ഫോക്‌സ്‌വാഗണ്‍ ടി-റോക് മാര്‍ച്ച് 18 ന് എത്തും

ഫോക്‌സ്‌വാഗണ്‍ ടി-റോക് മാര്‍ച്ച് 18 ന് എത്തും

ഈയിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ കോംപാക്റ്റ് എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു

ന്യൂഡെല്‍ഹി: ഫോക്‌സ്‌വാഗണ്‍ ടി-റോക് അടുത്ത മാസം 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈയിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ കോംപാക്റ്റ് എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടരുകയാണ്. പൂര്‍ണമായി നിര്‍മിച്ചശേഷം ടി-റോക് എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഒരു വേരിയന്റില്‍ മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഏകദേശം 4.2 മീറ്റര്‍ നീളം വരുന്ന ടി-റോക് എസ്‌യുവിയുടെ സ്ഥാനം ഇന്ത്യയില്‍ ടിഗ്വാന്‍, ടൈഗണ്‍ മോഡലുകളുടെ ഇടയിലായിരിക്കും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഫോക്‌സ്‌വാഗണ്‍ ടി-റോക് ലഭിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ‘വിയന്ന’ തുകല്‍ സീറ്റുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് കാമറ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ടി-റോക് നിര്‍മിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക് എസ്‌യുവി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ 7 സ്പീഡ് ഡിസിടി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കില്ല. 4 വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. ഹ്യുണ്ടായ് ക്രെറ്റ, ജീപ്പ് കോംപസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയാണ് എതിരാളികള്‍. 18-19 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

Comments

comments

Categories: Auto