വസ്ത്ര കയറ്റുമതി കൂടുതല്‍ വിപണി സ്വന്തമാക്കും: എഇപിസി

വസ്ത്ര കയറ്റുമതി കൂടുതല്‍ വിപണി സ്വന്തമാക്കും: എഇപിസി

ആഗോള മേളകളില്‍ കൂടുതലായി പങ്കെടുക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ നേരിയ വര്‍ധനവാണ് കാണിച്ചതെങ്കിലും സര്‍ക്കാരിന്റെ ഉത്സാഹത്തോടെയുള്ള പിന്തുണ കാരണം വസ്ത്ര കയറ്റുമതിക്കാര്‍ക്ക് സമീപ ഭാവിയില്‍ വലിയ വിപണി വിഹിതം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എഇപിസി) പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ 42-ാം സ്ഥാപക ദിനത്തില്‍ ശനിയാഴ്ച സംസാരിക്കവെയാണ് എഇപിസി ചെയര്‍മാന്‍ എ.ശക്തിവേല്‍ ഈ പ്രതീക്ഷ പങ്കുവെച്ചത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി അടുത്തിടെ നടത്തിയ ആശയവിനിമയത്തില്‍ വസ്ത്ര കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും വസ്ത്ര കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എഇപിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്യൂരിഫൈഡ് ടെറാഫ്തലിക് ആസിഡ് അഥവാ പിടിഎയുടെ ആന്റി ഡംപിംഗ് തീരുവ നീക്കം ചെയ്ത് സര്‍ക്കാര്‍ രാജ്യത്ത് മനുഷ്യനിര്‍മിത ഫൈബര്‍ ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മെഗാ എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ കൗണ്‍സില്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ശക്തിവേല്‍ പറഞ്ഞു.

ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഇപിസിക്ക് ഇന്ന് രാജ്യവ്യാപകമായി 12 ഓഫീസുകളും 8,000 അംഗങ്ങളുമുണ്ട്. ടെക്‌സ്റ്റൈല്‍ മേഖലയിലെ മിക്കവാറും സ്ഥാപനങ്ങളും സംഘടനയില്‍ ഉള്‍പ്പെടുന്നു. ടോക്കിയോയിലെ ഇന്ത്യ ടെക്‌സ് ട്രെന്‍ഡ് ഫെയര്‍, പ്യുവര്‍ ലണ്ടന്‍, ലാസ് വെഗാസിലെ മാജിക് ഫെയര്‍, കാനഡയിലെ അപ്പാരല്‍ ടെക്‌സ്‌റ്റൈല്‍ സോഴ്‌സിംഗ്, ഓസ്‌ട്രേലിയ ഇന്റര്‍നാഷണല്‍ സോഴ്‌സിംഗ് മേള എന്നിവയിലെല്ലാം തങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

കാര്‍ഷിക മേഖലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് വസ്ത്രമേഖല, 12.90 ദശലക്ഷം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു, അതില്‍ 65-70 ശതമാനം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News