സിംഗര്‍ 21സി; ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ഹൈബ്രിഡ് ഹൈപ്പര്‍കാര്‍

സിംഗര്‍ 21സി; ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ഹൈബ്രിഡ് ഹൈപ്പര്‍കാര്‍

ലോസ് ആഞ്ജലസ് ആസ്ഥാനമായ ‘സിംഗര്‍’ സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച ഹൈപ്പര്‍കാര്‍ മാര്‍ച്ച് 3 ന് ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും

ജനീവ: ലോകത്ത് ഇതാദ്യമായി 3ഡി പ്രിന്റിംഗ് നടത്തിയ ഹൈബ്രിഡ് ഹൈപ്പര്‍കാര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. ലോസ് ആഞ്ജലസ് ആസ്ഥാനമായ ‘സിംഗര്‍ വെഹിക്കിള്‍സ്’ സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച 21സി എന്ന ഹൈബ്രിഡ് ഹൈപ്പര്‍കാറാണ് ജനീവയില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 3 ന് ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. എണ്‍പത് യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുന്നത്. 1.7 മില്യണ്‍ യുഎസ് ഡോളറാണ് വില.

സിംഗര്‍ വെഹിക്കിള്‍സ് സ്വന്തമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിര്‍മിച്ചതാണ് ഹൈപ്പര്‍കാറിന്റെ ഹൈബ്രിഡ് ഡ്രൈവ്‌ട്രെയ്ന്‍. ഇരട്ട ടര്‍ബോചാര്‍ജറുകള്‍ സഹിതം 2.88 ലിറ്റര്‍, ഫഌറ്റ് ക്രാങ്ക് വി8 എന്‍ജിന്‍ കാറിന്റെ മധ്യത്തിലായി നല്‍കിയിരിക്കുന്നു. മുന്നിലെ ഓരോ ചക്രത്തിലും കണ്ടിനുവസ് ട്രാക്ഷന്‍ മോട്ടോറുകള്‍, ക്രാങ്ക് ജനറേറ്റര്‍ & സ്റ്റാര്‍ട്ടര്‍ എന്നിവയെല്ലാം ചേര്‍ന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനം 1233 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഹൈഡ്രോളിക് ആക്‌ച്വേറ്റഡ് മള്‍ട്ടി പ്ലേറ്റ് ക്ലച്ച് സഹിതം 7 സ്പീഡ് സ്വീക്വന്‍ഷ്യല്‍ ട്രാന്‍സ്ആക്‌സില്‍ ഗിയര്‍ബോക്‌സ് നല്‍കിയതോടെ ഡ്രൈവ്‌ട്രെയ്ന്‍ പൂര്‍ത്തിയായി. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും. എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കരുത്തും കാറിന്റെ ഭാരവും തമ്മിലുള്ള അനുപാതം 1:1 ആണ്.

സിംഗര്‍ 21സി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മിച്ചതും ലോസ് ആഞ്ജലസിലാണ്. യന്ത്രങ്ങള്‍ക്കുപകരം തൊഴിലാളികളാണ് കാറിന്റെ ഫിറ്റ് ആന്‍ഡ് ഫിനിഷ് പൂര്‍ത്തിയാക്കിയത്. സീറ്റ് ബ്രാക്കറ്റുകള്‍, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, കൈകൊണ്ട് നിര്‍മിച്ച കാര്‍ബണ്‍ ഫൈബര്‍ പാര്‍ട്ടുകള്‍, പെയിന്റുപണികള്‍ എന്നിവയെല്ലാം മനുഷ്യാധ്വാനമായിരുന്നു. ഭാരം കുറഞ്ഞതും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതുമായ അലോയ്, കാര്‍ബണ്‍ ഫൈബര്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹൈപ്പര്‍കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 1.9 സെക്കന്‍ഡും 0-300 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 15 സെക്കന്‍ഡും 0-400 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 29 സെക്കന്‍ഡും മതി.

Comments

comments

Categories: Auto
Tags: CZinger 21 c