സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന പരിധി ഉയര്‍ത്തിയേക്കും

സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന പരിധി ഉയര്‍ത്തിയേക്കും

പുതിയ നിയമങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് കേന്ദ്രബാങ്ക് ഗവര്‍ണര്‍

റിയാദ്: രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന പരിധി ഉയര്‍ത്തിയേക്കുമെന്ന സൂചനയുമായി സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടി ഗവര്‍ണര്‍ അഹമ്മദ് അല്‍കോലിഫി. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്കായി പുതിയ നിയമങ്ങളും നിബന്ധനകളും രൂപപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായി അല്‍കോലിഫി വ്യക്തമാക്കി.

യുദ്ധകാലാടിസ്ഥാനത്തില്‍ നിയമങ്ങള്‍ രൂപീകരിച്ച് ഈ വര്‍ഷം തന്നെ പാസാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മോട്ടോര്‍, ആരോഗ്യ ഇന്‍ഷുറന്‍സിന് പുറമേ മറ്റ് മേഖലകളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രോത്സാഹിപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ ധനകാര്യ മേഖലയെ നിയന്ത്രണം കയ്യാളുന്ന സമ (കേന്ദ്രബാങ്ക്) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് വിപണിയെ ഏകീകരിക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 33 ഇന്‍ഷുറന്‍സ് കമ്പനികളില്‍ പത്ത് കമ്പനികള്‍ കഴിഞ്ഞവര്‍ഷം നഷ്ടം നേരിട്ടിരുന്നു. മേഖലയുടെ ആകെയുള്ള ലാഭത്തില്‍ ഏറിയ പങ്കും ബൂപ അറേബ്യ, കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് കമ്പനിയായ തുവാനിയ തുടങ്ങിയ രണ്ട് കമ്പനികളാണ് കൈക്കലാക്കിയത്. ആവശ്യത്തിലധികം ചെറിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്തുണ്ടെന്ന് അല്‍കോലിഫി പറഞ്ഞു. മികച്ച രീതിയിലുള്ള സേവനം നല്‍കുന്ന വലിയ കമ്പനികളാണ് വിപണിക്ക് നല്ലത്. വിതരണ രംഗത്ത് മാത്രമല്ല, ഇന്‍ഷുറന്‍സ് വിപണിയിലെ ആവശ്യകത സംബന്ധിച്ചും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ മൂലധന അനുപാതം ഏത്രയാണെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കും അതെന്നും കേന്ദ്രബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതം എത്രയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് അല്‍കോലിഫി പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ക്കുള്ള വായ്പകളിലും ഭവന വായ്പകളിലും തുടര്‍ന്നും വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തി. മുന്‍വര്‍ഷത്തെ അക്ഷേിച്ച് കഴിഞ്ഞ വര്‍ഷം സൗദിയില്‍ വ്യക്തികള്‍ക്കുള്ള ഭവന വായ്പയില്‍ 266 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. പാര്‍പ്പിട വിപണിയില്‍ നേരത്തെ ഡിമാന്‍ഡ് അടിച്ചമര്‍ത്തപ്പെട്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വീടുകള്‍ സ്വന്തമാക്കുന്നതിന് ജനങ്ങള്‍ക്ക് പാര്‍പ്പിട മന്ത്രാലയം കൂടുതല്‍ സബ്‌സിഡികള്‍ പ്രഖ്യാപിച്ചതിന് ശേഷം ഭവന വായ്പകളിലുള്ള ഈ കുതിച്ചുചാട്ടം സ്വാഭാവികമാണെന്ന് അല്‍കോലിഫി പറഞ്ഞു.

Comments

comments

Categories: Arabia
Tags: Saudi Arabia