ഐഎസ്ആര്‍ഒയുടെ നാവിക് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഷഓമി

ഐഎസ്ആര്‍ഒയുടെ നാവിക് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഷഓമി

ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നാവിക് സംവിധാനം

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒയുടെ ആഭ്യന്തര ദിശാസൂചക ഉപഗ്രഹ സംവിധാനമായ നാവിക് സാങ്കേതികവിദ്യ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുമെന്ന് ചൈനീസ് കമ്പനിയായ ഷഓമി പ്രഖ്യാപിച്ചു.

ഇന്ത്യക്കകത്ത് കൃത്യമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിന് ഐഎസ്ആര്‍ഒ പ്രാദേശികമായി രൂപകല്‍പ്പന ചെയ്തതാണ് നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റെലേഷന്‍ (നാവിക്).
ക്വാല്‍കോം ടെക്‌നോളജീസ് ഇങ്ക് അവരുടെ നിരവധി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഈ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി. ഈ വര്‍ഷം പുറത്തിറക്കുന്ന വ്യത്യസ്ത വില നിലവാരത്തിലുള്ള ഷഓമി സ്മാര്‍ട്ട്‌ഫോണുകളില്‍ നാവിക് ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ഐഎസ്ആര്‍ഒയുടെയും ക്വാല്‍ക്കോമിന്റെയും ശ്രമങ്ങള്‍ക്കൊപ്പം തങ്ങളുടെ ഗവേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി കൂടിച്ചേര്‍ന്നതോടെയാണ് ഇത് സാധ്യമാകുന്നതെന്ന് ഷഓമി പറയുന്നു. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ മേക്ക് ഇന്‍ ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ വിപുലീകരിക്കുകയാണ് ഷഓമി എന്നും കമ്പനി പറയുന്നു. ഇതാദ്യമായാണ് മുന്‍നിരയിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നാവിക് സംവിധാനം. അവയില്‍ മൂന്നെണ്ണം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലുള്ള ജിയോ സ്റ്റേഷണറി ഭ്രമണപഥത്തിലും നാലെണ്ണം ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലുമാണ്. വളരെ മികച്ച കൃത്യതയോടെ ലൊക്കേഷനുകള്‍ സംബന്ധിച്ച വിവരം നല്‍കാന്‍ പര്യാപ്തമാണ് ഈ സാങ്കേതിക വിദ്യ. ഉപഭോക്തൃ തലത്തില്‍ വിവിധ രീതിയില്‍ മറ്റ് നാവിഗേഷന്‍ സാങ്കേതിക വിദ്യകള്‍ക്ക് സമാനമായി ഇത് ഉപയോഗിക്കാം.

ദേശീയ വികസനത്തിനായി ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ നാവിക് നിര്‍ണായക മുന്നേറ്റമാണെന്നും ദൈനംദിന ഉപയോഗത്തിനായി എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുന്നതില്‍ ഐഎസ്ആര്‍റോ ഉത്സുകരാണെന്നും ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy