ടെലികോം കമ്പനികള്‍ക്ക് വീണ്ടും പിഴ വരുന്നു

ടെലികോം കമ്പനികള്‍ക്ക് വീണ്ടും പിഴ വരുന്നു

2018, 2019 സാമ്പത്തിക വര്‍ഷങ്ങളിലെ സ്‌പെക്ട്രം യൂസേജ് ഫീ, ലൈസന്‍സ് ഫീ എന്നിവ കണക്കാക്കാനുള്ള നടപടിക്രമങ്ങള്‍ ടെലികോം വകുപ്പ് ആരംഭിച്ചു

ന്യൂഡെല്‍ഹി: എജിആര്‍ (അഡജസ്റ്റഡ് ഗ്രോസ് റവന്യൂ) പിഴത്തുക അടയ്ക്കാന്‍ പെടാപ്പാട് പെടുന്ന ടെലികോം കമ്പനികളുടെ തലയിലേക്ക് ഇടിത്തീ പോലെ അടുത്ത ഘട്ട പിഴ ബാധ്യതയും വരുന്നു. 2018, 2019 സാമ്പത്തിക വര്‍ഷങ്ങളിലെ സ്‌പെക്ട്രം യൂസേജ് ഫീ, ലൈസന്‍സ് ഫീ എന്നിവ കണക്കാക്കാനുള്ള നടപടിക്രമങ്ങള്‍ ടെലികോം വകുപ്പ് ആരംഭിച്ചു. നിലവില്‍ 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള എജിആര്‍ പിഴത്തുക മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരമുള്ള 1.47 ലക്ഷം കോടി രൂപ അടിയന്തരമായി അടയ്ക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പിഴത്തുക ഗഡുക്കളായി അടച്ചു വരികയാണ് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയടക്കമുള്ള കമ്പനികള്‍. ഇതില്‍ 96,600 കോടി രൂപ ലൈസന്‍സ് ഫീ ഇനത്തിലും 55,100 കോടി രൂപ സ്‌പെക്ട്രം യൂസേജ് ഫീ ഇനത്തിലുമാണ്.

പുതിയ എജിആര്‍ കണക്കാക്കലിന് കാലതാമസമെടുക്കുമെന്നും നോട്ടീസുകള്‍ അതിന് ശേഷമാവും നല്‍കുകയെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു. എന്നിരുന്നാലും, കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കമ്പനികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കും ഒരുപക്ഷേ അടച്ചുപൂട്ടലിലേക്കും നയിക്കാവുന്നതാണ് പുതിയ സാഹചര്യം. എയര്‍ടെല്‍ 35,600 കോടി രൂപയും വോഡഫോണ്‍-ഐഡിയ 53,000 കോടി രൂപയുമാണ് എജിആര്‍ പിഴത്തുകയായി കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നല്‍കേണ്ടത്. റിലയന്‍സ് കമ്യൂണിക്കേഷന് 21,200 കോടി രൂപയുടേയും ടാറ്റ ടെലി സര്‍വീസസിന് 13,800 കോടി രൂപയുടേയും ബാധ്യതയുണ്ട്.

തിരിച്ചടവ്

പിഴത്തുക മുഴുവന്‍ ഉടന്‍ തിരിച്ചടക്കണമെന്ന് കാട്ടി വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലിര്‍വീസസ് എന്നിവയ്ക്ക് പുതിയ നോട്ടീസ് ടെലികോം വകുപ്പ് ഈയാഴ്ച അയയ്ക്കും. എജിആര്‍ ഇനത്തില്‍ 1,000 കോടി രൂപ കൂടി വോഡഫോണ്‍ ഇന്നലെ അടച്ചു. തിങ്കളാഴ്ച നല്‍കിയ 2,500 കോടിക്ക് പുറമെയാണ് ഇത്. എയര്‍ടെല്‍ 10,000 കോടി രൂപ തിങ്കളാഴ്ച അടച്ചിരുന്നു. ടാറ്റ ടെലിസര്‍വീസസ് തിങ്കളാഴ്ച 2,197 കോടി രൂപയും തിരിച്ചടച്ചു.

Comments

comments

Categories: FK News