നോക്കെത്തുന്ന ദൂരത്ത് ഒരു കണ്ണ് നല്ലതാണ്

നോക്കെത്തുന്ന ദൂരത്ത് ഒരു കണ്ണ് നല്ലതാണ്

സമരനായകത്വം വഹിച്ചവര്‍ക്ക് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിയ്ക്കില്ല. അധികാരം നുണയാന്‍ എത്തുന്നവര്‍ക്ക് അത് പെട്ടെന്ന് കിക്ക് ആവും. പിന്നെ ബോധം ഉണ്ടാവില്ല. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുവാന്‍ നല്ല ബോധനിലവാരം വേണം

‘ചതുര്‍ഗേഹം ച മേ സ്വാമിന്‍
ദ്യുതാം മദ്യാം സ്വര്‍ണ്ണകാം സ്ത്രീ ഹസ്യം…’

നാല് വീടുകള്‍. ഒന്ന് ചൂതുകളിസ്ഥലം. രണ്ടില്‍ നിറയെ വിവിധതരം മദ്യങ്ങള്‍. മൂന്നാമത്തേതില്‍ ഇഷ്ടം പോലെ ധനം, നാലില്‍ ചിരിച്ചുല്ലസിയ്ക്കുന്ന യൗവനയുക്തകളായ സ്ത്രീകള്‍’

ഭവിഷ്യല്‍ പുരാണം

തൊണ്ണൂറുകള്‍ അവസാനിച്ച് ലോകം പുതുസഹസ്രാബ്ദത്തിലേയ്ക്ക് കാലെടുത്തുവച്ച കാലം. അന്ന് ദുബായിലെ അസംഖ്യം എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കാരന്‍ ആയി വര്‍ത്തിയ്ക്കുന്ന കാലത്താണ് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ ജനപ്രിയമായി ലോകം നിറഞ്ഞത്. പൊതുവില്‍ ബാങ്കിംഗ് / എടിഎം സൗകര്യം അത്ര ശക്തമല്ലാത്ത രാജ്യങ്ങളില്‍ ആണ് വെസ്റ്റേണ്‍ യൂണിയന്‍ മുഖേന തത്സമയം പണം കിട്ടുന്ന അത്ഭുതവിദ്യയാല്‍ ജനങ്ങളെ മയക്കിയത്. യൂറേഷ്യന്‍ രാജ്യങ്ങളില്‍ പലതിലും ജനകീയ ബാങ്കിംഗ് വികസിച്ചിരുന്നില്ല അന്ന്. എന്നാല്‍ ഇന്റര്‍നെറ്റ് ഒരുവിധം വ്യാപകമായി വന്നിരുന്നു. ആയതിനാല്‍ വിദൂരതയില്‍ ഇരുന്ന് പണം കൈമാറാന്‍ ഏറ്റവും നല്ല ഉപാധിയായി അത്തരം ഇടങ്ങളില്‍ വെസ്റ്റേണ്‍ യൂണിയന്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു.

വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍ ആണ് വെസ്റ്റേണ്‍ യൂണിയന്‍ മുഖേന പണമയക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത്. അധികവും ഉറക്കം ബാക്കിനില്‍ക്കുന്നതെങ്കിലും പ്രകാശം സ്ഫുരിക്കുന്ന കരിനീലക്കണ്ണുകളുള്ള റഷ്യന്‍ യുവതികള്‍. മിക്കവര്‍ക്കും ഇംഗ്ലീഷ് എഴുതുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഫോറം പൂരിപ്പിക്കുവാന്‍ പരസഹായം വേണം. പാസ്‌പോര്‍ട്ട് കോപ്പി കയ്യിലുണ്ടാവും. നല്ല ഉയരവും ആകര്‍ഷകമായ മുഖകാന്തിയുമുള്ള ഈ കുട്ടികള്‍ വരിവരിയായി നിന്ന് ഫോറം പൂരിപ്പിച്ച് വാങ്ങും. അതിനിടയിലാണ് പാസ്സ്‌പോര്‍ട് നോക്കി ഒരാളുടെ പേരെഴുതുമ്പോള്‍ പെട്ടെന്ന് ഞെട്ടിപ്പോയത്. സര്‍നെയിം റഷ്യന്‍ ശൈലിയില്‍ ഉള്ളതാണെങ്കിലും ഒന്നാം പേര് ഇന്ദിര! എങ്ങനെയാണ് ഒരു ഇന്ത്യന്‍ പേര് ലഭിച്ചതെന്ന് ആ കുട്ടിയോട് അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘നിങ്ങളുടെ പ്രധാനമന്ത്രി പണ്ടൊരിക്കല്‍ എന്റെ ഗ്രാമം സന്ദര്‍ശിച്ചു. ആ ദിവസമാണ് ഞാന്‍ ജനിച്ചത്. ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി എന്റെ അമ്മ എനിയ്ക്ക് നല്‍കിയ പേരാണിത്’.

സോവിയറ്റാനന്തര വിഘടിത രാജ്യങ്ങളില്‍ നിന്നുള്ള ഈ യുവതികള്‍ എത്തിയത് ദീര്‍ഘകാല ജോലിയ്ക്കായി എത്തുന്ന മലയാളികളെപ്പോലെയോ രാജ്യം കാണാന്‍ എത്തുന്ന ഉല്ലാസയാത്രക്കാരെയോ പോലെയല്ല. ഏജന്റിന് വന്‍തുക നല്‍കിയാലാണ് തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ കിട്ടുന്നത്. മാസത്തില്‍ നാലഞ്ച് ദിവസം തൊഴില്‍രഹിത ആയി ഇരിക്കേണ്ടിവരും. മൂന്ന് മാസത്തിനിടയില്‍ ശരാശരി എഴുപത്തിയഞ്ച് ദിവസമാണ് പ്രവര്‍ത്തിദിവസമായി കിട്ടുക. ഒരു ദിവസം ആറ് മുതല്‍ പത്ത് വരെ ക്ലയന്റ് മീറ്റിംഗ്. ഉച്ചഭക്ഷണം കഴിഞ്ഞ് കൊടുംചൂടില്‍ നഗരം പൂച്ചമയക്കം പ്രാപിക്കുമ്പോഴും ഒന്നോ രണ്ടോ കക്ഷിസന്ദര്‍ശനങ്ങള്‍ ഉണ്ടാവും. അതുകഴിഞ്ഞാണ് തലേ രാത്രിയിലേയും അന്നത്തേയും സമ്പാദ്യം വീട്ടിലേയ്ക്ക് അയക്കാന്‍ എക്‌സ്‌ചേഞ്ചില്‍ വരുന്നത്. പിന്നീട് സന്ധ്യയോടെ ഷോപ്പിംഗ് മാളുകളുടെ വരാന്തകളില്‍ ഒരു ഷോകേസിംഗ്. അവിടെനിന്ന് ചിലപ്പോള്‍ വലിയ കക്ഷികളെ കിട്ടും. ഇല്ലെങ്കില്‍ നൈറ്റ്ക്ലബ്ബുകള്‍ തോറും കയറിയിറങ്ങണം. എങ്കിലേ ആവശ്യത്തിന് തൊഴില്‍ കിട്ടൂ.

സോവിയറ്റ് കാലഘട്ടത്തില്‍ വിലനിലവാരം നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ ആയിരുന്നു. പെരിസ്‌ട്രോയ്ക്ക എന്ന രാഷ്ട്രീയ സാമ്പത്തിക പുനഃസംഘടനയോടെ, സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെട്ടു. വിപണിയിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിച്ചു. അതോടെ മുന്‍ സോവ്യറ്റ് രാജ്യങ്ങളില്‍ ആകമാനം ആദ്യമായി വിലക്കയറ്റം എന്തെന്ന് അറിഞ്ഞു. കൂടാതെ നിയന്ത്രിക്കാനാവാത്ത പണപ്പെരുപ്പവും. 1991നും 1998 നും ഇടയില്‍ വിഘടിതരാജ്യങ്ങളില്‍ ഏറ്റവും പ്രബലമായിരുന്ന റഷ്യയില്‍ ദേശീയോല്‍പാദനം 40 ശതമാനത്തിലധികം ചുരുങ്ങി. 1998ല്‍ അത് ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് റഷ്യയെ നയിച്ചു. രാജ്യാന്തരകടങ്ങള്‍ തിരിച്ചടയ്ക്കുന്നതില്‍ റഷ്യ വീഴ്ച വരുത്തി. കയറ്റുമതി വരുമാനത്തിന് അധികം ആഭ്യന്തര കറന്‍സി ലഭിയ്ക്കുവാനായി റൂബിളിന്റെ മൂല്യം കുറച്ചു. എന്നാല്‍ അതനുസരിച്ച് ഇറക്കുമതിച്ചെലവ് കൂടി. 1992ല്‍ ഒരു ഡോളറിന് 144 റൂബിള്‍ ആയിരുന്നത് 1996 അവസാനമായപ്പോഴേയ്ക്കും 6100 റൂബിളായി. അക്കാലങ്ങളില്‍ ഒരു വര്‍ഷം ശരാശരി 250% ആയിരുന്നു റഷ്യയിലെ പണപ്പെരുപ്പം. 1990ല്‍ 20 കൊപേക് (റൂബിളിന്റെ നൂറില്‍ ഒന്നാണ് കൊപേക്, നമ്മുടെ പൈസ പോലെ) കൊടുത്താല്‍ കിട്ടുമായിരുന്ന ഒരു പൊതി റൊട്ടിയ്ക്ക് 1993 ആയപ്പോഴേയ്ക്കും 136 റൂബിള്‍ ആയി വര്‍ദ്ധിച്ചു. തവിട്ട് റൊട്ടിയാണ് റഷ്യക്കാരുടെ പ്രധാന ഭക്ഷണം. ഏറ്റവുമധികം പ്രകൃതിവിഭവവും വിദ്യാസമ്പന്നമായ മനുഷ്യവിഭവശേഷിയുമുള്ള റഷ്യയിലെ ജനത ഒരു കഷ്ണം റൊട്ടിയ്ക്കുള്ള റൂബിള്‍ കണ്ടെത്താനാവാതെ വലഞ്ഞു. 1998ലെ സാമ്പത്തിക തകര്‍ച്ചയോടെ ഒരുകാലത്ത് സമൃദ്ധിയുടെ കൊടുമുടിയില്‍ വിരാജിച്ച ശരാശരി റഷ്യക്കാരന് പട്ടിണി മാത്രമായി സമ്പാദ്യം. പാട്രിക് ലുമുംബ യൂണിവേഴ്‌സിറ്റി വഴി ലോകത്തിന് വിദ്യാഭ്യാസം പകര്‍ന്ന റഷ്യയിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ ഡ്രോപ്പ് ഔട്ടുകള്‍ ആയി. അവര്‍ ഏറ്റവും പുരാതനമായ തൊഴിലില്‍ ഏര്‍പ്പെടുവാന്‍ ദുബായിലേക്ക് ഒരു സന്ദര്‍ശനവിസ കിട്ടുവാന്‍ ഏജന്റിനെ കാത്തിരുന്നു. ഒന്നും നിയമവിധേയമല്ലെങ്കിലും ചൂതാട്ടത്തിലും സ്വര്‍ണ്ണക്കടത്തിലും മദ്യവ്യാപാരത്തിലും തരളഗാത്രവിപണനത്തിലും മുന്നിട്ട് നില്കുന്നു ആ സ്വപ്നനഗരം.

താരതമ്യേന ശക്തമായിരുന്ന റഷ്യയുടെ അവസ്ഥ ഇതായിയെങ്കില്‍, ദുര്‍ബലരാജ്യങ്ങള്‍ ആയി മാറിയ മറ്റ് സോവിയറ്റ് വിഘടിത രാജ്യങ്ങളുടെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉല്‍പ്പാദനം കുറയുക, ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതാവുക, ആഭ്യന്തര കറന്‍സിയ്ക്ക് വില കുറയുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കമ്പോള വിലവര്‍ദ്ധിക്കുകയും ഉല്‍പ്പാദകന് കിട്ടുന്ന വില കുറയുകയും ചെയ്ത് അവയുടെ ലഭ്യത കുറയുക, ഭക്ഷ്യവിലക്കയറ്റം 100 ശതമാനം ആവുക എന്നതെല്ലാമാണ് ഹൈപ്പര്‍ഇന്‍ഫ്‌ളേഷന്‍ എന്ന അവസ്ഥ വരുത്തുന്നത്.

പൊതുസാമൂഹ്യനിലപാടുകള്‍ ഇല്ലാത്ത ഭരണാധികാരികളുടെ അശാസ്ത്രീയമായ സാമ്പത്തിക നയങ്ങള്‍ കാരണം ഇതുപോലെ വിലക്കയറ്റത്താല്‍ ജീവിതം ദുസ്സഹമായ നിരവധി രാജ്യങ്ങള്‍ ഉണ്ട്, ലോകത്ത്. അവയുടെ ഒരു പൊതുസ്വഭാവം നോക്കിയാല്‍, അവിടെയെല്ലാം രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രവഴിയാത്രയില്‍ ഒരു ഉപോല്‍പ്പന്നമായി ജനിച്ച് കൂടെക്കൂട്ടിയ അധികാരകേന്ദ്രങ്ങള്‍ക്ക് പകരംവയ്പുകള്‍ നടന്നിട്ടുണ്ട് എന്ന് കാണാം. അത്തരം സബ്സ്റ്റിട്യൂഷനുകള്‍ മിക്കപ്പോഴും രാജ്യത്തിന്റെ തനതായ രാഷ്ട്രീയപുരാവൃത്തങ്ങളുടെ അസ്വസ്ഥമായ ഭൂതകാലത്തെക്കുറിച്ച് അജ്ഞതയുള്ളവരോ അങ്ങനെ അജ്ഞത ഭാവിക്കുന്നവരോ അവയെ നിരാകരിക്കുന്നവരോ ആയിരിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വെനിസ്വെല. 1983 മുതല്‍ അനുഭവപ്പെട്ട തുടര്‍ച്ചയായ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടിയ ഭരണാധികാരിയായിരുന്നു 1999ല്‍ ഭരണാധികാരമേറ്റ ഹ്യൂഗോ ഷാവേസ്. 2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് തന്നെ പൂജ്യത്തിന് താഴെ നെഗറ്റിവ് ആക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അധികാരമേറ്റ നിക്കോളാസ് മഡുറോയ്ക്ക് സാമ്പത്തികക്ഷേമം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പാതാളത്തിലേക്ക് തള്ളിയിട്ട് അങ്ങേയറ്റം മനുഷ്യത്വരഹിത അവസ്ഥയിലേയ്ക്ക് രാജ്യത്തെ വലിച്ചിഴച്ച ഭരണാധികാരിയായിട്ടാണ് മഡുറോ ഇന്ന് ലോകമാദ്ധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെ ആയുധങ്ങള്‍ കൊണ്ട് നേരിട്ടും പ്രതിപക്ഷത്തെ തടങ്കലിലാക്കിയും നാടുകടത്തിയും ആണ് അദ്ദേഹം ഭരണം നിലനിര്‍ത്തുന്നത് എന്നത് സുവിദിതമാണ്. ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച സമരങ്ങളെ അദ്ദേഹം തോക്കുകള്‍ കൊണ്ടാണ് നേരിട്ടത്. എന്നിട്ടും 2015ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എംയുഡി ദേശീയ സഭയില്‍ മഹാഭൂരിപക്ഷം നേടി. എന്നാല്‍ സുപ്രീം കോടതിയുടെ ആശീര്‍വാദത്താലും ജനകീയസഭയിലെ ഭൂരിപക്ഷമുപയോഗിച്ചും പട്ടാളത്തിന്റെ സഹായത്താലും മഡുറോയ്ക്ക് അധികാരം നിലനിര്‍ത്തിക്കൊണ്ടുപോവാനാവുന്നു. ഹ്യൂഗോ ഷാവേസും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടി മഡുറോയും ഒരേ രാഷ്ട്രീയപാരമ്പര്യത്തിന്റെ വക്താക്കള്‍ ആയിരുന്നുവെങ്കിലും മഡുറോ അധികാരത്തിന്റെ പ്രകാശതലം മാത്രമേ പരിചയപ്പെട്ടിരുന്നുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ പരാജയകാരണം. വിപ്ലാവസമരനായകനും പട്ടാളക്കാരനുമായിരുന്ന ഹ്യൂഗോയുടെ ദീര്‍ഘവീക്ഷണചാതുര്യം ബസ്‌ഡ്രൈവര്‍ ആയിരുന്ന മഡുറോയ്ക്ക് ഉണ്ടായില്ല. അദ്ദേഹത്തിന് മുന്നിലുള്ള ഹ്രസ്വറോഡ് മാത്രം കാണുവാനേ കഴിഞ്ഞുള്ളൂ. സമരനായകത്വം വഹിച്ചവര്‍ക്ക് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിയ്ക്കില്ല. അധികാരം നുണയാന്‍ എത്തുന്നവര്‍ക്ക് അത് പെട്ടെന്ന് കിക്ക് ആവും. പിന്നെ ബോധം ഉണ്ടാവില്ല. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുവാന്‍ നല്ല ബോധനിലവാരം വേണം.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായിരുന്ന അര്‍ജന്റീനയില്‍ 1916 മുതല്‍ നിലനിന്നിരുന്ന വിപ്ലവസോഷ്യലിസ്റ്റ്‌തൊഴിലാളി ഭരണത്തിന് പകരം 2015 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി യാഥാസ്ഥിക കക്ഷി വിജയിച്ചു. നാല് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ 2019 സെപ്റ്റംബറില്‍ അവിടെ നിന്ന് വന്ന ഒരു വാര്‍ത്തയുണ്ട്. ഗര്‍ഭനിരോധനഉറ വാങ്ങാന്‍ പോലും പണമില്ലാതെ ദമ്പതികള്‍ കിടപ്പറസൗഖ്യങ്ങള്‍ ത്യജിക്കുന്നതായി. ‘പെസോയുടെ വിലത്തകര്‍ച്ച എന്നെ കൊല്ലുന്നു’ എന്ന് പ്രമുഖനടന്‍ ഗ്വില്ലെര്‍മോ അക്ക്വിനോ പറയുന്ന വീഡിയോ വൈറല്‍ ആയപ്പോള്‍ അതില്‍ ഒരു യുവാവ് തന്റെ കാമുകിയെ ടാഗ് ചെയ്ത് ഒരു സന്ദേശമെഴുതി: ‘ഈ വര്‍ഷം ഉപയോഗിക്കുവാന്‍ ഇനിയെന്റെ കൈയില്‍ ഒരു ഉറ മാത്രമേയുള്ളൂ’. കിടപ്പറകള്‍ തകര്‍ക്കപെടുന്നത് വലിയ ദൗര്‍ഭാഗ്യമാണ്. കാസിനോകളുടെയും ചൂതാട്ടത്തിന്റെയും കൂടി നാടായി മാറി അര്‍ജെന്റിന നാല് വര്‍ഷം കൊണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിച്ചു ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കുന്ന മുന്നണി. മധുശാലകളും ഗോപീപീനപയോധരമര്‍ദ്ദന ചഞ്ചലാകാരങ്ങള്‍ക്കും പൂട്ടിടുമോ ആല്‍ബര്‍ട്ടോ എന്നറിയില്ല.

കലിയുഗാരംഭത്തില്‍ പ്രത്യക്ഷപ്പെട്ട കലി ദ്വാപരകൃഷ്ണനോട് പറയുന്നതായി ഭവിഷ്യല്‍ പുരാണത്തിലുള്ള ഭാഗമാണ് ആദ്യം ഉദ്ധരിച്ചത്. ചൂതുകളിക്കളവും സ്വര്‍ണക്കൂമ്പാരങ്ങളും മധുചഷകങ്ങളും മദിരാക്ഷികളും നിറഞ്ഞ തങ്ങളുടെ ചതുര്‍ഗേഹം അഗ്‌നിവംശത്തിലെ ക്ഷത്രിയര്‍ തകര്‍ത്തുകളഞ്ഞു, അതുപോലൊന്ന് പണിതുനല്‍കണം എന്നാണ് കലികാലമൂര്‍ത്തി പറയുന്നത്. കലികാലമാണ്. ദുഷ്ടന്മാരെ ദൈവം പനപോലെ വളര്‍ത്തും. നമ്മുടെ തൊട്ടടുത്ത്, നോക്കെത്തുന്ന ദൂരത്ത് ഒരു കണ്ണ് നല്ലതാണ്.

Categories: FK Special, Slider