ചൈന-യുഎഇ വ്യാപാരബന്ധത്തില്‍ 6 ശതമാനം വളര്‍ച്ച

ചൈന-യുഎഇ വ്യാപാരബന്ധത്തില്‍ 6 ശതമാനം വളര്‍ച്ച

34.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പതുമാസങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്

അബുദാബി: കഴിഞ്ഞവര്‍ഷം ആദ്യ ഒമ്പതുമാസത്തില്‍ ചൈനയ്ക്കും യുഎഇയ്ക്കുമിടയില്‍ 34.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നതായി യുഎഇയിലെ ചൈനീസ് അംബാസഡര്‍ നി ജിയാന്‍. മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ 6 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

ആകെയുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 23.5 ബില്യണ്‍ ഡോളര്‍ യുഎഇയിലേക്കുള്ള ചൈനയുടെ കയറ്റുമതിയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനം കൂടുതലാണിത്. അതേസമയം എണ്ണയുടെ വിലയിടിവ് മൂലം യുഎഇയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതിയില്‍ 1.4 ശതമാനത്തിന്റെ ഇടിവുണ്ടായി. 11.2 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്നും ചൈന നടത്തിയത്. ഈ വര്‍ഷവും വരുംവര്‍ഷങ്ങളിലും യുഎഇക്കും ചൈനയ്ക്കുമിടയിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ ഇതേ രീതിയിലുള്ള വളര്‍ച്ചയുണ്ടാകുമെന്ന് നി ജിയാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സമീപകാലത്തായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നതായും രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെല്ലാം തന്നെ സഹകരണം വര്‍ധിച്ചതായും നി ജിയാന്‍ വിലയിരുത്തി.

കഴിഞ്ഞ വര്‍ഷം ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ യുഎഇയില്‍ ചൈനയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 660 മില്യണ്‍ ഡോളറിലെത്തിയതായും 171 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവ് ഈ മേഖലയില്‍ രേഖപ്പെടുത്തിയതായും നി ജിയാന്‍ അറിയിച്ചു. അറബ് ലീഗില്‍ ഉള്‍പ്പെട്ട 22 രാജ്യങ്ങളില്‍ ചൈനയ്ക്കുള്ള ആകെ എഫ്ഡിഐയുടെ 54 ശതമാനം വരുമത്. യുഎഇയില്‍ ആകെ 6,000ത്തിനടുത്ത് ചൈനീസ് കമ്പനികളാണ് ഉള്ളത്. ചൈനയിലെ മിക്ക വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും യുഎഇയില്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ചൈനീസ് സന്ദര്‍ശനം സുപ്രധാന പങ്ക് വഹിച്ചതായി നി ജിയാന്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, വ്യാവസായിക ശേഷി, എഞ്ചിനീയറിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ബാങ്കിംഗ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. കഴിഞ്ഞ വര്‍ഷം യുഎഇയിലെത്തിയ 1.2 ദശലക്ഷം ചൈനീസ് സഞ്ചാരികള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമ്പന്നമായ സാംസ്‌കാരിക വിനിമയത്തിന് തെളിവാണെന്നും ചൈനീസ് അംബാസഡര്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ ചൈനയില്‍ നിന്നുള്ള ബിസിനസുകാരും, തൊഴിലാളികളും വിനോദസഞ്ചാരികളും ഏറ്റവുമധികം (രണ്ട് ലക്ഷത്തോളം) എത്തുന്നത് യുഎഇയിലാണ്. യുഎഇയിലെ 200ഓളം സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള പദ്ധതി ചൈനീസ് ഭാഷയുടെ പ്രചാരത്തിന് സഹായിച്ചതായും നി ജിയാന്‍ പറഞ്ഞു. നിലവില്‍ 60 എമിറാറ്റി സ്‌കൂളുകളിലായി 200ഓളം ചൈനീസ് ഭാഷ അധ്യാപകരുണ്ട്, അടുത്ത സെപ്റ്റംബറോടെ 50 സ്‌കൂളുകളില്‍ കൂടി ചൈനീസ് ഭാഷാപഠനം ഉള്‍പ്പെടുത്തും.

Comments

comments

Categories: Arabia
Tags: China- UAE