വരുന്നു ഹീറോ ഇ-മാസ്‌ട്രോ !

വരുന്നു ഹീറോ ഇ-മാസ്‌ട്രോ !

നിലവിലെ മാസ്‌ട്രോ എഡ്ജ് 125 അടിസ്ഥാനമാക്കി പുതിയ ഇ-സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് വികസിപ്പിച്ചുകഴിഞ്ഞു

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹന രംഗത്ത് നിലവില്‍ ഹീറോ മോട്ടോകോര്‍പ്പിന് പ്രാതിനിധ്യമില്ല. എന്നാല്‍ ഇതിനൊരു മാറ്റം ഉടനെയുണ്ടാകും. ഹീറോ ഇ-മാസ്‌ട്രോ വിപണിയിലെത്തിക്കാനാണ് ഹീറോ മോട്ടോകോര്‍പ്പ് തയ്യാറെടുക്കുന്നത്. നിലവിലെ ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടര്‍ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് വികസിപ്പിച്ചുകഴിഞ്ഞു. താങ്ങാവുന്ന വിലയില്‍ വിപണിയിലെത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായിരിക്കും. ഒരു ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

കാഴ്ച്ചയില്‍ നിലവിലെ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിന് സമാനമാണ് പുതിയ കണ്‍സെപ്റ്റ്. എന്നാല്‍ ചുവന്ന നിറത്തിലുള്ള അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ നല്‍കിയിരിക്കുന്നു. ശേഷിയേറിയ ലിഥിയം അയണ്‍ ബാറ്ററി, പെര്‍മനന്റ് മാഗ്നറ്റ് മോട്ടോര്‍ എന്നിവ ഉപയോഗിക്കും. ക്ലൗഡ് കണക്റ്റിവിറ്റി ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതയായിരിക്കും. ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ വികസന സ്ഥാപനമായ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സെന്ററാണ് ഹീറോ ഇ-മാസ്‌ട്രോ വികസിപ്പിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധേയമായ ചലനങ്ങളാണ് ഈയിടെ നടക്കുന്നത്. ബജാജ് ചേതക്, ടിവിഎസ് ഐ-ക്യൂബ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിയിട്ട് അധിക നാളുകളായില്ല. ഇരു കമ്പനികളും കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യയിലെ വില്‍പ്പന കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ആവശ്യകത പ്രകടമാകുന്ന വിദേശ വിപണികളിലേക്ക് ഹീറോ മോട്ടോകോര്‍പ്പിന് ഇ-മാസ്‌ട്രോ കയറ്റുമതി ചെയ്യാന്‍ കഴിയും. ഹീറോ മോട്ടോകോര്‍പ്പ്, ഹീറോ ഇലക്ട്രിക് എന്നീ കമ്പനികള്‍ അവരുടേതായ ഉല്‍പ്പന്നങ്ങള്‍ വെവ്വേറെയാണ് വികസിപ്പിക്കുന്നത്.

ചിത്രം: ഹീറോ മാസ്‌ട്രോ എഡ്ജ് 125

Comments

comments

Categories: Auto