വണ്‍പ്ലസ് 8 ശ്രേണിയുടെ അവതരണം ഓഫ്‌ലൈനിലും നടക്കും

വണ്‍പ്ലസ് 8 ശ്രേണിയുടെ അവതരണം ഓഫ്‌ലൈനിലും നടക്കും

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഫഌഗ്ഷിപ്പ് സീരീസിന്റെ അവതരണം ഓണ്‍ലൈനില്‍ മാത്രമായി ചുരുക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വണ്‍പ്ലസ് നിഷേധിച്ചു. പതിവു പോലെ ലോഞ്ചിംഗ് ചടങ്ങ് ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഒരു ഓണ്‍ലൈന്‍ ലൈവ്‌സ്ട്രീം ഇവന്റിലൂടെ മാത്രം വണ്‍പ്ലസ് 8 സീരീസ് അനാവരണം ചെയ്യാനാണ് പദ്ധതിയെന്ന് വണ്‍പ്ലസ് സിഇഒ പീറ്റ് ലോചൈനീസ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം വെയ്‌ബോയില്‍ പറഞ്ഞതായാണ് വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഓഫ്‌ലൈന്‍ ലോഞ്ച് ഇവന്റ് റദ്ദാക്കിയിട്ടില്ലെന്നും ആഗോളതലത്തില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇവന്റുകള്‍ ഒരു പോലെ സംഘടിപ്പിക്കുന്ന ചരിത്രമാണ് വണ്‍പ്ലസിന് ഉള്ളതെന്നും കമ്പനി വക്താവ് പറഞ്ഞു. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ച്ച് അവസാനമോ ഏപ്രിലിലോ നടക്കുന്ന ചടങ്ങിലൂടെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഈ മോഡലുകളുടെ സവേശേഷതകള്‍ വിവരിക്കുന്ന ഏതാനും ചിത്രങ്ങള്‍ ലീക്ക് ചെയ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടക്കേണ്ട മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസ് നേരത്തേ റദ്ധാക്കിയിരുന്നു.

Comments

comments

Categories: Tech
Tags: One plus 8