അണ്‍അക്കാഡമിയുടെ മൂല്യം 510 ദശലക്ഷം ഡോളറായി ഉയര്‍ന്നു

അണ്‍അക്കാഡമിയുടെ മൂല്യം 510 ദശലക്ഷം ഡോളറായി ഉയര്‍ന്നു
  • ഏറ്റവും പുതിയ നിക്ഷേപസമാഹരണം 110 ദശലക്ഷം ഡോളര്‍
  • 12 മാസങ്ങള്‍ക്കുള്ളില്‍ 9 മടങ്ങ് വളര്‍ച്ച

ബെംഗളുരു: പുതിയ നിക്ഷേപ സമാഹരണത്തോടെ എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അണ്‍അക്കാഡമിയുടെ മൂല്യം 510 ദശലക്ഷം ഡോളറായി ഉയര്‍ന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ ഫേസ്ബുക്ക്, യുഎസിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരില്‍ നിന്നും 110 ദശലക്ഷം ഡോളര്‍ സമാഹരിച്ചതോടുകൂടിയാണ് അണ്‍അക്കാഡമിയുടെ മൂല്യം ഉയര്‍ന്നത്.

അണ്‍അക്കാഡമിയുടെ നിലവിലെ നിക്ഷേപകരായ സെക്കോയ ഇന്ത്യ, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സ്റ്റഡ്‌വ്യൂകാപ്പിറ്റല്‍, ബ്ലൂം വെഞ്ച്വേഴ്‌സ് തുടങ്ങിയ കമ്പനികളും നിക്ഷപക റൗണ്ടില്‍ പങ്കെടുത്തിരുന്നു. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന അണ്‍അക്കാഡമി, മത്സരപ്പരീക്ഷകളുടെ എണ്ണം വര്‍ധിപ്പിക്കാനും മുന്‍നിര വിദ്യാഭ്യാസ വിദഗ്ധരെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാനും ഉള്ളടക്കത്തിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്താനും നിക്ഷേപത്തുക വിനിയോഗിക്കും. ഒരു വര്‍ഷം മുമ്പാണ് വരുമാനത്തില്‍ കമ്പനി വളര്‍ച്ച നേടാന്‍ തുടങ്ങിയത്. ആദ്യ മാസത്തില്‍ രണ്ട് കോടി രൂപ വരുമാനം നേടിയ കമ്പനി കഴിഞ്ഞ മാസം 18 കോടി രൂപയുടെ വരുമാനം സ്വന്തമാക്കിയെന്ന് അണ്‍അക്കാഡമി സിഇഒ ഗൗരവ് മുംജാള്‍ പറഞ്ഞു. 12 മാസങ്ങള്‍ക്കുള്ളില്‍ 9 മടങ്ങ് വളര്‍ച്ച നേടാന്‍ കഴിഞ്ഞ കമ്പനി തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ നേട്ടം ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90,000 സജീവ ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്ത് ലൈവ്‌സ്ട്രീമില്‍ പരിശീലനം നേടുന്ന പ്ലാറ്റ്‌ഫോമില്‍ പതിനായിരത്തോളം അധ്യാപകരാണുള്ളത്. യുടൂബില്‍ വീഡിയോ പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്. പ്രതിമാസം 150 ദശലക്ഷം പേരാണ് ചാനല്‍ സന്ദര്‍ശിക്കാറുള്ളതെന്നും കമ്പനി അവകാഷപ്പെടുന്നു.

Comments

comments

Categories: FK News
Tags: Unacademy