പുതിയ ഹോണ്ട സിറ്റി മാര്‍ച്ച് 16 ന് കാണാം

പുതിയ ഹോണ്ട സിറ്റി മാര്‍ച്ച് 16 ന് കാണാം

അന്നുതന്നെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം

ന്യൂഡെല്‍ഹി: അഞ്ചാം തലമുറ ഹോണ്ട സിറ്റി മാര്‍ച്ച് 16 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ഇന്ത്യന്‍ വിപണിക്കുവേണ്ട സ്‌പെസിഫിക്കേഷനുകളോടെ നിര്‍മിച്ച മിഡ്‌സൈസ് സെഡാനാണ് അന്ന് ഇന്ത്യാസമക്ഷം എത്തിക്കുന്നത്. അന്നുതന്നെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ സിറ്റിയുടെ ആദ്യ ടീസര്‍ ഹോണ്ട കാര്‍സ് ഇന്ത്യ ഈയിടെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ ആഗോള അരങ്ങേറ്റം നടത്തിയ സിറ്റിയും ഇന്ത്യയില്‍ അനാവരണം ചെയ്യുന്ന സിറ്റിയും വളരെ സാമ്യമുള്ളതായിരിക്കും. എന്നാല്‍ ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. കൂടുതല്‍ പ്രീമിയമെന്ന് തോന്നിപ്പിക്കുന്നതിന് ഡുവല്‍ ടോണ്‍ നിറങ്ങള്‍, ബ്രഷ്ഡ് അലുമിനിയം അലങ്കാരങ്ങള്‍ എന്നിവ കാറിനകത്ത് നല്‍കും. ഇസഡ്എക്‌സ് എന്ന ടോപ് സ്‌പെക് വേരിയന്റില്‍ സണ്‍റൂഫ്, 16 ഇഞ്ച് അലോയ് വീലുകള്‍, പൂര്‍ണമായും എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കും.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവയായിരിക്കും പുതിയ ഹോണ്ട സിറ്റിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ വകഭേദത്തില്‍ ഏറ്റവും പുതിയ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുകി സിയാസ്, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് വെര്‍ണ, 1.0 ടിഎസ്‌ഐ എന്‍ജിന്‍ നല്‍കിയ സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: Honda city