5 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ;  സുഗന്ധവ്യജ്ഞന മേഖലയ്ക്ക് വലിയ പങ്ക്

5 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ;  സുഗന്ധവ്യജ്ഞന മേഖലയ്ക്ക് വലിയ പങ്ക്

ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും നല്‍കുമെന്നും ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ചുള്ള കഠിനാധ്വാനമാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി സോം പര്‍കാഷ് ചൂണ്ടിക്കാട്ടി

2024-2025ല്‍ ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയിലെത്തണമെങ്കില്‍ സുഗന്ധവ്യഞ്ജനമേഖലയിലെ ഇപ്പോഴത്തെ ഉല്പാദനവും കയറ്റുമതിയും ഇരട്ടിയാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാഷ് നിര്‍ദ്ദേശിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള സ്‌പൈസസ് ബോര്‍ഡ് പുരസ്‌കാരങ്ങള്‍ നല്‍കാനും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുമായി സംഘടിപ്പിച്ച ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടനുസരിച്ച് ഇന്ത്യ വികസിക്കണമെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനവും ഇപ്പോഴത്തേതിന്റെ ഇരട്ടിയാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍നിന്ന് നിലവാരമുള്ള ഉല്പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കാന്‍ കയറ്റുമതി വ്യാപാരികള്‍ കര്‍ഷകരെ പിന്തുണയ്ക്കണം. ഈ മേഖലയിലുള്ള എല്ലാവരുമായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും നല്‍കുമെന്നും ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ചുള്ള കഠിനാധ്വാനമാണ് വേണ്ടതെന്നും സോം പര്‍കാഷ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഓരോ സംസ്ഥാനത്തിലും സുഗന്ധ വ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും ഉല്പാദനം നടക്കുന്നുണ്ട്. ഇത് പ്രതിവര്‍ഷം 90 ലക്ഷം ടണ്ണോളം വരും. 180 ഉല്പന്നങ്ങളാണ് ഇന്ത്യ 160 രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. സര്‍ക്കാരിന്റെ കാര്‍ഷിക നയമനുസരിച്ചുള്ള കര്‍ഷക ക്ലസ്റ്ററുകള്‍ രൂപവല്‍കരിച്ച് സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ വികസിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും വേണം. കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ഏഴ് ബയര്‍സെല്ലര്‍ മീറ്റുകള്‍ നടത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

2015-16, 2016-17 വര്‍ഷങ്ങളില്‍ കയറ്റുമതിയില്‍ മികച്ച വളര്‍ച്ച നേടിയവര്‍ക്കുള്ള അവാര്‍ഡുകളും ഒരോ ഉല്പന്നവിഭാഗത്തിലും 19 മികച്ച കയറ്റുമതിക്കാര്‍ക്കുള്ള അവാര്‍ഡുകളുമാണ് മന്ത്രി സമ്മാനിച്ചത്. കുരുമുളക്, ഏലം, പേരേലം, മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, ശതകുപ്പ, ജാതിക്കയും ജാതി പത്രിയും, മസാലപ്പൊടി/ കൂട്ട്, സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, പുതിന/പുതിന ഉത്പന്നങ്ങള്‍, പാക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച നവ സംരംഭകര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏലത്തിന്റെയും പേരേലത്തിന്റെയും സുസ്ഥിര കൃഷിക്കായി തയ്യാറാക്കിയ പ്ലാന്റ് പ്രൊട്ടക്ഷന്‍ കോഡ് കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. ലോകവ്യാപാര സംഘടനയുടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ട്രേഡ് ഡെവലപ്‌മെന്റ് ഫസിലിറ്റി, ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന എന്നിവയുമായി ചേര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് നടത്തിയ നൂതന ഇടപെടലുകളിലൂടെ സുഗന്ധ വ്യഞ്ജന വിതരണം ശക്തിപ്പെടുത്തുന്നതിനും വിപണി പ്രവേശം സുഗമമാക്കുന്നതിനുള്ള പദ്ധതി, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐഡിഎച്ച്‌സസ്റ്റെയിനബിള്‍ ട്രേഡ് ഇനിഷ്യേറ്റീവ്, ജിസ് ജര്‍മ്മനി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച്, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ സീഡ് സ്‌പൈസസ് എന്നിവയുമായി ചേര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് തയ്യാറാക്കുന്ന നാഷണല്‍ സസ്റ്റെയിനബിള്‍ സ്‌പൈസസ് പ്രോഗ്രാം, നവംബറില്‍ മുംബൈയില്‍ നടക്കുന്ന വേള്‍ഡ് സ്‌പൈസസ് കോണ്‍ഗ്രസിന്റെ കര്‍ട്ടന്‍ റെയ്‌സര്‍, സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിനായി ഫ്‌ളേവറിറ്റ് സ്‌പൈസസ് ട്രേഡിംഗ് ലിമിറ്റഡ് എന്ന പേരിലുള്ള സ്‌പൈസസ് ബോര്‍ഡ് അനുബന്ധ കമ്പനിയുടെ ഓണ്‍ലൈന്‍ വിപണനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

Comments

comments

Categories: Business & Economy