അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ഹ്യൂസ് ഇന്ത്യ

അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ഹ്യൂസ് ഇന്ത്യ

എജിആര്‍ തുകയും പിഴയും അടക്കം 600 കോടി രൂപയാണ് ഹ്യൂസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

വളരെ വലിയൊരു ആവശ്യമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അത് ഒരിക്കലും നിര്‍വഹിക്കാന്‍ സാധിക്കാത്തതിനാല്‍ പാപ്പരത്തത്തിലേക്കും അടച്ചുപൂട്ടലിലേക്കും ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്

-പാര്‍ത്ഥോ മുഖര്‍ജി, ഹ്യൂസ് ഇന്ത്യാ പ്രസിഡന്റ്

ന്യൂഡെല്‍ഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) പ്രശ്‌നത്തെത്തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കമ്പനികളുടെ കൂട്ടത്തിലേക്ക് അമേരിക്കന്‍ കമ്പനിയായ ഹ്യൂസ് നെറ്റ്‌വര്‍ക്ക് സിസ്റ്റംസിന്റെ ഇന്ത്യന്‍ ബിസിനസും. ബാങ്കിംഗ്, പ്രതിരോധം, റെയ്ല്‍വേ എന്നീ മേഖലകളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒരുക്കുന്ന തന്ത്ര പ്രധാന സ്ഥാപനമാണ് ഹ്യൂസ്. എജിആര്‍ തുകയും പിഴയും അടക്കം 600 കോടി രൂപയാണ് ഹ്യൂസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

600 കോടി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന നിര്‍ദേശം കമ്പനിയെ പാപ്പരാക്കിയെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഈ മാസം 20ന് ടെലികോം മന്ത്രാലയത്തിന് അയച്ച കത്തില്‍ ഹ്യൂസ് വ്യക്തമാക്കുന്നു. കമ്പനി അടച്ചുപൂട്ടേണ്ടി വന്നാല്‍ 70,000 ല്‍ അധികം ബാങ്കിംഗ് കേന്ദ്രങ്ങള്‍, നേവി, ആര്‍മി, റെയ്ല്‍വേ എന്നിവയുടെ സുപ്രധാന ഉപഗ്രഹ ബന്ധങ്ങളും വിഛേദിക്കപ്പെടുമെന്ന് ഹ്യൂസ് ഇന്ത്യ പ്രസിഡന്റ് പാര്‍ത്ഥോ ബാനര്‍ജി കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അമേരിക്കന്‍ ഉപഗ്രഹ കമ്പനിയായ ഇക്കോസ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഹ്യൂസിനെ 2018 ഡിസംബറിലാണ് നാവിക സേനയുടെ വാര്‍ത്താ വിനിമയത്തിന് ആവശ്യമായ മികച്ച ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചത്. അതേസമയം വോഡഫോണ്‍-ഐഡിയ പോലെയുള്ള കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയേക്കാള്‍ ലഘുവാണ് ഹ്യൂസിന്റേത്. 13,000 പേരുടെ തൊഴിലിനെയും, ശതകോടികളുടെ ബാങ്ക് വായ്പകളെയും ബാധിക്കുന്നതാവും വോഡ-ഐഡിയയുടെ അടച്ചുപൂട്ടല്‍. 55,000 കോടി രൂപയാണ് ടെലികോം കമ്പനി എജിആര്‍ പിഴയായി അടയ്‌ക്കേണ്ടത്.

Categories: Business & Economy
Tags: Hughes India