അമേരിക്കന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ഇന്‍വെസ്റ്റ്‌കോര്‍പ് 164 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

അമേരിക്കന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ഇന്‍വെസ്റ്റ്‌കോര്‍പ് 164 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

മള്‍ട്ടിഫാമിലി വിഭാഗത്തിലുള്ള ഫ്‌ളോറിഡയിലെ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് വേണ്ടിയാണ് നിക്ഷേപമിറക്കിയത്

ബഹ്‌റൈന്‍: അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കി ബഹ്‌റൈന്‍ ആസ്ഥാനമായ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജര്‍ ഇന്‍വെസ്റ്റ്‌കോര്‍പ്. ഫ്‌ളോറിഡയില്‍ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ വാങ്ങുന്നതിനായി അമേരിക്കയിലെ റിയല്‍ എസ്‌റ്റേറ്റ് ടീം മുഖേന ഇന്‍വെസ്റ്റ്‌കോര്‍പ് 165 മില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കി.

തന്ത്രപ്രധാന ലൊക്കേഷനുകളിലെ പ്രോപ്പര്‍ട്ടികളിലൂടെ അമേരിക്കയിലെ മള്‍ട്ടിഫാമിലി റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇന്‍വെസ്റ്റ്‌കോര്‍പിന്റെ ഗള്‍ഫ് വിഭാഗം ക്ലൈന്റ് തലവന്‍ യൂസഫ് അല്‍ യൂസഫ് അറിയിച്ചു. 2019ല്‍ അമേരിക്കയിലെ മള്‍ട്ടിഫാമിലി പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട്ര കമ്പനിയായി റിയല്‍ കാപ്പിറ്റല്‍ അനലിറ്റിക്‌സ് ഇന്‍വെസ്റ്റ്‌കോര്‍പ്പിനെ തെരഞ്ഞെടുത്തിരുന്നു.

ഏതാണ്ട് 2.3 ബില്യണ്‍ ഡോളറിന്റെ മൂല്യവുമായി ഇന്‍വെസ്റ്റ്‌കോര്‍പിന്റെ ആഗോള റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളില്‍ ഏറിയ പങ്കും മള്‍ട്ടിഫാമിലി വിഭാഗത്തില്‍ ഉള്ളവയാണ്. 15 വിപണികളിലെ 14,000 പാര്‍പ്പിട യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 18 മള്‍ട്ടിഫാമിലി കെട്ടിട സമുച്ചയങ്ങളാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പിനുള്ളത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആകെ 800 പ്രോപ്പര്‍ട്ടികളിലായി 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനിക്കുണ്ട്. സൗത്ത് ഫ്‌ളോറിഡയിലെ പുതിയ പാര്‍പ്പിട സമുച്ചയത്തില്‍ 95 ശതമാനത്തോളം (836 യൂണിറ്റുകളില്‍) യൂണിറ്റുകള്‍ ആള്‍ത്താമസമുള്ളവയാണ്.

1982ല്‍ സ്ഥാപിതമായ ഇന്‍വെസ്റ്റ്‌കോര്‍പ് പശ്ചിമേഷ്യയിലെ ആദ്യകാല ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 3,1 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് കമ്പനിക്ക് കീഴിലുള്ളത്. മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഭൂരിപക്ഷ ഓഹരിയുടമകളായുള്ള കമ്പനിക്ക് അമേരിക്കയില്‍ 800 മില്യണ്‍ ഡോളര്‍ മൂല്യമുള്ള 126 വ്യാവസായിക പ്രോപ്പര്‍ട്ടികളും സ്വന്തമായുണ്ട്. അമേരിക്കയില്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ഫ്‌ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷ് സ്ഥാപിച്ച ഡോക് സ്‌ക്വയര്‍ കാപ്പിറ്റലുമായി ഇന്‍വെസ്റ്റ്‌കോര്‍പ് പങ്കാളിത്തം ആരംഭിച്ചിരുന്നു.

Comments

comments

Categories: Arabia