2040ഓടെ എല്‍എന്‍ജിക്കുള്ള ഡിമാന്‍ഡ് ഇരട്ടിക്കുമെന്ന് ഷെല്‍

2040ഓടെ എല്‍എന്‍ജിക്കുള്ള ഡിമാന്‍ഡ് ഇരട്ടിക്കുമെന്ന് ഷെല്‍

ചൈനയിലും ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ വിപണികളിലും ഡിമാന്‍ഡ് കൂടും

മസ്‌കറ്റ്: ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ആവശ്യകതയിലുള്ള വളര്‍ച്ച 2040 ഓടെ ഇരട്ടിയാകുമെന്ന് ഊര്‍ജരംഗത്തെ മുന്‍നിര കമ്പനിയായ ഷെല്‍. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കല്‍ക്കരി പോലുള്ള ഇന്ധനങ്ങളില്‍ നിന്നും ലോകരാജ്യങ്ങള്‍ പിന്തിരിയുന്നതോടെ രണ്ട് ദശാബ്ദത്തിനുള്ളില്‍ എല്‍എന്‍ജിക്കുള്ള ഡിമാന്‍ഡ് 700 മില്യണ്‍ ടണ്‍ ആയി വര്‍ധിക്കുമെന്ന് ഷെല്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം എല്‍എന്‍ജിക്കുള്ള ഡിമാന്‍ഡ് 12.5 ശതമാനം വളര്‍ന്ന് 359 മില്യണ്‍ ടണ്ണില്‍ എത്തിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഷെല്‍ വ്യക്തമാക്കി. വൈദ്യുത-വൈദ്യുതേതര മേഖലകളില്‍ എല്‍എന്‍ജിക്കും പ്രകൃതിവാതകത്തിനും ഡിമാന്‍ഡ് കൂടി. വരുംവര്‍ഷങ്ങളിലും എല്‍എന്‍ജി വിപണി കൂടുതല്‍ വളരുമെന്ന് ഷെല്ലിലെ എകീകൃത വാതക, ന്യൂ എന്‍ജീസ് ഡയറക്ടര്‍ മാര്‍ട്ടിന്‍ വെറ്റ്‌സെലാര്‍ അഭിപ്രായപ്പെട്ടു.

പ്രകൃതിവാതകത്തിന്, പ്രത്യേകിച്ച് സൂപ്പര്‍ ചില്‍ഡ് ഇനത്തിലുള്ള എല്‍എന്‍ജിക്ക് ഏഷ്യന്‍ വിപണികളില്‍ ഡിമാന്‍ഡ് കൂടിവരികയാണ്. ചൈനയിലാണ് ഇവയ്ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. വന്‍കിട നഗരങ്ങളെല്ലാം വായുമലിനീകരണത്തിന്റെ പിടിയിലമര്‍ന്നതോടെ മലിനീകരണത്തിന് കാരണമാകുന്ന കല്‍ക്കരി വിട്ട് സംശുദ്ധമായ പ്രകൃതിവാതകത്തിലേക്ക് നീങ്ങുകയാണ് ചൈന. കല്‍ക്കരി പുറന്തള്ളുന്നതിനേക്കാള്‍ 55 ശതമാനം കുറവ് ഹരിതഗൃഹ വാതകങ്ങളാണ് എല്‍എന്‍ജി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. കല്‍ക്കരിയെ അപേക്ഷിച്ച് വായു മലിനീകരണത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളും പത്തിലൊന്ന് കുറവാണ് എല്‍എന്‍ജിയില്‍.

ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതിക്കാര്‍. എന്നാല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലും ആണവോര്‍ജ വിതരണം ശക്തമായതോടെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഷ്യയില്‍ എല്‍എന്‍ജിക്ക് നേരിയ ഡിമാന്‍ഡ് വര്‍ധനവ് മാത്രമാണ് സമീപകാലത്ത് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ചൈനയില്‍ കഴിഞ്ഞവര്‍ഷം എല്‍എന്‍ജി ഇറക്കുമതിയില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ചൈനയുടെ നടപടികളുടെ ഭാഗമാണ് ഇതെന്ന് ഷെല്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും എല്‍എന്‍ജിക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. 36 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം അധികമാണത്.കല്‍ക്കരി ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യ 2020നും 2030നും ഇടയില്‍ മൊത്തം ഊര്‍ജ ആവശ്യങ്ങളില്‍ പ്രകൃതിവാതകത്തിനുള്ള പങ്ക് 6.2 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ്.

കൊറോണവൈറസ് രോഗം ചൈനയുടെ എല്‍എന്‍ജി ഡിമാന്‍ഡില്‍ ഇടിവുണ്ടാക്കതിനെ തുടര്‍ന്ന് എല്‍എന്‍ജിയുടെ വിപണി സാഹചര്യങ്ങള്‍ ദുര്‍ബലപ്പെട്ടെങ്കിലും ഡിമാന്‍ഡ് വളര്‍ച്ചയും വിതരണവും ശക്തിപ്പെടുന്നതോടെ 2020 മധ്യത്തില്‍ വിപണി സന്തുലിതാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എന്‍എന്‍ജി വില്‍പ്പനക്കാരായ ഷെല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia
Tags: LNG, Shell

Related Articles