ഇന്‍ഡസ് ടവേര്‍സ് ലയനത്തിനുള്ള സമയപരിധി ഭാരതി ഇന്‍ഫ്രാടെല്‍ നീട്ടി

ഇന്‍ഡസ് ടവേര്‍സ് ലയനത്തിനുള്ള സമയപരിധി ഭാരതി ഇന്‍ഫ്രാടെല്‍ നീട്ടി

ലയനത്തിന് മുമ്പ് എജിആര്‍ പ്രതിസന്ധിയുടെ ആഘാതം പരിശോധിക്കും

ന്യൂഡെല്‍ഹി: ഇന്‍ഡസ് ടവേര്‍സുമായുള്ള ലയനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി രണ്ട് മാസത്തേക്ക് കൂടി നീട്ടുന്നതിന് ഭാരതി ഇന്‍ഫ്രാടെല്‍ തീരുമാനിച്ചു. ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ (എജിആര്‍) വിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത് കമ്പനി, ഓഹരി ഉടമകള്‍, അതിന്റെ പ്രധാന ഉപഭോക്താക്കള്‍ എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലയന ഇടപാട് നടപ്പാക്കാനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 24 ലേക്കാണ് ലയനം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നിലവില്‍ നീട്ടിയിട്ടുള്ളത്.

‘ലയന പദ്ധതി പ്രാബല്യത്തില്‍ വരുന്നതിന് പാലിക്കേണ്ട വിവിധ നടപടികളും വ്യവസ്ഥകളും ഫെബ്രുവരി 24 ന് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതിനാല്‍, ഡയറക്റ്റര്‍ ബോര്‍ഡ് ഒരു കരാറിന് വിധേയമായി ഏപ്രില്‍ 24 വരെ സമയപരിധി നീട്ടി. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലയനം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ്, ഓരോ കക്ഷിക്കും പദ്ധതി അവസാനിപ്പിക്കാനും പിന്‍വലിയാനുമുള്ള അവകാശമുണ്ട്, ‘ഇന്‍ഫ്രാടെല്‍ തിങ്കളാഴ്ച ഓഹരി വിപണിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

യുകെ ആസ്ഥാനമായുള്ള വോഡഫോണ്‍ ഗ്രൂപ്പിന്റെയും വോഡഫോണ്‍ ഐഡിയയും ഭാരതി ഇന്‍ഫ്രാടെലിന്റെയും സംയുക്ത സംരംഭമാണ് ഇന്‍ഡസ് ടവേഴ്‌സ്. ഭാരതി ഇന്‍ഫ്രാടെലിനും വോഡഫോണിനും 42 ശതമാനം ഓഹരി വിഹിതമുണ്ട്. വോഡഫോണ്‍ ഐഡിയയ്ക്ക് 11.15 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 4.85 ശതമാനം സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പ്രൊവിഡന്‍സിന്റെ കൈവശമാണ്. ഭാരതി ഇന്‍ഫ്രാടെലില്‍ എയര്‍ടെലിനാണ് ഭൂരിപക്ഷ ഓഹരി. കഴിഞ്ഞയാഴ്ചയാണ് ലയന പദ്ധതിക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ അനുമതി ടെലികോം വകുപ്പ് നല്‍കിയത്.

ലയന പദ്ധതി അനുസരിച്ച്, ഭാരതി ഇന്‍ഫ്രാടെലിന്റെയും ഇന്‍ഡസ് ടവേര്‍സിന്റെയും ബിസിനസ്സുകള്‍ പൂര്‍ണമായും സ്വന്തമാക്കുന്ന സംയോജിത കമ്പനിയുടെ പേര് ഇന്‍ഡസ് ടവേഴ്‌സ് ലിമിറ്റഡ് എന്നായിരിക്കും. ഇന്ത്യന്‍ ഓഹരി വിപണികളിലെ ലിസ്റ്റിംഗില്‍ തുടരുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇന്‍ഡസ് ടവേര്‍സും ഭാരതി ഇന്‍ഫ്രാടെലും കരാറില്‍ ഒപ്പിട്ടത്.

Comments

comments

Categories: FK News