എയര്‍ ഇന്ത്യയില്‍ അദാനിക്കും കണ്ണ്

എയര്‍ ഇന്ത്യയില്‍ അദാനിക്കും കണ്ണ്

വിമാനക്കമ്പനിക്കായുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുത്തേക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ലേലത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പും തയാറെടുക്കുന്നതായി സൂചന. എയര്‍ ഇന്ത്യയെ വാങ്ങുന്നതിലേക്കുള്ള ആദ്യ പടിയായി താല്‍പ്പര്യ പത്രം (ഇഒഐ) നല്‍കണോ എന്ന കാര്യത്തില്‍ കമ്പനി ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. വിമാനക്കമ്പനിയുടെ 100% ഓഹരികളും നിയന്ത്രണാവകാശവും ലഭിക്കുന്നതും കടബാധ്യതയുടെ സിംഹഭാഗവും ഒഴിവായിക്കിട്ടിയതുമാണ് അദാനിയെയും ആകര്‍ഷിച്ചിരിക്കുന്നത്. ആകെ കടബാധ്യതയായ 60,074 കോടി രൂപയില്‍ 23,286 കോടി രൂപയേ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് മേല്‍ ബാധ്യതയായി വരൂ.

താല്‍പ്പര്യ പത്രം നല്‍കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചാല്‍ ഭക്ഷ്യ എണ്ണയും ഭക്ഷ്യോല്‍പ്പന്നങ്ങളും മുതല്‍ ഖനനവും ലോഹ ഉല്‍പ്പാദനവും തുറമുഖ നിര്‍മാണവും വരെ വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ ബിസിനസ് കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടും. തിരുവനന്തപുരം, ഗുവാഹതി, ലഖ്‌നൗ, ജയ്പൂര്‍, അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാര്‍ 2019 ല്‍ കമ്പനി സ്വന്തമാക്കിയിരുന്നു. വിമാനക്കമ്പനി കൂടി സ്വന്തമായാല്‍ ഈ ബിസിനസ് കൂടുതല്‍ ഉയര്‍ന്നു പറക്കും. എയര്‍ ഇന്ത്യക്കും സഹകമ്പനിയായ എഐ എക്‌സ്പ്രസിനും കൂടി 146 പ്രവര്‍ത്തനക്ഷമമായ വിമാനങ്ങള്‍ സ്വന്തമാണ്. സ്ഥാപകരായ ടാറ്റ ഗ്രൂപ്പും എഐയെ ഏറ്റെടുക്കാന്‍ ആലോചന സജീവമാക്കിയിട്ടുണ്ട്.

പെര്‍ഫോമന്‍സ് ഇന്‍ഫര്‍മേഷന്‍ മെമോറാണ്ടം (പിഐഎം), ഓഹരി വില്‍പ്പനാ സമ്മതപത്രം (എസ്പിഎ) എന്നിവയെക്കുറിച്ച് രേഖാമൂലം അന്വേഷിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 11ല്‍ നിന്ന് മാര്‍ച്ച് ആറിലേക്ക് ഓഹരി വില്‍പ്പനാ വകുപ്പ് നീട്ടിയിട്ടുമുണ്ട്. നിശ്ചയിച്ചിരിക്കുന്ന തിയതികള്‍ വീണ്ടും നീണ്ടുപോവാന്‍ ഇടയായാല്‍, നിക്ഷേപ, പൊതു ആസ്തി നിയന്ത്രണ മന്താലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓഹരി വില്‍പ്പന വീണ്ടും നീളും. ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ഖജനാവിലെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിജയിക്കുന്നതിന് തീര്‍ത്തും അനിവാര്യമായ ഒന്നാണ് എഐയുടെ വില്‍പ്പന.

എയര്‍ ഇന്ത്യ

ആകെ വിമാനങ്ങള്‍: 121
സ്വന്തം വിമാനങ്ങള്‍: 32
പാട്ടത്തിനെടുത്തവ: 89
സര്‍വീസ് കേന്ദ്രങ്ങള്‍: 98
വിദേശ സര്‍വീസുകള്‍: 42

Categories: FK News, Slider
Tags: Adani, Air India