ബഹ്‌റൈനിലെ ബടെല്‍കോയുടെ നാലാംപാദ അറ്റാദായത്തില്‍ 82 ശതമാനം വര്‍ധന

ബഹ്‌റൈനിലെ ബടെല്‍കോയുടെ നാലാംപാദ അറ്റാദായത്തില്‍ 82 ശതമാനം വര്‍ധന

വാര്‍ഷിക അറ്റാദായം 3 ശതമാനം വര്‍ധിച്ച് 51.6 മില്യണ്‍ ബഹ്‌റൈന്‍ ദിനാറായി

ബഹ്‌റൈന്‍: ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ടെലികോം ഓപ്പറേറ്ററായ ബടെല്‍കോയുടെ അവസാനപാദ അറ്റാദായം 7.4 മില്യണ്‍ ബഹ്‌റൈന്‍ ദിനാര്‍ (19.6 മില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറ്റാദായത്തില്‍ 82 ശതമാനം വര്‍ധനവുണ്ടായി. അതേസമയം 2019ലെ വാര്‍ഷിക അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 51.6 മില്യണ്‍ ബഹ്‌റൈന്‍ ദിനാറായതായി കമ്പനി വ്യക്തമാക്കി.

എന്നാല്‍ നാലാംപാദത്തിലെ വരുമാനത്തില്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. 12.09 മില്യണ്‍ ദിനാറാണ് അവസാന പാദത്തിലെ വരുമാനം. വാര്‍ഷിക വരുമാനവും 1 ശതമാനം ഇടിഞ്ഞ് 401.5 മില്യണ്‍ ദിനാറായി. കമ്പനിയുടെ ഭാഗമായിരുന്ന ക്വാളിറ്റിനെറ്റ് യൂണിറ്റിന്റെ വില്‍പ്പനയാണ് സംയോജിത വരുമാനം കുറയാന്‍ കാരണമായതെന്ന് ബടെല്‍കോ അറിയിച്ചു. 2018ല്‍ ക്വാളിറ്റിനെറ്റില്‍ നിന്നും 11 മില്യണ്‍ ദിര്‍ഹം വരുമാനമാണ് ലഭിച്ചിരുന്നത്. അതേസമയം ആഭ്യന്തരവിപണിയായ ബഹ്‌റൈനില്‍ വരുമാനത്തില്‍ 5 ശതമാനം വളര്‍ച്ചയുണ്ടായതായി കമ്പനി അറിയിച്ചു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ്, ഡാറ്റാ കമ്മ്യൂണിക്കേഷന്‍സ്, മൊബീല്‍ സേവനങ്ങള്‍ എന്നീ മേഖലകളിലെ വരുമാനവളര്‍ച്ചയാണ് അതിന് പിന്നില്‍.

പോയവര്‍ഷം കാര്യക്ഷമമായി നടപ്പിലാക്കിയ തന്ത്രപ്രധാന പദ്ധതികളും പ്രവര്‍ത്തനമികവും സാമ്പത്തിക അച്ചടക്കവുമാണ് മികച്ച സാമ്പത്തികപ്രകടനത്തിന് കമ്പനിയെ സഹായിച്ചതെന്ന് ബടെല്‍കോ ചെയര്‍മാന്‍ ഷേഖ് അബ്ദുള്ള ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു കമ്പനി വിഘടിച്ചതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പുനഃസംഘടന പുതിയ ദശാബ്ദത്തിലേക്ക് വേണ്ടിയുള്ള ബടെല്‍കോയുടെ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചു. കണക്ടിവിറ്റി ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര തുടരുന്നതിനുമായിരിക്കും ബടെല്‍കോ തുടര്‍ന്നുള്ള യാത്രയില്‍ ഊന്നല്‍ നല്‍കുകയെന്ന് കമ്പനി സിഇഒ മിക്കെല്‍ വിന്റെര്‍ പ്രതികരിച്ചു.

Comments

comments

Categories: Arabia
Tags: Batelco

Related Articles