ഇന്ത്യക്കാര്‍ വലുപ്പം കാണിക്കുന്നു: പവന്‍ ഗോയങ്ക

ഇന്ത്യക്കാര്‍ വലുപ്പം കാണിക്കുന്നു: പവന്‍ ഗോയങ്ക

ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ വലിയ കാര്‍ ഉപയോഗിക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍

മുംബൈ: ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ വളരെ വലിയ കാര്‍ ഉപയോഗിക്കുന്നതായി പവന്‍ ഗോയങ്ക. ടാറ്റ നാനോയുടെ നിര്‍ഭാഗ്യത്തിന് കാരണം ഇതാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ ചൂണ്ടിക്കാട്ടി. ഓട്ടോമൊബീല്‍ വ്യവസായം മലിനീകരണത്തിന് ആക്കം കൂട്ടുന്നുവെന്നും മലിനീകരണം കുറയ്ക്കുന്നതിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പഠിച്ച കാണ്‍പൂര്‍ ഐഐടിയില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പവന്‍ ഗോയങ്ക.

ഒരു കാര്‍ സ്വന്തമാക്കുന്നത് ജീവിതശൈലീ ആവശ്യകതയായി കാണുന്ന രാജ്യത്ത് ടാറ്റ നാനോ പോലൊരു കാര്‍ ഇറക്കിയതാണ് പരാജയത്തിന് കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. 624 സിസി എന്‍ജിനുമായി ഒരു ലക്ഷം രൂപയില്‍ വിപണിയിലെത്തിയ ടാറ്റ നാനോ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് പവന്‍ ഗോയങ്ക പറഞ്ഞു.

65-70 കിലോഗ്രാം ഭാരമുള്ള ഇന്ത്യക്കാരന്‍ തനിയെ യാത്ര ചെയ്യുന്നതിന് 1,500 കിലോഗ്രാം ഭാരം വരുന്ന കാറാണ് ഉപയോഗിക്കുന്നതെന്ന് പവന്‍ ഗോയങ്ക പറഞ്ഞു. ഒരാള്‍ക്ക് സഞ്ചരിക്കുന്നതിന് കൂടുതല്‍ അനുയോജ്യമായ ‘വ്യക്തിപരമായ’ ഗതാഗത സംവിധാനം ഉണ്ടാകണം. മഹീന്ദ്ര ഒരു ചെറിയ കാര്‍ പുറത്തിറക്കിയതായും ഉടനെ വിപണിയിലെത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

നിലവില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനവും പിഎം 2.5 സൂക്ഷ്മ പൊടിപടലങ്ങളുടെ അഞ്ചിലൊന്നും വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്നതാണെന്നും ഇതിന്റെ ആഘാതം കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവര സാങ്കേതികവിദ്യാ രംഗത്തെ മുന്‍തൂക്കം കാരണം കണക്റ്റഡ് കാര്‍ മേഖലയില്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പവന്‍ ഗോയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments

comments

Categories: Auto