കുവൈറ്റിലും ബഹ്‌റൈനിലും കൊറോണവൈറസ് രോഗം സ്ഥിരീകരിച്ചു

കുവൈറ്റിലും ബഹ്‌റൈനിലും കൊറോണവൈറസ് രോഗം സ്ഥിരീകരിച്ചു
  • ഇറാനില്‍ നിന്നും മടങ്ങിയെത്തിവരിലാണ് കോവിഡ്-19 വൈറസ് കണ്ടെത്തിയത്
  • അഫ്ഗാനിസ്ഥാനിലും ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു

കുവൈറ്റ്: ഇറാനില്‍ നിന്ന് പശ്ചിമേഷ്യയില്‍ കൂടുതലിടങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നു. കുവൈറ്റില്‍ മൂന്നുപേരിലും ബഹ്‌റൈനില്‍ ഒരാളിലും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയ്ക്ക് പുറത്ത് അഫ്ഗാനിസ്ഥാനിലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗികളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നിന്നും മടങ്ങിയെത്തിയവരാണ്.

ഇറാനില്‍ നിന്നും മടങ്ങിയെത്തിവരുടെ പ്രാഥമിക പരിശോധനയിലാണ് മൂന്നുപേരില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 53 വയസുള്ള കുവൈറ്റ് പൗരന്‍, 61 വയസുള്ള സൗദി അറേബ്യന്‍ സ്വദേശി, 21 വയസുള്ള മറ്റൊരാള്‍ (ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല) എന്നിവരാണ് കുവൈറ്റില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ഇറാനില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ നഗരമായ മഷദില്‍ നിന്നും 700ഓളം പൗരന്മാരെ കുവൈറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നു.

ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഇറാനില്‍ നിന്നും മടങ്ങിയെത്തിയ ആളാണ്. ഇദ്ദേഹത്തെ ഇബ്രാഹിം ഖാലില്‍ കാനൂ മെഡിക്കല്‍ സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ 14 ദിവസം നിരീക്ഷിക്കുന്നതുള്‍പ്പടെ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.പശ്ചിമേഷ്യയ്ക്ക് പുറത്ത് അഫ്ഗാനിസ്ഥാനിലും ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ ഇറാനില്‍ കൊറോണ വൈറസ് രോഗം മൂലമുള്ള മരണസംഖ്യ പന്ത്രണ്ടായി ഉയര്‍ന്നു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഉള്ളതിനേക്കാള്‍ മരണനിരക്കാണ് നിലവില്‍ ഇറാനില്‍ ഉള്ളത്. ഇറാനിലെ പുണ്യനഗരമായ ഖോമില്‍ കണ്ടെത്തിയ രോഗം ദിവസങ്ങള്‍ക്കുള്ളില്‍ സമീപത്തെ നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിച്ചു. 47 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രി സയീദ് നമകി അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തുര്‍ക്കി, പാക്കിസ്ഥാന്‍ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തി അടച്ചു. ഇറാനിലെ 13ഓളം പ്രവിശ്യകളില്‍ സ്‌കൂളുകളും സര്‍വ്വകലാശാലകളും തീയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

ലോകത്തില്‍ ഇതുവരെ 80,000 പേരിലാണ് കൊറോണ വൈറസ് കണ്ടെത്തിയിട്ടുള്ളത്. 2,400 പേര്‍ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപിച്ചു.

Comments

comments

Categories: Arabia