ഫിലിപ്പീന്‍സിലെ കാറുല്‍പ്പാദനം ഹോണ്ട നിര്‍ത്തുന്നു

ഫിലിപ്പീന്‍സിലെ കാറുല്‍പ്പാദനം ഹോണ്ട നിര്‍ത്തുന്നു

സാന്റ റോസ പ്ലാന്റ് അടുത്ത മാസം അവസാനത്തോടെ അടച്ചുപൂട്ടും

മനില: ഫിലിപ്പീന്‍സിലെ കാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട പ്രഖ്യാപിച്ചു. സാന്റ റോസ നഗരത്തിലെ കാര്‍ നിര്‍മാണ ശാലയാണ് അടച്ചുപൂട്ടുന്നത്. അടുത്ത മാസം വരെ മാത്രമായിരിക്കും ഈ പ്ലാന്റില്‍ കാറുകള്‍ നിര്‍മിക്കുന്നത്. ബിആര്‍-വി, സിറ്റി എന്നീ പാസഞ്ചര്‍ വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ആഗോള പുന:സംഘടനയുടെ ഭാഗമായാണ് സാന്റ റോസ പ്ലാന്റിന് താഴ് വീഴുന്നത്.

ഏഷ്യ, ഓഷ്യാനിയ മേഖലയിലെ കാര്‍ ഉല്‍പ്പാദനം സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയശേഷമാണ് ഫിലിപ്പീന്‍സിലെ പ്ലാന്റ് അടയ്ക്കാമെന്ന് തീരുമാനിച്ചത്. അതേസമയം, ഹോണ്ടയുടെ ഏഷ്യ, ഓഷ്യാനിയ മേഖലയിലെ പ്രവര്‍ത്തന ശൃംഖല ഉപയോഗപ്പെടുത്തി ഫിലിപ്പീന്‍സില്‍ തുടര്‍ന്നും കാറുകള്‍ വില്‍ക്കും. വില്‍പ്പനാനന്തര സേവനങ്ങളും ലഭിക്കും. തദ്ദേശീയമായി കാറുകള്‍ നിര്‍മിക്കുന്നതിന് പകരം ഫിലിപ്പീന്‍സിലേക്ക് ഇറക്കുമതി ചെയ്യാനാണ് ജാപ്പനീസ് കമ്പനിയുടെ തീരുമാനം. ഫിലിപ്പീന്‍സില്‍ സിവിക് മോഡല്‍ നിര്‍മിക്കുന്നത് 2012 ല്‍ ഹോണ്ട അവസാനിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

1.9 ബില്യണ്‍ ഫിലിപ്പീന്‍സ് പെസോയുടെ (ഏകദേശം 270 കോടി ഇന്ത്യന്‍ രൂപ) മൂലധന നിക്ഷേപം നടത്തി 1990 നവംബറിലാണ് ‘ഹോണ്ട കാര്‍സ് ഫിലിപ്പീന്‍സ്’ സ്ഥാപിച്ചത്. 1992 ല്‍ സാന്റ റോസ നഗരത്തിലെ പ്ലാന്റില്‍ കാറുകള്‍ നിര്‍മിച്ചുതുടങ്ങി. ആകെ പ്ലാന്റ് ശേഷിയുടെ നാലിലൊന്ന് മാത്രമാണ് വിനിയോഗിച്ചിരുന്നത്. 2019 ല്‍ 7,000 യൂണിറ്റ് മാത്രമാണ് നിര്‍മിച്ചത്. പ്രതിവര്‍ഷം 30,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് സാന്റ റോസ പ്ലാന്റ്. നിലവില്‍ 650 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.

ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കാര്‍ വാങ്ങല്‍ നികുതി ചുമത്തിയതിനെതുടര്‍ന്ന് 2018 ല്‍ വ്യവസായമൊന്നാകെ പടര്‍ന്നുപിടിച്ച വില്‍പ്പന മാന്ദ്യം ഹോണ്ടയെയും പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ 20,338 യൂണിറ്റ് ഹോണ്ട കാറുകള്‍ മാത്രമാണ് വിറ്റത്. 12.7 ശതമാനത്തിന്റെ ഇടിവ്. യുകെയിലും തുര്‍ക്കിയിലും അര്‍ജന്റീനയിലും കാറുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ഇതിനകം പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Honda