മറാണ്ടിയുടെ ലക്ഷ്യം ബിജെപിയുടെ തുറുപ്പുചീട്ടാകുമ്പോള്‍

മറാണ്ടിയുടെ ലക്ഷ്യം ബിജെപിയുടെ തുറുപ്പുചീട്ടാകുമ്പോള്‍

ജാര്‍ഖണ്ഡില്‍ സ്വീകാര്യതയും സ്വാധീനവും സാധ്യതകള്‍ക്ക് കൈകൊടുക്കുന്നു

ജാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങള്‍ക്കുമുമ്പാണ്. സംസ്ഥാനത്തെ ഗോത്ര നേതാക്കളില്‍ പ്രധാനിയെന്ന് വിശേഷിപ്പിക്കാവുന്ന മറാണ്ടിയുടെ ബിജെപിയിലേക്കുള്ള പുനഃപ്രവേശത്തെ ഭരണകക്ഷിയിലുള്ളവര്‍ വിലകുറച്ച് കാണുന്നില്ല. കാരണം അദ്ദേഹത്തിന് ഗോത്ര മേഖലയില്‍ ഉള്ള സ്വാധീനം തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. രഘുബര്‍ ദാസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ക്ക് ഗോത്രമേഖലകളില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. നിരവധി നീറുന്ന പ്രശ്‌നങ്ങളുടെ ആവാസസ്ഥലമാണ് സംസ്ഥാനത്തെ ആദിവാസി -ഗോത്ര മേഖലകള്‍. ഇവിടെ ഒരുപാര്‍ട്ടിക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാനാകു.

മറാണ്ടിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും രാജ്യത്തെ ഗോത്ര രാഷ്ട്രീയത്തിലും ബിജെപി എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതു സംബന്ധിച്ച് തുടക്കത്തില്‍ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. മറാണ്ടി ബിജെപിയിലേക്ക് മാറുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്ന കാലത്തും അത് തടയാന്‍ മറ്റുള്ളവര്‍ശ്രമിച്ചില്ല. ഇങ്ങനൊരു നേതാവിനെ വിട്ടുകൊടുക്കേണ്ടതുണ്ടോ എന്നും മറ്റു പാര്‍ട്ടികള്‍ ചിന്തിച്ചുണ്ടാവില്ല. മറാണ്ടിയുടെ ബിജെപി പുനഃപ്രവേശത്തിന്റെ ഭാഗമായി പാര്‍ട്ടി റാഞ്ചിയില്‍ ഗംഭീര പരിപാടിയും സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടി പരാജയപ്പെട്ട കാലത്താണ് അദ്ദേഹത്തിന്റെ വരവ് എന്നതും പ്രസക്തമാണ്. ഇന്ത്യയില്‍ ‘മതേതര രാഷ്ട്രീയം’ നിലനിന്നിരുന്നത് ‘ഹിന്ദുത്വ രാഷ്ട്രീയം’ മൂലമാണെന്ന് മറാണ്ടി വിശദീകരിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയില്‍ ബിജെപിയെ നയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് അന്നുതന്നെ അദ്ദേഹത്തിന്റെ ഈ പ്രസ്താവന വിലയിരുത്തപ്പെട്ടത്. മറാണ്ടിയുടെ വരവിനായി പാര്‍ട്ടി പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

സംസ്ഥാനത്ത് മറാണ്ടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു അമിത് ഷാ. ഇക്കാരണത്താലാണ് 2014ല്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ഷാ തിരിച്ചു വിളിച്ചത്. മോദി തരംഗത്തില്‍ മറാണ്ടി ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ മറാണ്ടിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ഷാ അദ്ദേഹത്തോട് ബിജെപിയെലെത്താന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് മറാണ്ടി നിരസിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ല എന്ന് വിശ്വസിക്കാനായിരുന്നു അമിത് ഷായ്ക്ക് താല്‍പ്പര്യം. വര്‍ഷങ്ങള്‍കടന്നുപോയപ്പോള്‍ പഴയ ബിജെപി നേതാവിന്റെ മനസ് ക്രമേണ ബിജെപിയിലേക്ക് നീങ്ങി. അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിച്ച ശേഷമാണ് അമിത് ഷാ ഇവിടെനിന്ന് പിന്മാറിയത്. മറാണ്ടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് റാഞ്ചിയിലെ ജഗന്നാഥ് മൈതാനത്ത് വിപുലമായ സ്വീകരണ പരിപാടി പാര്‍ട്ടി സംഘടിപ്പിച്ചത്. പരിപാടിയില്‍ മറാണ്ടിയുടെ പാര്‍ട്ടിയായിരുന്ന ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ചടങ്ങില്‍ തന്റെ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കുന്നതായും മറാണ്ടി പ്രഖ്യാപിച്ചു. മറാണ്ടിയെ ബിജെപിയിലേക്ക് തിരികെയെത്തിക്കാന്‍ ഏറെക്കാലമായി താന്‍ പരിശ്രമിക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ അമിത് ഷാ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വരവോടെ സംസ്ഥാനത്ത്് പാര്‍ട്ടിയുടെ ശക്തി പലമടങ്ങ് വര്‍ധിക്കുമെന്നും ഷാ പറഞ്ഞിരുന്നു.

ബിജെപിയിലേക്കുള്ള തന്റെ തിരിച്ചുവരവ് പെട്ടന്ന് ഉണ്ടായ ഒന്നല്ലെന്ന് മറാണ്ടിയും ചടങ്ങില്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം കാരണമാണ് ബിജെപിയിലേക്ക് തന്നെ കൊണ്ടുപോകുന്നുവെന്ന് ചിലര്‍ പറയുമെന്ന് മറാണ്ടി യോഗത്തില്‍ സൂചിപ്പിച്ചു. പക്ഷേ അത് പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. മറിച്ച്, ബിജെപി നേതാക്കള്‍ വര്‍ഷങ്ങളായി എന്നോട് സംസാരിക്കുന്നു. തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ ശ്രമങ്ങള്‍ തുടരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മറാണ്ടിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഓം മാത്തൂര്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചുവെന്ന് വിദഗ്ധര്‍ പറയുന്നു. യോഗത്തില്‍ മറാണ്ടി തന്നെ ഇത് സ്ഥിരീകരിച്ചു. ഗോത്രവര്‍ഗ വോട്ടുകള്‍ വീണ്ടും ബിജെപിയിലേക്ക് എത്തിക്കുന്നതിലാണ്് തന്റെ മുന്‍ഗണനയെന്നും മറാണ്ടി സൂചന നല്‍കി. പൗരത്വ (ഭേദഗതി) നിയമം സംബന്ധിച്ചും ജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പുകള്‍ നല്‍കി. ”ആദിവാസികള്‍ക്കിടയില്‍ പോലും ഭയം പടരുന്നു. ഞാന്‍ നിങ്ങളോടൊപ്പം നടക്കുന്നുവെന്ന് ഞാന്‍ എന്റെ സഹോദരന്മാരോട് പറയുന്നു, അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല”-എന്നാണ് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചത്.

സംസ്ഥാനത്തിന്റെ ചരിത്രം പരിശേധിച്ചാല്‍ ജാര്‍ഖണ്ഡിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ നേട്ടങ്ങള്‍ ബിജെപി മനസിലാക്കിയിരുന്നു എന്ന് പറയേണ്ടിവരും. തുടര്‍ന്ന് 2000 ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനം രൂപീകരിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷന്‍ ഷിബു സോറന്‍ തന്റെ ജീവിതകാലം മുഴുവന്‍ സംസ്ഥാനത്വത്തിനായി പോരാടിയെങ്കിലും ബിജെപി സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ജാര്‍ഖണ്ഡിലെ ആദ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന സോറന്റെ അപേക്ഷയെ കേന്ദ്രം അന്ന് അവഗണിച്ചു. അങ്ങനെയാണ് മറാണ്ടിക്ക് നറുക്കുവീണത്. പക്ഷേ 2003ല്‍ മറാണ്ടിയുടെ സര്‍ക്കാര്‍ വീണു. പിന്നീട് ബിജെപി അദ്ദേഹത്തിന് പകരം ജൂനിയര്‍ അര്‍ജുന്‍ മുണ്ടയെ നിയമിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ പങ്ക് നിഷേധിച്ച മറാണ്ടി ഒരു ബദല്‍ തേടാന്‍ തീരുമാനിച്ചു. 2006 ല്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) രൂപീകരിച്ച് മറാണ്ടി ബിജെപിയുടെ പടിയിറങ്ങി. ഏതാനും ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തുടക്കത്തില്‍ മറാണ്ടിയോടൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരില്‍ ചിലര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി.

2006 മുതല്‍ മറാണ്ടിയുടെ പോരാട്ടം പ്രധാനമായും ബിജെപിക്കെതിരെ ആയിരുന്നു. 2009 ല്‍ 11 സീറ്റുകളും 2014 ല്‍ എട്ട് സീറ്റുകളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളുമാണ് പാര്‍ട്ടി നേടിയത്. ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് പ്രാധാന്യം എറിയതിനാല്‍ ഇനി ഒറ്റക്കുള്ള പോരാട്ടം ജെവിഎമ്മിനെ കൂടുതല്‍ ദുര്‍ബലമാക്കും എന്നതിരിച്ചറിവും മറാണ്ടിക്കുണ്ടായിരുന്നിരിക്കണം. അപ്പോള്‍ വര്‍ഷങ്ങളായി ബിജെപിയിലേക്ക് ക്ഷണിക്കുന്ന നേതാക്കള്‍ക്ക് വഴങ്ങുന്നതാകും രാഷ്ട്രീയ ഭാവിക്ക് നല്ലതെന്ന ചിന്തയും അദ്ദേഹത്തെ നയിച്ചിരിക്കാം എന്ന് വിമര്‍ശകര്‍ പറയുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രിയുടെ സ്ഥാനം ഏറ്റെടുക്കാനുള്ള മറാണ്ടിയുടെ ആഗ്രഹം ഒരിക്കലും ജെവിഎം നല്‍കില്ലെന്ന തിരിച്ചറിവും ഉണ്ടായിരിക്കാം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മറാണ്ടി 81 സീറ്റുകളിലും മത്സരിച്ച് അധികാരം വീണ്ടെടുക്കാന്‍ കഠിനമായി പരിശ്രമിച്ചുവെങ്കിലും വെറും മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത് എന്ന യാഥാര്‍ത്ഥ്യവും അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു.

നേരത്തെ ബിജെപിയോടൊപ്പമുണ്ടായിരുന്ന ഗോത്ര വോട്ടുകള്‍ ഇപ്പോള്‍ ജെഎംഎമ്മിലേക്ക് പോയി. മറാണ്ടിയിലൂടെ അത് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇപ്പോള്‍ ബിജെപിയുമായി ലയിപ്പിച്ച മറാണ്ടിയുടെ ജെവിഎം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആശാവഹമായ വോട്ട് വിഹിതം നേടിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താന്‍ ഇത് പാര്‍ട്ടിയെ സഹായിക്കും. എന്നാല്‍ പാര്‍ട്ടി ഭേദമെന്യേ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ജാര്‍ഖണ്ഡിലുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് നിരവധി പട്ടിണി മരണങ്ങള്‍ അരങ്ങേറിയ സംസ്ഥാനമാണ് ഇത്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പരിഹരിക്കുന്നതിന് സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. പുതിയ സര്‍ക്കാരില്‍ ഇത് ആവര്‍ത്തിക്കുകില്ല എന്ന പ്രതീക്ഷ അവര്‍ വച്ചു പുലര്‍ത്തുന്നു. ഇതില്‍ കൂടുതലും ഗോത്രവംശജരോ മറ്റ് ആദിവാസികളോ ആയിരിക്കാം. മറാണ്ടിക്ക് ഈ മേഖലയില്‍ സ്വാധീനമുള്ളതിനാല്‍ അവിടെയുള്ള പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാന്‍ കഴിയും എന്ന് ബിജെപി വിശ്വസിക്കുന്നു. വികസനം നഗരങ്ങളില്‍ മാത്രമല്ല എന്ന് ജാര്‍ഖണ്ഡ് ബിജെപിയെ പഠിപ്പിച്ചുണ്ട്. അത് മറന്നാല്‍ തിരിച്ചുവരവ് അവര്‍ക്ക് അപ്രാപ്യമാകും എന്നതാണ് യാഥാര്‍ത്ഥ്യം.

Categories: Top Stories