തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി പ്രാദേശിക കക്ഷികള്‍ വിജയച്ചാല്‍ പ്രധാനമന്ത്രിസ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ്. സീറ്റുകള്‍ നേടാനായാല്‍ കോണ്‍ഗ്രസിന് പ്രാദേശിക കകഷികളെ പിന്തുണക്കേണ്ടിവരും, ബിജെപിയെ ഒഴിവാക്കാനായി. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്വപ്‌നം വീണ്ടും സ്വപ്‌നമായി മാറും. അതിനാല്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാനതലത്തിലിറങ്ങി പ്രവര്‍ത്തിക്കുകയും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കേണ്ട സാഹചര്യവുമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

നാലാമതായി നേതൃത്വത്തെച്ചൊല്ലി പിറുപിറുപ്പ് ഉയര്‍ന്നുവരുന്നു എന്നതാണ്. എന്നാല്‍ വേണ്ടത്ര ഗൗരവത്തില്‍ പാര്‍ട്ടി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. പി ചിദംബരം പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ വിവാദം തലപൊക്കിയിരുന്നു. ഇതിനെതിരെ പ്രത്യേകിച്ചും യുവ നേതാക്കളായ മിലിന്ദ് ദേവ്‌റ, സന്ദീപ് ദീക്ഷിത് എന്നിവര്‍ പരസ്യമായി സംസാരിച്ചിരുന്നു.

കോണ്‍ഗ്രസിന് അടിയന്തിര സഹായം ഇന്നാവശ്യമാണ്. മറിച്ച് അത് തിരിച്ചറിയുന്നില്ലെങ്കില്‍ പാര്‍ട്ടി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടും. പ്രാദേശികതലങ്ങള്‍ ക്രമേണ ഓര്‍മയായി മാറും. തെരഞ്ഞെടുപ്പിനുമാത്രം കാണുന്ന പ്രത്യേകതരം വിഭാഗമായി പാര്‍ട്ടി അധഃപതിക്കും. പ്രാദേശികക്ഷികളുടെ സഹായത്താല്‍ കുറച്ചുനാള്‍കൂടി അധികാരത്തിന്റെ നിഴല്‍പറ്റി നടക്കും. ശേഷം അവശേഷിക്കുന്നവര്‍ ദേശാടനത്തിനിറങ്ങി വിസ്മൃതിലാഴ്ന്നു പോകും. അത് ഒഴിവാക്കേണ്ടത് ജനമല്ല, മറിച്ച് പാര്‍ട്ടി സംവിധാനമാണ്. അവര്‍ ജനത്തെ തിരിച്ചറിയണം. അവരുടെ ആവശ്യങ്ങള്‍ മനസിലാക്കണം, വരും കാലത്തെ മുന്നില്‍ക്കണ്ട് അവര്‍ക്കായി പദ്ധതികള്‍ രൂപീകരിക്കണം. അല്ലാതെ കവല പ്രസംഗങ്ങള്‍ക്ക് ആരെയും ഏറെക്കാലം പിടിച്ചു നിര്‍ത്താനാവില്ല.

Categories: Top Stories