മൂന്നാം പാദത്തിലെ വളര്‍ച്ച 4.7% എന്ന് നിഗമനം

മൂന്നാം പാദത്തിലെ വളര്‍ച്ച 4.7% എന്ന് നിഗമനം

വളര്‍ച്ചയ്ക്ക് ഗതിവേഗം കണ്ടെത്തല്‍ വൈകുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ച പ്രകടമാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഒരു ചെറിയ മുന്നേറ്റം പ്രകടമാക്കിയെന്ന് റോയിട്ടേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍വെ റിപ്പോര്‍ട്ട്. ഗ്രാമീണ ആവശ്യകതയിലും സ്വകാര്യ ഉപഭോഗത്തിലും അല്‍പ്പം മെച്ചപ്പെടല്‍ ഉണ്ടായി. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച മൂന്നാം പാദത്തില്‍ 4.7 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കാക്കുന്നത്. മുന്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം സാമ്പത്തിക വിദഗ്ധരും ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 5 ശതമാനമോ അതില്‍ താഴെയോ ഉള്ള വളര്‍ച്ചയാണ് കണക്കാക്കുന്നത്. ‘കാര്‍ഷികമേഖലയില്‍ നേരിയ തോതിലുള്ള വീണ്ടെടുക്കലുണ്ട്. കാലാവസ്ഥ സാധാരണ നിലയിലായിരുന്നതും ഈ മേഖലയിലെ സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്,’ ബാര്‍ക്ലേസിലെ സാമ്പത്തിക വിദഗ്ധര്‍ അവരുടെ ഏറ്റവും പുതിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കുറിച്ചു. പക്ഷേ, റീട്ടെയ്ല്‍ പണപ്പെരുപ്പം ജനുവരിയില്‍ 7.59 ശതമാനമായി ഉയര്‍ന്നു, ഇത് ഉപഭോഗത്തിനും ആവശ്യകതയ്്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നു.

‘മൊത്തത്തില്‍ സമ്പദ്‌വ്യവസ്ഥ അതിന്റെ ശേഷിയേക്കാള്‍ ഏറെ താഴെയാണ്. പ്രധാന സൂചകങ്ങള്‍ സാമ്പത്തിക വീണ്ടെടുക്കലിന്റെ സുസ്ഥിരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി വ്യക്തമാക്കുന്നില്ല,’ എച്ച്ഡിഎഫ്‌സി ബാങ്കിലെ മുതിര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാക്ഷി ഗുപ്ത പറഞ്ഞു.
റിസര്‍വ് ബാങ്കിലെ നയനിര്‍ംാതാക്കള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായി പലിശ നിരക്കുകളില്‍ കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. സ്റ്റാസ്റ്റിക്കല്‍ ഓഫീസ് 2019-20 സാമ്പത്തിക വര്‍ഷത്തെ മൊത്തം ളര്‍ച്ചാ പ്രവചനം 5.0 ശതമാനമായി കുറച്ചിരുന്നു. ആദ്യം 6.1 ശതമാനം വളര്‍ച്ച നേടുമെന്ന നിഗമനമായിരുന്നു നടത്തിയിരുന്നത്. വര്‍ഷാവസാനത്തോടെ വളരെ സാവധാനത്തിലും ക്രമാനുഗതമായ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. എന്നാല്‍ സമീപ ഭാവിയില്‍ കാര്യങ്ങള്‍ ശുഭകരമായ തലത്തില്‍ എത്താനിടയില്ലെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം നടന്ന റോയിട്ടേഴ്‌സ് സര്‍വെയില്‍ 42 സാമ്പത്തിക വിദഗ്ധരും അടുത്ത ആറ് മാസത്തിനുള്ളില്‍ വളര്‍ച്ച ഗതിവേഗം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

മന്ദഗതിയിലുള്ള വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് നികുതി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക ചെലവിടല്‍ വര്‍ധിപ്പിക്കല്‍ എന്നിവയിലാണ് കേന്ദ്ര ബജറ്റ് ഊന്നല്‍ നല്‍കിയതെന്നും ഇത് പര്യാപ്തമല്ലെന്നുമാണ് ഒരി വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്. ആര്‍ബിഐ ധനനയത്തില്‍ അമിത ഭാരം നല്‍കുന്നതാണിതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News

Related Articles