സ്‌കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയ

സ്‌കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയ

മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്ന് എഴുപത് ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയ പുറത്തിറക്കി

പ്രാഗ്: എഴുപത് ലക്ഷമെന്ന എണ്ണം തികച്ച സ്‌കോഡ ഒക്ടാവിയ ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്ന് പുറത്തിറക്കി. 1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

2019 നവംബറില്‍ പ്രാഗില്‍ നാലാം തലമുറ സ്‌കോഡ ഒക്ടാവിയ ആഗോള അരങ്ങേറ്റം നടത്തി. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യവും കൂടുതല്‍ സുരക്ഷാ, കണക്റ്റിവിറ്റി ഫീച്ചറുകളും ലഭിച്ച മോഡലാണ് നാലാം തലമുറ ഒക്ടാവിയ. ബൂട്ട് ശേഷിയും കൂടുതലാണ്. സ്‌കോഡയുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് പുതിയ ഒക്ടാവിയ അണിയിച്ചൊരുക്കിയത്. കാറിനകത്തെ വസ്തുക്കള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.

സ്‌കോഡ എന്ന ബ്രാന്‍ഡിന്റെ ഹൃദയമാണ് ഒക്ടാവിയ എന്ന് സ്‌കോഡ ഓട്ടോ ബോര്‍ഡ് അംഗം (പ്രൊഡക്ഷന്‍ & ലോജിസ്റ്റിക്‌സ്) മൈക്കല്‍ ഓയെല്‍ജെക്ലോസ് പറഞ്ഞു. 1990 കളുടെ പകുതി മുതല്‍ വിജയകുതിപ്പ് തുടരുകയാണ് സ്‌കോഡ ഒക്ടാവിയ. ആഗോള കാര്‍ നിര്‍മാതാക്കള്‍ എന്ന മേല്‍വിലാസത്തിലേക്ക് ചുവടുമാറ്റുന്നതില്‍ ഒക്ടാവിയ എന്ന മോഡല്‍ വലിയ സംഭാവന നല്‍കിയതായി അദ്ദേഹം പ്രസ്താവിച്ചു. 2019 ല്‍ മാത്രം 3,63,700 യൂണിറ്റ് ഒക്ടാവിയ ആണ് ആഗോളതലത്തില്‍ ഡെലിവറി ചെയ്തത്.

Comments

comments

Categories: Auto