അഫ്ഗാനില്‍ ഒരാഴ്ചത്തേക്ക് ആക്രമണം അവസാനിക്കുന്നു

അഫ്ഗാനില്‍ ഒരാഴ്ചത്തേക്ക് ആക്രമണം അവസാനിക്കുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഒരുങ്ങുന്നതായി അഫ്ഗാന്‍ അധികൃതര്‍ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സൈന്യവും താലിബാനും പോരാട്ടം അവസാനിപ്പിക്കും. ഭാവിയില്‍ ഇത് അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈനികരുടെ പിന്മാറ്റത്തിന് ഇടയാക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.

ഒരാഴ്ചത്തേക്ക് അക്രമമവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക താലിബാനുമായി ധാരണയിലെത്തിയിട്ടുണ്ട്. ഖത്തറില്‍ ആരംഭിച്ച യുഎസ്- താലിബാന്‍-അഫ്ഗാന്‍ ചര്‍ച്ചക്കിടെയാണ് തീരുമാനമായത്. പദ്ധതിയുടെ അടിസ്ഥാനത്തില്‍ താലിബാനും അന്താരാഷ്ട്ര, അഫ്ഗാന്‍ സുരക്ഷാ സേനയും തമ്മില്‍ ഒരാഴ്ചത്തേക്ക് അക്രമം കുറയ്ക്കല്‍ ആരംഭിക്കുമെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാവിദ് ഫൈസല്‍ പറഞ്ഞു. ഇത് കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോകുമെന്നും വെടിനിര്‍ത്തലിനും അഫ്ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ക്കും വഴിതുറക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മുതിര്‍ന്ന താലിബാന്‍ നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തെ ”വെടിനിര്‍ത്തല്‍” എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ദോഹ ആസ്ഥാനമായുള്ള ഒരു താലിബാന്‍ നേതാവ് പറഞ്ഞു.

”ഈ ഏഴു ദിവസങ്ങളില്‍ പരസ്പരം ആക്രമണം ഉണ്ടാകില്ല,” താലിബാന്‍ നേതാവ് പറഞ്ഞു. ”ഇത് അഫ്ഗാനിസ്ഥാനില്‍ ഒരു സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ്, യുഎസുമായി സമാധാന കരാര്‍ ഒപ്പിട്ട ശേഷം കാര്യങ്ങള്‍ ശരിയായി നടക്കുകയാണെങ്കില്‍ അത് വിപുലീകരിക്കാന്‍ കഴിയും”- താലിബാന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇതൊരു തുടക്കമാണെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത്. ഈ നടപടിയിലൂടെ അഫ്ഗാനില്‍ സമാധാനം സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു.

Comments

comments

Categories: FK News
Tags: Afghan