വിപണി നിക്ഷേപത്തെ കൊറോണ ബാധിക്കില്ലെന്ന് ബഫറ്റ്

വിപണി നിക്ഷേപത്തെ കൊറോണ ബാധിക്കില്ലെന്ന് ബഫറ്റ്

കൊറോണ വ്യാപനം തന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടിനെ ബാധിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണെങ്കിലും, അത് ഓഹരികളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് പ്രമുഖ നിക്ഷേപകനും ബെര്‍ക്ക്‌ഷെയര്‍ ഹത്താവേ സ്ഥാപകനുമായ വാരന്‍ ബഫറ്റ്. കൊറോണ വ്യാപനം തന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടിനെ ബാധിച്ചിട്ടില്ലെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ വ്യക്തമാക്കി. ക്രിപ്‌റ്റോകറന്‍സിക്കെതിരെ എക്കാലവും നിലപാട് എടുത്തിട്ടുള്ള ബഫറ്റ് അക്കാര്യം ആവര്‍ത്തിച്ചു. ക്രിപ്‌റ്റോകറന്‍സികള്‍ ഒട്ടും തന്നെ മൂല്യമില്ലാത്തവയും ഉല്‍പ്പാദന ശേഷി ഇല്ലാത്തവയും ആണെന്നും താനൊരിക്കലും അവ സ്വന്തമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റ് പക്ഷക്കാരനായ ബഫറ്റ്, മുതലാളിത്ത വ്യവസ്ഥ അമേരിക്കയിലെ തൊഴിലാളികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സിന്റെ വാദത്തെ അംഗീകരിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങള്‍ വേണമെന്ന് സമ്മതിക്കുന്ന ബഫറ്റ് പക്ഷെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉടമസ്ഥാവകാശം നല്‍കുന്നതിനോട് വിയോജിക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ സാന്‍ഡേഴ്‌സിന്റെ എതിരാളിയായ മൈക്ക് ബ്ലൂംബര്‍ഗിനാവും തന്റെ വോട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

560 ബില്യണ്‍ ഡോളറില്‍ അധികം മൂല്യമുള്ള ബെര്‍ക്ക്‌ഷൈര്‍ ഹത്താവേ യുഎസിലെ അതിസമ്പന്ന കമ്പനികളില്‍ ഒന്നാണ്. അപ്പിള്‍, ബാങ്ക് ഓഫ് അമേരിക്ക, കോക്ക-കോള, അമേരിക്കന്‍ എക്‌സപ്രസ് എന്നിവയില്‍ ബെര്‍ക്ക്‌ഷൈറിന് സുപ്രധാന ഓഹരി നിക്ഷേപമുണ്ട്.

പുതിയ ഫോണ്‍

ആപ്പിളിന്റെ ഏറ്റവും വലിയ ഓഹരിയുടയമ ആയിരുന്നിട്ടും ബഫറ്റ് ഇത്രയും നാള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. സുരക്ഷാ കാരണങ്ങളാലും മറ്റുമായിരുന്നു ഇത്. എന്നാല്‍ ഈയിടെ താന്‍ ഉപയോഗിച്ചിരുന്ന സാധാരണ സാംസംഗ് ഫഌപ്പ് ഫോണില്‍ നിന്ന് ഐഫോണിലേക്ക് മാറിയ കാര്യം അദ്ദേഹം വെളിപ്പെടുത്തി.

Comments

comments

Categories: FK News