ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജാപ്പനീസ് ആധിപത്യം തുടരുന്നു

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജാപ്പനീസ് ആധിപത്യം തുടരുന്നു

ലോകത്തെ ഏറ്റവും മല്‍സരാധിഷ്ഠിത വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്

ന്യൂഡെല്‍ഹി: കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ കാര്‍ വിപണി സംഭവബഹുലമായിരുന്നു. നിരവധി ആഗോള വാഹന നിര്‍മാതാക്കള്‍ ‘ക്വിറ്റ് ഇന്ത്യ’ നടത്തിയപ്പോള്‍ ചില പുതിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തേക്ക് തിരിഞ്ഞുനോക്കിയാല്‍, അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിച്ചത് ഒരു പ്രധാന വാര്‍ത്തയായി ഓടിയെത്തും. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഫിയറ്റിന് ഇന്ത്യയിലെ മുന്നോട്ടുള്ള പ്രയാണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അംബാസഡര്‍ കാറുകള്‍ വിറ്റിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് 2014 മെയ് മാസത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ഏവരെയും വിഷമിപ്പിച്ചു. ഇന്ത്യയിലെ ആദ്യ മൂന്ന് കാര്‍ നിര്‍മാതാക്കളിലൊന്നായിരുന്നു സികെ ബിര്‍ള ഗ്രൂപ്പ് ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്.

എന്നാല്‍ കളമൊഴിയല്‍ മാത്രമല്ല, പുതിയ കളികള്‍ പുറത്തെടുക്കാന്‍ ചില ബ്രാന്‍ഡുകള്‍ ആഭ്യന്തര വിപണിയില്‍ പ്രവേശിക്കുന്നതിനും ഇതിനിടെ രാജ്യം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കിയ മോട്ടോഴ്‌സ്, എംജി മോട്ടോര്‍ തുടങ്ങിയ വിദേശ കാര്‍ ബ്രാന്‍ഡുകളാണ് ഇന്ത്യയില്‍ അരങ്ങേറിയത്. കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ എന്നീ എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ ഹിറ്റുകളായി മാറി. മാത്രമല്ല, ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോ, ചൈനീസ് ബ്രാന്‍ഡുകളായ ഹൈമ, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്നിവ സമീപ ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും.

ജാപ്പനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം 8.09 ശതമാനം വര്‍ധിച്ചു

മാരുതി സുസുകി, ടൊയോട്ട, ഹോണ്ട, നിസാന്‍ എന്നീ ജാപ്പനീസ് ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറെക്കാലമായി ആധിപത്യം പുലര്‍ത്തുന്നത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഈ നാല് വാഹന നിര്‍മാതാക്കളും ചേര്‍ന്ന് ആകെ 9,96,735 വാഹനങ്ങളാണ് വിറ്റത്. വിപണി വിഹിതം 51.12 ശതമാനം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ (2019 ഏപ്രില്‍-2020 ജനുവരി) ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ വിറ്റതാകട്ടെ 14,09,614 യൂണിറ്റ് വാഹനങ്ങള്‍. പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയത് 59.21 ശതമാനം വിഹിതം. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലെ വിപണി വിഹിതം കാര്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതം പകുതിയോളം കുറഞ്ഞു

2010 സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവും താരതമ്യം ചെയ്യുമ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഫോഴ്‌സ് മോട്ടോഴ്‌സ് എന്നീ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ വിപണി വിഹിതം പകുതിയോളം നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ അംബാസഡറിന്റെ വില്‍പ്പന അവസാനിപ്പിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ കുറ്റപ്പെടുത്താവുന്നതാണ്.

2010 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡുകള്‍ ആകെ 4,59,447 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയ വിഹിതം 23.56 ശതമാനം. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് 2,93,704 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. വിപണി വിഹിതം 12.34 ശതമാനമായി കുത്തനെ ഇടിഞ്ഞു.

ദക്ഷിണ കൊറിയക്കാരുടെ വിപണി വിഹിതം 3.98 ശതമാനം വര്‍ധിച്ചു

പത്ത് വര്‍ഷം മുമ്പ് ഹ്യുണ്ടായ് എന്ന ഒരേയൊരു ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് മാത്രമാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉണ്ടായിരുന്നത്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 16.15 ശതമാനമായിരുന്നു ഇന്ത്യയില്‍ അവരുടെ വിപണി വിഹിതം. ഹ്യുണ്ടായുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് കൂടി വന്നതോടെ കൊറിയന്‍ ബ്രാന്‍ഡുകളുടെ ഇവിടുത്തെ ആകെ വിപണി വിഹിതം 20.13 ശതമാനമായി വര്‍ധിച്ചു.

2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. 2020 ജനുവരി വരെ 60,226 യൂണിറ്റ് സെല്‍റ്റോസ് എസ്‌യുവി വില്‍ക്കാന്‍ കിയ മോട്ടോഴ്‌സിന് സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ആകെ 4,18,999 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് വിറ്റത്.

അമേരിക്ക കളി തോറ്റു

പത്ത് വര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ കാര്‍ ബ്രാന്‍ഡുകളുടെ വിഹിതം അത്ര മികച്ചതായിരുന്നില്ല. 2017 ല്‍ ഇന്ത്യയില്‍ ഷെവര്‍ലെ ബ്രാന്‍ഡ് കാറുകളുടെ വില്‍പ്പന ജനറല്‍ മോട്ടോഴ്‌സ് അവസാനിപ്പിച്ചപ്പോള്‍ അമേരിക്കന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതം 50 ശതമാനത്തിലധികം ഇടിഞ്ഞു. മറ്റൊരു യുഎസ് ബ്രാന്‍ഡായ ഫോഡ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഈയിടെ മഹീന്ദ്രയുമായി കൈകോര്‍ത്തിരിക്കുകയാണ്. വരുംകാലങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെ അമേരിക്കന്‍ സാന്നിധ്യം ചെറുതായിരിക്കും. അതേസമയം, യുഎസ് എഫ്‌സിഎയുടെ കീഴിലെ അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുന്നു.

2010 സാമ്പത്തിക വര്‍ഷത്തില്‍ ഫോഡും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് ആകെ 1,23,980 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റിരുന്നു. വിപണി വിഹിതം 6.36 ശതമാനം. അമേരിക്കന്‍ ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ഫോഡിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ കാലയളവില്‍ 55,877 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. വിപണി വിഹിതം 2.35 ശതമാനമായി ചുരുങ്ങി.

അതിവേഗം ബഹുദൂരമോടാന്‍ ചൈന

കണക്റ്റഡ്, ഇലക്ട്രിക് മോഡലുകളുമായി ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്ത ചൈനീസ് ബ്രാന്‍ഡുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചൈനീസ് കാര്‍ നിര്‍മാതാക്കളായ സായിക് മോട്ടോറിന് കീഴിലെ എംജി മോട്ടോര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ഇതിനകം ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഹെക്ടര്‍ എസ്‌യുവി, ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഹൈമ ഓട്ടോമൊബീല്‍, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്നിവയാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ വാഹന വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്ന മറ്റ് രണ്ട് ചൈനീസ് ബ്രാന്‍ഡുകള്‍. അടുത്ത വര്‍ഷത്തോടെ രണ്ട് കമ്പനികളും ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പ്രവേശിക്കും. അമേരിക്കന്‍ ബ്രാന്‍ഡുകള്‍ തിരികെ പോകുമ്പോള്‍, മറ്റ് ചില വാഹന നിര്‍മാതാക്കള്‍ കടുത്ത മല്‍സരം നേരിടുമ്പോള്‍, ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയെ വളര്‍ച്ചാ അവസരമായാണ് കാണുന്നത്.

2020 ജനുവരി വരെയുള്ള സിയാം കണക്കനുസരിച്ച് ഇന്ത്യന്‍ വാഹന വിപണിയിലെ ചൈനീസ് പ്രാതിനിധ്യം 0.80 ശതമാനം മാത്രമാണ്. മറ്റ് രണ്ട് ചൈനീസ് ബ്രാന്‍ഡുകള്‍ കൂടി ഇന്ത്യയിലെത്തുന്നതോടെ വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം ഗണ്യമായി വര്‍ധിച്ചേക്കും. അയല്‍രാജ്യമായിട്ടുപോലും ചൈനീസ് ഓട്ടോ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെത്തുന്നതിന് വളരെയധികം സമയമെടുത്തു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് കാര്‍ കമ്പനികളുടെ ഇന്ത്യന്‍ മോഹം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. സമാന ഉപയോക്താക്കളുള്ള ഇന്ത്യന്‍ വിപണി ആഗോള വളര്‍ച്ച കൈവരിക്കാന്‍ പ്രധാനമാണെന്ന് ചൈനീസ് ബ്രാന്‍ഡുകള്‍ തിരിച്ചറിഞ്ഞു.

യൂറോപ്യന്‍മാര്‍ പ്രധാനമായും ആഡംബര സെഗ്‌മെന്റില്‍ ഒതുങ്ങിക്കൂടി

യൂറോപ്യന്‍ കാര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ പ്രധാനമായും ആഡംബര സെഗ്‌മെന്റില്‍ ഒതുങ്ങിക്കൂടി. ഔഡി, ബിഎംഡബ്ല്യു, മെഴ്‌സേഡസ് ബെന്‍സ്, ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍, വോള്‍വോ എന്നീ ബ്രാന്‍ഡുകള്‍ ആഡംബര കാര്‍ വിപണിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്നു. ഇവരെക്കൂടാതെ, ഫോക്‌സ്‌വാഗണും സ്‌കോഡയുമുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫിയറ്റ് തീരുമാനിച്ചതോടെ യൂറോപ്യന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതത്തില്‍ ചെറിയ ഇടിവ് സംഭവിക്കും.

2010 സാമ്പത്തിക വര്‍ഷത്തില്‍ യൂറോപ്യന്‍ കാര്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം വെറും 2.80 ശതമാനം മാത്രമായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം 5.18 ശതമാനമായി വര്‍ധിച്ചു. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ ആകെ 1,23,219 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്.

Categories: Auto