ജിസിസി ആരോഗ്യമന്തിമാരുടെ യോഗത്തില്‍ ഖത്തറിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ സൗദി ശ്രമിച്ചതായി ആരോപണം

ജിസിസി ആരോഗ്യമന്തിമാരുടെ യോഗത്തില്‍ ഖത്തറിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ സൗദി ശ്രമിച്ചതായി ആരോപണം
  • കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് ഖത്തറിന് പങ്കെടുക്കാന്‍ കഴിയാതെ പോയത്
  • മുന്‍ തര്‍ക്കത്തെ ചൊല്ലി സൗദി സഹകരണത്തിനായുള്ള ശ്രമങ്ങള്‍ തകര്‍ക്കുകയാണെന്ന് ഖത്തര്‍

”ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചതിന് ശേഷം മാത്രമാണ് സൗദി അറേബ്യ ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ അല്‍ കുവെയ്‌റിക്ക് പ്രവേശനാനുമതി നല്‍കിത്. അങ്ങേയറ്റം സഹകരണത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട അടിയന്തര സാഹചര്യത്തില്‍ ജീവകാരുണ്യമേഖലയെപ്പോലും സൗദി രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നു”
-ഖത്തര്‍ പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കം അനാവശ്യമായി വലിച്ചിഴച്ച് കൊറോണവൈറസ് വിഷയത്തിലെ ഗള്‍ഫ് അറബ് സഹകരണത്തെ തകര്‍ക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി ഖത്തറിന്റെ ആരോപണം. കൊറോണ വൈറസ് രോഗത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റിയാദില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെ യോഗത്തില്‍ ഖത്തര്‍ ആരോഗ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത് സൗദി അറേബ്യ സമയത്ത് പ്രവേശനം അനുവദിക്കാതിരുന്നത് കൊണ്ടാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചതിന് ശേഷം മാത്രമാണ് സൗദി അറേബ്യ ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ അല്‍ കുവെയ്‌റിക്ക് പ്രവേശനാനുമതി നല്‍കിയതെന്ന് ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെ ഖത്തര്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. അങ്ങേയറ്റം സഹകരണത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട അടിയന്തര സാഹചര്യത്തില്‍ ജീവകാരുണ്യമേഖലയെപ്പോലും സൗദി രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നതായി ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസ്താവനയിലൂടെ ഖത്തര്‍ പുച്ഛിച്ചു.

അതേസമയം ഖത്തര്‍ ആരോപണത്തോട് ജിസിസി ജനറല്‍ സെക്രട്ടറിയേറ്റോ സൗദി സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മേഖലയുടെ ബദ്ധശത്രുവായ ഇറാനുമായി കൂട്ടുകൂടുന്നുവെന്നും ആരോപിച്ച് 2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ജിസിസി അംഗമല്ലാത്ത ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര ഉപരോധം ആരംഭിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച ഖത്തര്‍ തങ്ങളുടെ പരമാധികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉപരോധത്തിലൂടെ സൗദി സഖ്യം ലക്ഷ്യമിടുന്നതെന്ന് ആരോപിച്ചു.

പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം അവസാനം സൗദി അറേബ്യയും ഖത്തറും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ലെന്നും ജനുവരി തുടക്കത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായും ഖത്തര്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ആഴ്ച വ്യക്തമാക്കി. ഇരുകൂട്ടരുമായും ശക്തമായ ബന്ധം പുലര്‍ത്തുന്ന കുവൈറ്റും അമേരിക്കയുമാണ് ഗള്‍ഫിലെ ഐക്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിരുന്നത്. ഇറാനെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തര്‍ക്കം പ്രതിസന്ധിയാകുമെന്നാണ് അമേരിക്ക കരുതുന്നത്.

ഗള്‍ഫില്‍ യുഎഇയില്‍ മാത്രമാണ് നിലവില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമ്പത് കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി. അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ പ്രധാന ഇടത്താവളവും പശ്ചിമേഷ്യയിലെ സുപ്രധാന ടൂറിസം, ബിസിനസ് ഹബ്ബുമായ യുഎഇയില്‍ രോഗം കണ്ടെത്തിയ അധിക ആളുകളും ചൈനീസ് പൗരന്മാരാണ്. യുഎഇയെക്കൂടാതെ പശ്ചിമേഷ്യയില്‍ ഈജിപ്തിലും ഇറാനിലും ജോര്‍ദാനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ മറ്റ് രാജ്യങ്ങളെല്ലാം രോഗം വ്യാപിക്കാതിരിക്കാനുള്ള അതീവജാഗ്രതയിലാണ്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധി പിടിപെട്ട് ഇതുവരെ 2,100 ആളുകളാണ് മരണപ്പെട്ടത്. വൈറസിന്റെ വ്യാപനശേഷി കരുതിയതിലും കൂടുതലാണെന്നും പകരാനുള്ള സാധ്യത കണക്കിലെടുത്ത് ലോകരാജ്യങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്നും സമീപകാല ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Comments

comments

Categories: Arabia
Tags: GCC, Saudi-Qatar