കമ്പനി നിയമത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍

കമ്പനി നിയമത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍

ഏതെല്ലാം വിപണികളില്‍ ലിസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കുന്ന ഒരു പട്ടിക തയാറാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ന്യൂഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഇന്ത്യന്‍ കമ്പനികളെ വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന് സൂചന. ഇതിനായി കമ്പനീസ് ആക്റ്റ്, 2013ല്‍ ചില ഭേദഗതികല്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ സാധാരണയായി അമേരിക്കന്‍ ഡെപ്പോാസിറ്ററി രസീതുകള്‍ (എഡിആര്‍) അല്ലെങ്കില്‍ ഗ്ലോബല്‍ ഡെപ്പോാസിറ്ററി രസീതുകള്‍ (ജിഡിആര്‍) വഴിയാണ് വിദേശ വിപണികളിലേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏതെല്ലാം വിപണികളില്‍ ലിസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കുന്ന ഒരു പട്ടിക തയാറാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക അന്വേഷണങ്ങള്‍ക്ക് സാഹചര്യമുള്ള, പക്വതയാര്‍ജിച്ച വിപണികളിലായിരിക്കും ലിസ്റ്റിംഗ് അനുവദിക്കുക എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

ഇന്ന് നിരവധി കമ്പനികള്‍, പ്രത്യേകിച്ചും ടെക് നോളജി കമ്പനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വിദേശത്ത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. വിദേശത്തു നിന്നുള്ള നിക്ഷേപം വേഗത്തില്‍ സ്വന്തമാക്കുന്നതിനും ആഗോള തലത്തില്‍ ഉപഭോക്താക്കാളെയും ക്ലൈന്റുകളെയും കണ്ടെത്താനും ഇത് സഹായിക്കുമെന്നാണ് അവര്‍ കണക്കാക്കുന്നത്. ഇവയെ ഇന്ത്യന്‍ സംവിധാനങ്ങളുമായി ചേര്‍ന്നു പോകുന്ന തരത്തില്‍ മുന്നോട്ടുപോകുന്നതിനാണ് സര്‍ക്കാര്‍ നീക്കം. പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കില്‍ എഡിആറുകള്‍ വഴിയാണ് നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ബിസിനസുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രൊമോട്ടര്‍മാര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ കുറയ്ക്കുന്നതിനുമായുള്ള ഭേദഗതികളും കമ്പനീസ് ആക്റ്റില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലിസ്റ്റ് ചെയ്തിട്ടില്ലാത്ത വലിയ കമ്പനികള്‍ അവരുടെ ത്രൈമാസ പ്രവര്‍ത്തന ഫലം എംസിഎ 21 പോര്‍ട്ടലില്‍ ഫയല്‍ ചെയ്യുന്നത് നിര്‍ബന്ധിതമാക്കാനും ഈ നിര്‍ദ്ദിഷ്ട നിയമത്തിന് കീഴില്‍ വരുന്ന കമ്പനികളുടെ ക്ലാസ് നിര്‍വചിക്കാനും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ കാലത്തെ കമ്പനികളുടെ മാതൃകയും നിക്ഷേപ സാധ്യതകളും പരിഗണിച്ച് കമ്പനീസ് ആക്റ്റില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വ്യാവസായിക ലോകം അല്‍പ്പകാലമായി ആവശ്യപ്പെട്ടിരുന്നു. വിദേശ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ചില നടപടികള്‍ ഇക്കഴിഞ്ഞ ബജറ്റിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Company law