ഏഥര്‍ എനര്‍ജി കൊച്ചിയിലേക്ക്

ഏഥര്‍ എനര്‍ജി കൊച്ചിയിലേക്ക്

പുതുതായി കൊച്ചി, കോയമ്പത്തൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്

ന്യൂഡെല്‍ഹി: ഈ വര്‍ഷം നാല് പുതിയ നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. പുതുതായി കൊച്ചി, കോയമ്പത്തൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്. നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി പ്രവര്‍ത്തിക്കുന്നത്. ദേശീയ തലസ്ഥാന മേഖല, മുംബൈ, പുണെ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജനുവരിയില്‍ ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ പ്രഖ്യാപനത്തിലാണ് കൊച്ചി ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളെ ഉള്‍പ്പെടുത്തിയത്.

ഏഥര്‍ 450എക്‌സ് എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് രാജ്യമെങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഏഥര്‍ എനര്‍ജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹ സ്ഥാപകനുമായ തരുണ്‍ മേഹ്ത്ത പറഞ്ഞു. പ്രധാന മെട്രോ നഗരങ്ങളില്‍നിന്ന് മാത്രമല്ല, നിരവധി രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍നിന്നുപോലും പ്രീ-ഓര്‍ഡര്‍ ലഭിക്കുകയാണ്. റീട്ടെയ്ല്‍ പങ്കാളിയാകുന്നതിന് രണ്ടായിരത്തോളം അപേക്ഷകളും ലഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് ആകെ പത്ത് നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുമെന്ന് തരുണ്‍ മേഹ്ത്ത പറഞ്ഞു. 2023 ഓടെ പ്രവര്‍ത്തനം മുപ്പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊച്ചി ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ വരും മാസങ്ങളില്‍ അതിവേഗ ചാര്‍ജിംഗ് സൗകര്യം സജ്ജീകരിച്ചുതുടങ്ങും. ഇതിനുശേഷമായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുന്നത്. ഈ നഗരങ്ങളില്‍നിന്ന് ഡീലര്‍ഷിപ്പ് അപേക്ഷകള്‍ ലഭിക്കുന്നതായി ഏഥര്‍ എനര്‍ജി വ്യക്തമാക്കി.

പ്ലസ്, പ്രോ എന്നീ രണ്ട് പെര്‍ഫോമന്‍സ് പാക്കുകളിലാണ് ഏഥര്‍ 450എക്‌സ് ലഭിക്കുന്നത്. 2.9 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ റൈഡ് മോഡില്‍ 75 കിലോമീറ്ററും ഇക്കോ മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാം. പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് (പിഎംഎസ്) മോട്ടോര്‍ 6 കിലോവാട്ട് പരമാവധി കരുത്തും 26 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-40 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 3.3 സെക്കന്‍ഡ് മതി. ഇക്കോ, റൈഡ്, വാര്‍പ്പ് എന്നിവയാണ് മൂന്ന് റൈഡിംഗ് മോഡുകള്‍.

Comments

comments

Categories: Auto