ചൈനയിലേക്കുള്ള വൈദ്യോപകരണ കയറ്റുമതിയില്‍ നിയന്ത്രണം

ചൈനയിലേക്കുള്ള വൈദ്യോപകരണ കയറ്റുമതിയില്‍ നിയന്ത്രണം

രാജ്യത്തിനകത്തെ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇത്

ന്യൂഡെല്‍ഹി: ചില മെഡിക്കല്‍ ഉപകരണങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിനകത്തെ വിതരണത്തിന് ഈ ഉപകരണങ്ങളുടെ എണ്ണത്തില്‍ പരിമിതിയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ് മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചില മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിയന്ത്രിക്കുന്ന വിഷയം ചൈന ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരണം നടത്തിയത്.

‘പകര്‍ച്ചവ്യാധിയെ വസ്തുനിഷ്ഠവും യുക്തിസഹവും ശാന്തവുമായ രീതിയില്‍ അവലോകനം ചെയ്യാനും ചൈനയ്ക്ക് ആവശ്യമുള്ള വസ്തുക്കള്‍ നല്‍കി സഹകരിക്കാനും ക്രിയാത്മകമായി ഇടപെടാനും ഇന്ത്യക്ക് സാധിക്കുമെന്ന് കരുതുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കവും സാധാരണ ഗതിയില്‍ പുനരാരംഭിക്കാനും താമസിയാതെ സാധിക്കുമെന്നാണ് പ്രതീക്ഷ, ‘ ചൈനീസ് എംബസി വക്താവ് ജി റോംഗ് നേരത്തെ പറഞ്ഞിരുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരേ യാത്രാ, വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച് എതിര്‍ക്കുന്നുണ്ടെന്നും ആഗോള സംവിധാനത്തിന്റെ ശുപാര്‍ശകള്‍ എല്ലാ രാഷ്ട്രങ്ങളും പാലിക്കണമെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഉപദേശത്തിന് അനുസൃതമായാണ് ഇന്ത്യ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ഇതുസംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ലോകത്തെ വലിയ ജനസംഖ്യയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ കൊറോണ വൈറസ് പരക്കാതെ സൂക്ഷിക്കേണ്ടത് ആഗോള തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതിനാല്‍ ആഭ്യന്തര തലത്തില്‍ മതിയായ വൈദ്യോപരകണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട സാഹചര്യമുണ്ട്. ചൈനയിലേക്ക് പൊതുവില്‍ കയറ്റുമതി നിയന്ത്രണങ്ങളുള്ള ചില ഉല്‍പ്പന്നങ്ങളില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ ഇളവ് നല്‍കിയിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: FK News
Tags: China export