എഫ്എടിഎഫ് തീരുമാനം പാക്കിസ്ഥാന് തിരിച്ചടി

എഫ്എടിഎഫ് തീരുമാനം പാക്കിസ്ഥാന് തിരിച്ചടി

ഇസ്ലാമബാദ് േ്രഗ പട്ടികയില്‍ തുടരും, കൂടുതല്‍ നടപടികള്‍ അനിവാര്യം

ഇസ്ലാമബാദ്: ഈ വര്‍ഷം ജൂണ്‍ വരെ പാക്കിസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍ തുടരും. ഈ മാസം 16 മുതല്‍ 21 വരെ പാരീസില്‍ നടന്ന ഗ്രൂപ്പ് മീറ്റിംഗുകളും പ്ലീനറിയും അവസാനിച്ചതിന് ശേഷമാണ് അന്താരാഷ്ട്ര നിരീക്ഷണ സമിതി തീരുമാനമെടുത്തത്. ഭീകരസംഘടനകളായ ലഷ്‌കര്‍-ഇ-തോയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയവര്‍ക്കുള്ള ധനസഹായം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എഫ്എടിഎഫ് കഴിഞ്ഞ ഒക്ടോബറിലാണ് തീരുമാനിച്ചത്. ഈ വര്‍ഷം ജൂണോടെ എഫ്എടിഎഫ് നിര്‍ദേശങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ മാസം 12 ന് മുംബൈ ആക്രമണ സൂത്രധാരനും ജുഡി മേധാവിയുമായ ഹാഫിസ് സയീദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചത് ഇതിന്റെ ഭാഗമായാണ് എന്നാണ് കരുതുന്നത്.

യുഎന്‍ പ്രഖ്യാപിച്ച ഭീകരനായ ഹാഫിസ് സയീദിനെ ജൂലൈ 10 ന് പാക്കിസ്ഥാന്‍ അറസ്റ്റുചെയ്തിരുന്നു. ഭീകരതയും അവര്‍ക്ക് പണം കണ്ടെത്തി നല്‍കുന്ന തും ഉള്‍പ്പെടെയുള്ള കേസുകളാണ് സയിദിനെതിരെ ചുമത്തിയത്. ഉയര്‍ന്ന സുരക്ഷയുള്ള കോട്ട് ലഖ്പത് ജയിലിലാണ് ഈ കൊടും ഭീകരനെ പാര്‍പ്പിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച പുതിയ പാക് നയങ്ങളെക്കുറിച്ച് എഫ്എടിഎഫ് ഉന്നയിച്ച 150 ചോദ്യങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ജനുവരി 8 ന് ഇസ്ലാമബാദ് 650 പേജുള്ള അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ 2019 ഒക്ടോബറിനും 2020 ജനുവരിയ്ക്കും ഇടയില്‍ പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. അതിനുമുമ്പ് സമിതിയെ അംഗരാഷ്ട്രങ്ങളെ തങ്ങളുടെ നിലപാടും സ്വീകരിച്ച നടപടികളും അറിയിക്കാന്‍ പാക് ഭരണകൂടം ശ്രമിച്ചിരുന്നു. മലേഷ്യയും തുര്‍ക്കിയുമാണ് പാക്കിസ്ഥാനെ ഏതവസരത്തിലും പിന്തുണയ്ക്കുന്ന രണ്ടു രാജ്യങ്ങള്‍. പക്ഷെ ഇസ്ലാമബാദിന്റെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗ്രേപട്ടികയില്‍ തന്നെ പാക്കിസ്ഥാനെ എഫ്എടിഎഫ് നിലനിര്‍ത്തിയത്. ജൂണ്‍മാസത്തിലേക്ക് മികച്ച നടപടികളിലൂടെ മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാവും നീങ്ങുക.

എന്തായാലും എഫ്എടിഎഫ് തീരുമാനം പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെയ്തുകൂട്ടിയ ദുഷ്പ്രവര്‍ത്തികളില്‍ നിന്നു പുറത്തുവരാന്‍ നിരീക്ഷണ സമിതി എല്ലായോഗങ്ങളിലും പാക്കിസ്ഥാനോട് ആവശ്യപ്പെടുകയാണ്. സമിതിയെ തൃപ്തിപ്പെടുന്ന നീക്കത്തിന് ഇതുവരെ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. കാരണം ഭീകരരെ പാലൂട്ടിവളര്‍ത്തിയ സംസ്‌കാരത്തില്‍നിന്ന് പിന്‍മാറാന്‍ ഉള്ള വൈഷമ്യം തന്നെയാണ്. ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ഏജന്‍സികളും മറ്റ് രാജ്യങ്ങളും പാക്കിസ്ഥാന് വായ്പ നല്‍കുന്നതില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഏതുവിധേനയും ഗ്രേലിസ്റ്റില്‍ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്. എഫ്എടിഎഫിന്റെ പ്രസിഡന്റ് ഇപ്പോള്‍ ചൈനാക്കാരനാണ്. അതിനാല്‍ കാര്യങ്ങള്‍ അനുകൂലമായി നടക്കുമെന്ന് ഇസ്ലാമബാദ് കരുതിയെങ്കിലും അത് നടന്നില്ല. ഭീകരതക്കെതിരായ നടപടികളും അവരുടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുകയും ചെയ്തില്ലെങ്കില്‍ പാക്കിസ്ഥാന്റെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകും.

Comments

comments

Categories: FK News