ഓട്ടോ റാങ്കിംഗില്‍ ടെസ്ലയുടെ കുതിപ്പ്

ഓട്ടോ റാങ്കിംഗില്‍ ടെസ്ലയുടെ കുതിപ്പ്
  • എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടെസ്ല 11ാമത്
  • മോഡല്‍ 3 കാറിന്റെ മേന്മ മസ്‌ക്കിന്റെ കമ്പനിക്ക് ഗുണമായി
  • ഒന്നാം സ്ഥാനത്ത് പോര്‍ഷെ തന്നെ

ന്യൂയോര്‍ക്ക്: ഇന്നൊവേഷന്‍ ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയ്ക്ക് ബ്രാന്‍ഡ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം. പുതിയ മോഡല്‍ 3 കാറുകളുടെ പ്രകടനമികവില്‍ കമ്പനി ഓട്ടോ ബ്രാന്‍ഡുകളുടെ റാങ്കിംഗില്‍ ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാമത് എത്തി. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സാണ് പുതിയ ബ്രാന്‍ഡ് റാങ്കിംഗ് പ്രസിദ്ധീകരിച്ചത്.

ഓട്ടോ കമ്പനികളുടെ നൂറുകണക്കിന് വാഹനങ്ങള്‍ പരിശോധിച്ചും റോഡ് ടെസ്റ്റ് നടത്തിയും വിശ്വാസ്യത വിലയിരുത്തിയും കാര്‍ ഉടമകളുടെ സംതൃപ്തി മനസിലാക്കിയും സുരക്ഷ കണക്കിലെടുത്തുമാണ് ബ്രാന്‍ഡ് റാങ്കിംഗ് തയാറാക്കുന്നത്. അതിനാല്‍ തന്നെ വലിയ വിശ്വാസ്യതയുള്ള വിഖ്യാത പട്ടികയാണിത്. 73 സ്‌കോര്‍ നേടിയാണ് ടെസ്ല പതിനൊന്നാമത് എത്തിയത്. 86 സ്‌കോര്‍ നേടി പോര്‍ഷെയാണ് ഒന്നാമത്. ജെനസിസ് രണ്ടാം സ്ഥാനത്തുണ്ട്.

ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ എസ് കാറുകളുടെ വിശ്വാസ്യതയില്‍ വലിയ മെച്ചപ്പെടലുണ്ടായിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സിന്റെ ഓട്ടോ ടെസ്റ്റിംഗ് സീനിയര്‍ ഡയറക്റ്റര്‍ ജേക്ക് ഫിഷര്‍ പറഞ്ഞു. അതാണ് അവരുടെ ബ്രാന്‍ഡ് സ്‌കോര്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം. ആകെ 33 ഓട്ടോ ബ്രാന്‍ഡുകളാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 45,000-55000 ഡോളര്‍ റേഞ്ചിലുള്ള കാറുകളില്‍ ടോപ് പിക്ക് ആയി കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ് ടീം തെരഞ്ഞെടുത്തിരിക്കുന്നതും ടെസ്ലയുടെ മോഡല്‍ 3 വാഹനത്തെയാണ്.

ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ടെസ്ലയ്ക്ക് സ്ഥിരതയോടെയുള്ള മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നതായാണ് മോഡല്‍ 3യുടെ റിവ്യു വെളിപ്പെടുത്തുന്നത്. 2018ല്‍ ഈ കാറുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അതിവേഗം അതെല്ലാം മറികടന്ന് ഗുണനിലവാരം ഉയര്‍ത്താന്‍ മസ്‌ക്കിനായി. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള അമേരിക്കന്‍ ഓട്ടോമോട്ടീവ് കമ്പനിയാണ് ടെസ്ല. വൈദ്യുതി കാറുകളുടെ ഡിസൈന്‍, നിര്‍മ്മാണം, വില്‍പ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിര്‍മ്മാണവും കമ്പനി നടത്തുന്നുണ്ട്. ജൂലൈ 2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞന്‍ നിക്കോള ടെസ്‌ലയുടെ പേരില്‍ ആണ് അറിയപ്പെടുന്നത്. മേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 ന്റെ ആദ്യ പാദത്തില്‍ ആണ് ആദ്യമായി ടെസ്ല ലാഭം നേടിയത്.

ടെസ്‌ല റോഡ്സ്റ്റര്‍ എന്ന പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചതോടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ വലിയ സൗകര്യങ്ങള്‍ ഉള്ള ഒരു സെഡാനും പുറത്തിറക്കി. അതിന് ശേഷം ക്രോസ്സോവര്‍ വാഹനമായ മോഡല്‍ എക്‌സും വിപണിയിലെത്തിച്ചു. 2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പ്പന നേടിയ വൈദ്യുതി കാര്‍ ആയി മോഡല്‍ എസ് മാറുകയും ചെയ്തു.

ഫിയറ്റിനെയാണ് ഏറ്റവും മോശം ബ്രാന്‍ഡായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. റാങ്കിംഗിനോട് ഇവര്‍ പ്രതികരിച്ചിട്ടില്ല. ഒന്നാം സ്ഥാനത്തുള്ള പോര്‍ഷെയുടെ ഉടമസ്ഥാവകാശം കൈയാളുന്നത് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പാണ്.

ഏറ്റവും മികച്ച 11 ഓട്ടോ ബ്രാന്‍ഡുകള്‍

കമ്പനി സ്‌കോര്‍

പോര്‍ഷെ 86
ജെനെസിസ് 84
സുബാരു 81
മസ്ദ 79
ലെക്‌സസ് 77
ഔഡി 77
ഹ്യുണ്ടായ് 75
ബിഎംഡബ്ല്യു 75
കിയ 74
മിനി 74
ടെസ്ല 73

Comments

comments

Categories: FK News