വമ്പന്‍ വ്യാപാര കരാര്‍ വൈകില്ലെന്ന് മോദി

വമ്പന്‍ വ്യാപാര കരാര്‍ വൈകില്ലെന്ന് മോദി
  • വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • 3 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറാനുള്ള കരാറില്‍ ട്രംപും മോദിയും ഒപ്പിട്ടു
  • 5ജി നെറ്റ്‌വര്‍ക്കിന്റെ വിന്യാസം ചര്‍ച്ചയായി; ഭീകരതയ്ക്ക് എതിരെ ഒന്നിച്ചു നീങ്ങാന്‍ ഇന്ത്യയും യുഎസും

തുറന്നതും സുതാര്യവുമായ വാണിജ്യത്തോട് ഇന്ത്യക്ക് പ്രതിബദ്ധതയുണ്ട്. വലിയൊരു വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഞങ്ങള്‍ തീരുമാനമെടുത്തു. ഭീകരതയെ പിന്തുണക്കുന്നവരെ ഇന്ത്യയും യുഎസും ഒരുമിച്ചു നേരിടും

-നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് വമ്പന്‍ സൈനിക കരാര്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഡെല്‍ഹിയിലെ ഹൈദരാബാദ് ഭവനില്‍ നടന്ന ട്രംപ്-മോദി ഉഭയകക്ഷി ചര്‍ച്ചയിലാണ് സമഗ്ര വാണിജ്യ കരാറിനായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വലിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ ഉടന്‍തന്നെ തുടങ്ങുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ‘വാണിജ്യ മന്ത്രിമാര്‍ ഫലപ്രദമായ ചര്‍ച്ചകളാണ് നടത്തിയത്. ഈ വ്യാപാര ചര്‍ച്ചകള്‍ക്ക് നിയമപരമായ രൂപം ഇരു വിഭാഗവും ചേര്‍ന്ന് നല്‍കണമെന്ന് ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു. വലിയൊരു വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും ഞങ്ങള്‍ തീരുമാനമെടുത്തു’ മോദി പറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കും ഏറെ സുപ്രധാനമായ വ്യാപാര കരാറില്‍ എത്തിച്ചേരാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രസിഡന്റ് ട്രംപും ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചു.

ഇരു രാഷ്ട്രങ്ങള്‍ക്കും ഏറെ സുപ്രധാനമായ വ്യാപാര കരാറില്‍ എത്തിച്ചേരാനാവുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഭീകര സംഘടനകളില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ബാധ്യതയുണ്ട്

-ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായിരുന്നിട്ടും, വ്യാപാര ബന്ധം വര്‍ഷങ്ങളായി ഉലയുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന തത്വത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ട്രംപ് ഇന്ത്യയുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതാണ് എന്ന് തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യാതൊരു ചുങ്കവും ചുമത്തിയിട്ടില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്ന വ്യാപാര കരാര്‍ രൂപീകരിക്കാന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎസ് വാണിജ്യ പ്രതിനിധി റോബര്‍ട്ട് ലെയ്‌ത്തൈസറും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കരാര്‍ ഒപ്പിട്ടേക്കുമെന്ന പ്രതീക്ഷയാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ ചില വിഷയങ്ങളില്‍ തട്ടി ചര്‍ച്ചകളുടെ വേഗം കുറഞ്ഞത് തിരിച്ചടിയായി. വാണിജ്യ ചര്‍ച്ചകള്‍ അതിവേഗം സംഘടിപ്പിക്കാനുള്ള ട്രംപ്-മോദി ഉഭയകക്ഷി ചര്‍ച്ചകളിലെ തീരുമാനം കരാറിലേക്കുള്ള വേഗം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപ്-മോദി അഞ്ചിന ചര്‍ച്ച

പ്രധാനമായും അഞ്ച് വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയത്. സുരക്ഷ, പ്രതിരോധം, ഊര്‍ജം, ടെക്‌നോളജി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗഌവ്യക്തമാക്കി. പ്രതിരോധ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പരിഗണനയും സഹകരണവും ഇന്ത്യക്ക് നല്‍കാന്‍ സന്നദ്ധമാണെന്ന് ട്രംപ് ചര്‍ച്ചക്കിടെ വ്യക്തമാക്കി. ആയുധ സംഭരണം, സാങ്കേതിക വിദ്യാ കൈമാറ്റം, പങ്കാളിത്ത സംരംഭങ്ങള്‍ എന്നിവയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ലഹരിമരുന്ന് കടത്തല്‍ തടയാന്‍ സംയുക്ത ദൗത്യ സംഘങ്ങളെ വിന്യസിക്കാന്‍ ധാരണയായി. ആഭ്യന്തര സുരക്ഷാ മേഖലയിലും സഹകരണം ശക്തമാക്കും. ആരോഗ്യ, എണ്ണ മേഖലകളില്‍ മൂന്ന് കരാറുകളിും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. 5ജി ടെക്‌നോളജി നെറ്റ്‌വര്‍ക്കുകളുടെ വിന്യാസം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ചൈനയിലെ വാവേയെ ഇന്ത്യയിലെ 5ജി വിന്യാസത്തിന്റെ ഭാഗമാക്കരുതെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

സിഎഎ ചര്‍ച്ചയായില്ല

യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ സിഎഎ അനുകൂലികളും വിരുദ്ധരും തമ്മില്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ ഏറ്റമുട്ടിയെങ്കിലും ഉഭയകക്ഷി ചര്‍ച്ചക്കിടെ ഇത് വിഷയമായില്ല. ഈ വിഷയം സംബന്ധിച്ച് പ്രസിഡന്റ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചേക്കാമെന്ന സൂചന വൈറ്റ്ഹൗസ് നല്‍കിയിരുന്നു. അതേസമയം കശ്മീര്‍ സാഹചര്യം മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദ ഫണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള സമാധാനാന്തരീക്ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യ അവതരിപ്പിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷം ട്രംപും പ്രഥമ വനിത മെലാനിയയും ദൗത്യ സംഘവും അമേരിക്കയിലേക്ക് മടങ്ങി.

പ്രതിരോധ കരാര്‍ തയാര്‍

അപ്പാച്ചെ, എംഎച്ച്-60 റോമിയോ എന്നീ ഹെലികോപ്റ്ററുകള്‍ അടക്കം 3 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന കരാറില്‍ ഇന്ത്യ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് കരാറെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യാ-യുഎസ് ബന്ധത്തെ ശക്തിപ്പെടുത്താന്‍ പ്രതിരോധ സഹകരണം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദിയും അഭിപ്രായപ്പെട്ടു.

Categories: FK News