നമ്മള്‍ കാണുന്ന കാഴ്ച്ചകള്‍ക്കപ്പുറം…

നമ്മള്‍ കാണുന്ന കാഴ്ച്ചകള്‍ക്കപ്പുറം…

പുതിയ തലമുറ ശരിയല്ല എന്ന് പറയുന്നതിന് മുന്‍പ് നാം ഈ കഥകള്‍ കേള്‍ക്കുന്നുണ്ടോ? അവര്‍ക്ക് സ്‌നേഹമില്ല, അവര്‍ സ്വാര്‍ര്‍്ത്ഥത്തില്‍ കാര്യങ്ങള്‍ അങ്ങിനെ തന്നെയാണോ?

അച്ഛന്റെ കൈകള്‍ പിടിച്ച് അയാള്‍ മെല്ലെ പടികള്‍ ഇറങ്ങുകയാണ്. അച്ഛന് തീരെ വയ്യ. ചെറുപ്പക്കാരനായ മകന്‍ അച്ഛനേയും കൂട്ടി ഡോക്ടറെ കാണുവാന്‍ എത്തിയതാണ്. ഡോക്ടറെ കണ്ടു കഴിഞ്ഞ് തന്റെ കുട്ടിയെക്കൊണ്ടുപോകുന്നപോലെ അച്ഛനുമായി അയാള്‍ തിരിയെ പോകുകയാണ്.

അവിടെ നില്‍ക്കുന്നവര്‍ അയാളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് ഇത്തരം കാഴ്ചകള്‍ അപൂര്‍വമായതാവാം കാരണം. അച്ഛന്റെ കാര്യത്തില്‍ എന്ത് കരുതലാണ് ആ ചെറുപ്പക്കാരന്. ആ അച്ഛന്‍ ഭാഗ്യവാന്‍ തന്നെ. ഞങ്ങളുടെ നോട്ടങ്ങള്‍ പിന്തുടരവെ അച്ഛനെ കാറില്‍ കയറ്റി അയാള്‍ പോയി.

എനിക്ക് വളരെ സുപരിചിതനായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ആ ചെറുപ്പക്കാരനെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഡോക്ടറോട് പറയുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല. ആ അച്ഛനേയും മകനേയും കുറിച്ച് ഞാന്‍ ഡോക്ടറോട് തിരക്കി.

ഡോക്ടര്‍ പറഞ്ഞു ‘എനിക്കും ഒരു അത്ഭുതമാണ് അയാള്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അമേരിക്കയില്‍ വളരെ വലിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഒരാള്‍. അച്ഛന് അസുഖമായതില്‍ പിന്നെ അയാള്‍ ജോലി ഉപേക്ഷിച്ച് ഇവിടെയാണ്. അച്ഛന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അയാളാണ്. അയാളുടെ മടങ്ങി വരവ് അച്ഛന്റെ അസുഖത്തെ പകുതി ഭേദമാക്കി. ഇക്കാലത്ത് ഇത്തരം ചെറുപ്പക്കാരെ കണ്ടുകിട്ടുക തന്നെ പ്രയാസമാണ്- ഞാന്‍ പറഞ്ഞു.

‘ഈ കഥയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ട്. യഥാര്‍ത്ഥത്തില്‍ നായകന്‍ ഈ ചെറുപ്പക്കാരന്‍ ആണെങ്കിലും ശക്തമായ മറ്റൊരു കഥാപാത്രം ഇതിനു പിന്നിലുണ്ട്. അത് അയാളുടെ ഭാര്യയാണ്. ഒരു പക്കാ അമേരിക്കന്‍ മലയാളി. ആ കുട്ടി ജനിച്ചതും വളര്‍ന്ന തും അവിടെ തന്നെയാണ്. ആ കുട്ടിയാണ് അയാള്‍ തിരിച്ചു വരാനും ഇവിടെ സ്ഥിര താമസമാക്കുവാനും കാരണം.’ ‘തികച്ചും അവിശ്വസനീയമായ കഥ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി ഈ നാട്ടുംപുറത്ത് ജീവിക്കുവാന്‍ തയ്യാറായി എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കുവാന്‍ കഴിയാത്ത കാര്യം.’ എന്റെ കണ്ണുകള്‍ വിടര്‍ന്നു.

‘പക്ഷെ സംഭവം സത്യമാണ്. അവര്‍ കുട്ടികളുടെ പഠനം ഇങ്ങോട്ടു മാറ്റി. രണ്ടുപേരും പൂര്‍ണ്ണമായും ഇവിടെയാണ്. ആ അച്ഛനും അമ്മയ്ക്കും ഇതില്‍ കൂടുതല്‍ എന്ത് ഭാഗ്യമാണ് വേണ്ടത്.’ ഡോക്ടര്‍ പുഞ്ചിരിച്ചു.

പുതിയ തലമുറ ശരിയല്ല എന്ന് പറയുന്നതിന് മുന്‍പ് നാം ഈ കഥകള്‍ കേള്‍ക്കുന്നുണ്ടോ? അവര്‍ക്ക് സ്‌നേഹമില്ല, അവര്‍ സ്വാര്‍ര്‍്ത്ഥത്തില്‍ കാര്യങ്ങള്‍ അങ്ങിനെ തന്നെയാണോ? വൃദ്ധസദനങ്ങള്‍ കൂടുന്നതിനെ നാം പുതിയ തലമുറയെ കുറ്റപ്പെടുത്തുകയാണ്. എന്റെ ചെറുപ്പക്കാലത്തും ഞാന്‍ കണ്ടിട്ടുണ്ട് ഭക്ഷണത്തിനായി കൈനീട്ടുന്ന, വഴിയരികില്‍ കിടന്നുറങ്ങുന്ന, അമ്പലപ്പറമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ. അന്നുമുണ്ടായിരുന്നു വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുന്നവര്‍.അന്ന് എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ജനസംഖ്യ കൂടിയപ്പോള്‍ എണ്ണം വര്‍ധിച്ചു. പ്രൈവറ്റ് ബസ്സുകളുടെ, ഹോട്ടലുകളുടെ, ആശുപത്രികളുടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, വിമാനങ്ങളുടെ ഒക്കെ എണ്ണം വര്‍ധിച്ചപോലെ വൃദ്ധസദനങ്ങളുടെ എണ്ണവും കൂടി. മനസാക്ഷിയില്ലാത്ത പുതുതലമുറയാണ് ഇതിനു കാരണം എന്ന് നമ്മള്‍ പറഞ്ഞു തുടങ്ങി.
നാം കണ്ട ചെറുപ്പക്കാരനെപ്പോലെ, അയാളുടെ ഭാര്യയെപ്പോലെ അനേകായിരങ്ങള്‍ ഇവിടെയുണ്ട്. അവരെ നാം കാണുന്നില്ല. തങ്ങളുടെ യൗവനം മാതാപിതാക്കളുടെ ക്ഷേമത്തിനായി ഉഴിഞ്ഞു വെച്ചവരെ കാണുവാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച പോര. തങ്ങളുടെ ഉടലിനോട് ചേര്‍ത്തു പിടിച്ച് അവര്‍ക്ക് ഭക്ഷണം ഊട്ടുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. തലമുറ പഴയതോ പുതിയതോ ആകട്ടെ സ്‌നേഹം ഹൃദയത്തിനകത്ത് ഇന്നുമുണ്ട്.

ഏതൊരു സമൂഹത്തിലും ഇതിനൊക്കെ അപവാദങ്ങളുമുണ്ട്. മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിയുന്നവര്‍, ആഹാരം പോലും നല്‍കാതെ പീഡിപ്പിക്കുന്നവര്‍, വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നവര്‍ ഇവര്‍ എല്ലായിടങ്ങളിലുമുണ്ട്. പക്ഷേ ഇത്തരം ആളുകള്‍ പുതിയ തലമുറയില്‍ പെട്ടവര്‍ മാത്രമല്ല പഴയ തലമുറയില്‍ പെട്ടവര്‍ കൂടിയുണ്ട്.

ഈ ലോകത്തിന്റെ മാറ്റത്തിന് കാരണക്കാര്‍ നമ്മളാണ്. നമ്മളാണ് വൈദ്യുതി കണ്ടുപിടിച്ചത്, നമ്മളാണ് കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്, നമ്മളാണ് മൊബീല്‍ ഫോണ്‍ കണ്ടുപിടിച്ചത്. നമ്മളാണ് അത് പുതിയ തലമുറക്ക് ഉപയോഗിക്കാന്‍ കൊടുത്തവര്‍. അവര്‍ അതില്‍ നിന്നും കൃത്രിമബുദ്ധി നിര്‍മിക്കും. റോബോട്ടുകളെ വികസിപ്പിക്കും. അതവര്‍ ചെയ്യുമ്പോള്‍ നമ്മളവരെ കുറ്റം പറയും. ഈ ലോകത്തെ മാറ്റിമറിച്ച് അവര്‍ക്ക് നല്‍കിയത് നമ്മള്‍ പഴയ തലമുറ തന്നെയാണ്.

ഞാന്‍ ഉറങ്ങിയിരുന്നത് എന്റെ അമ്മ പാടിയ താരാട്ട് കേട്ടിട്ടായിരുന്നു. എന്റെ മകള്‍ ഉറങ്ങിയിരുന്നത് മൊബീലിലെ പാട്ട് കേട്ടിട്ടായിരുന്നു. അതെങ്ങിനെ അവളുടെ കുറ്റമാകും. നിങ്ങളും ഞാനും പുതിയ തലമുറയുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. കാലം ഒഴുകുമ്പോള്‍ എല്ലാം മാറും. അതിന് പുതിയ തലമുറ മാത്രമല്ല ഉത്തരവാദികള്‍.

Categories: FK Special, Slider