‘പ്യൂമയുടെ ആഗോള വളര്‍ച്ചയ്ക്ക് ഇന്ത്യ നിര്‍ണായക ശക്തി’

‘പ്യൂമയുടെ ആഗോള വളര്‍ച്ചയ്ക്ക് ഇന്ത്യ നിര്‍ണായക ശക്തി’
  •  2019 കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വര്‍ഷം
  • ഏഷ്യ പസഫിക് മേഖലയില്‍ 26 % വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് സ്‌പോര്‍ട്‌സിനോടും ശാരീരിക ക്ഷമതയോടും താല്‍പ്പര്യം കൂടുന്നത് പ്യൂമയുടെ ആഗോള വളര്‍ച്ചയ്ക്ക് സഹായകമാകുന്നതായി കമ്പനി സിഇഒ ജോണ്‍ ഗില്‍ഡന്‍ പറഞ്ഞു. ഇന്ത്യയില്‍ സുസ്ഥിര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ ബ്രാന്‍ഡിനായി. പ്യൂമയുടെ തന്ത്രപരമായ വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. ആഗോളതലത്തിലെ മികച്ച സാന്നിധ്യം പ്രാദേശിക തലത്തില്‍ പ്രാവര്‍ത്തികമാക്കാനായത് കമ്പനിക്ക് നേട്ടമുണ്ടാക്കിയെന്നും ഗില്‍ഡന്‍ ചൂണ്ടിക്കാട്ടി. പ്യൂമയുടെ ഇന്ത്യ യൂണിറ്റ് കഴിഞ്ഞ വര്‍ഷം 1413 കോടി രൂപയുടെ വരുമാനം നേടിയതായി കമ്പനി അറിയിച്ചു.

ജര്‍മന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ നിര്‍മാതാക്കളായ പ്യൂമ കഴിഞ്ഞ ദിവസം പുറത്തുവിട്ട വരുമാന കണക്കുകളില്‍, ഏഷ്യ പസഫിക് മേഖലയില്‍ കമ്പനിക്ക് മികച്ച നേട്ടമുണ്ടാക്കാനായതായി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 26 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ വരുമാനം 1556 മില്യണ്‍ യൂറോ ആയതായി പ്യൂമ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വില്‍പ്പനയാണ് ഏഷ്യ പസഫിക് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. നൈക്ക്, റീബക്ക് തുടങ്ങിയ ബ്രാന്‍ഡുകളുമായി വിപണിയില്‍ മത്സരിക്കുന്ന പ്യൂമ സ്ത്രീകളുടെ സ്‌പോര്‍ട്‌സ്‌വെയര്‍ വിഭാഗത്തില്‍ 28 ശതമാനം വില്‍പ്പന നേടി. മുന്‍വര്‍ഷത്തില്‍ ഇത് 24 ശതമാനമായിരുന്നു. സ്ത്രീകളുടെ വിഭാഗത്തില്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് അതിവേഗ വളര്‍ച്ച കാണിക്കുന്നതെന്ന് പ്യൂമ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ഗാംഗുലി പറഞ്ഞു. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകളില്‍ സമാനഗതിയിലുള്ള വളര്‍ച്ച ദൃശ്യമായി. സ്‌പോര്‍ട്‌സ് രംഗത്തേക്കുള്ള സ്ത്രീകളുടെ പങ്കാളിത്തം കൂടിവരുന്നു. ഉപഭോക്താക്കളേറെയും യുവതലമുറയിവല്‍ നിന്നുള്ളവരാണെന്നതു മാത്രമല്ല, സ്‌പോര്‍ട്‌സ്‌വെയര്‍ ഇന്ന് ഒരു ജീവിതശൈലിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സ്വന്തമായി 365 സ്റ്റോറുകളുള്ള പ്യൂമ, കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ബോക്‌സര്‍ മേരി കോം, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ബോളിവുഡ് താരം സാറ അലി ഖാന്‍ എന്നിവരെയാണ് പരസ്യ പ്രചരണങ്ങള്‍ക്കായി രംഗത്തിറക്കിയിരിക്കുന്നത്. പ്യൂമയുടെ ചരിത്രത്തില്‍ ആദ്യമായി മികച്ച നേട്ടം കൊയ്ത വര്‍ഷമാണ് 2019 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News