സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, പരിപോഷണത്തില്‍ 131ല്‍

സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, പരിപോഷണത്തില്‍ 131ല്‍

അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും അളവു കോലുകളാണ് പരിപോഷണ റാങ്കിംഗിനായി കണക്കാക്കിയത്

ന്യൂഡെല്‍ഹി: പ്രതിശീര്‍ഷ കാര്‍ബണ്‍ പുറംതള്ളല്‍, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരു രാജ്യത്തിലെ കുട്ടികളുടെ കഴിവ് എന്നിവ വ്യക്തമാക്കുന്ന സുസ്ഥിരതാ സൂചികയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്. ഐക്യ രാഷ്ട്ര സഭയുടെ പിന്തുണയോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കുട്ടികളുടെ അതിജീവനവും ജീവിത നിലവാരം അടിസ്ഥാനമാക്കിയുള്ള പരിപോഷണ റാങ്കിംഗില്‍ ഇന്ത്യ 133-ാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്.

കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ വിഷയങ്ങളില്‍ വിദഗ്ധരായ, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 40ഓളം പേരടങ്ങിയ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്), ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ എന്നിവയാണ് പഠനത്തെ പിന്തുണച്ചത്. 180 രാജ്യങ്ങളില്‍ പുതിയ തലമുറയ്ക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള ശേഷിയാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും അളവു കോലുകളാണ് പരിപോഷണ റാങ്കിംഗിനായി കണക്കാക്കിയത്. മാതാക്കളുടെ അതിജീവനം, 5 വയസിന് താഴെയുള്ള കുട്ടികളിലെ അതിജീവനം, ആത്മഹത്യ, മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ലഭ്യത, അടിസ്ഥാന ശുചിത്വം, കടുത്ത ദാരിദ്ര്യത്തിന്റെ അഭാവം എന്നിവയാണ് അതിജീവനം കണക്കാക്കുന്നതിന് പരിഗണിച്ചത്. വിദ്യാഭ്യാസ നേട്ടം, വളര്‍ച്ചയും പോഷണവും, പ്രത്യുല്‍പ്പാദന സ്വാതന്ത്ര്യം, അക്രമത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയായിരുന്നു ജീവിത നിലവാരം അളക്കുന്നതിന് വിലയിരുത്തിയത്.

കുട്ടികള്‍ക്ക് നിലനില്‍ക്കാനും അഭിവൃദ്ധി പ്രാപിക്കാനും നിലവിലെ ദേശീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി എടുക്കുന്ന നടപടികള്‍ ഭാവിയിലെ ആഗോള സാഹചര്യങ്ങളില്‍ അതിജീവിക്കാനും വളരാനുമുള്ള അവരുടെ സാധ്യതകളെ ഇല്ലാതാക്കിക്കൊണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ സംബന്ധിച്ച് 2030നുള്ളില്‍ കൈവരിക്കാന്‍ യുഎന്‍ നിശ്ചയിച്ച ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. മുഴുവന്‍ കുട്ടികള്‍ക്കും വളരാനും ആരോഗ്യകരമായ ഭാവി ഉറപ്പാക്കാനുമായ സാഹചര്യം ഒരു രാഷ്ട്രങ്ങളിലുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിജീവനം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര നിരക്ക് എന്നിവയില്‍ നോര്‍വേയാണ് മുന്നില്‍. ദക്ഷിണ കൊറിയയും നെതര്‍ലാന്‍ഡും തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലുണ്ട്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചാര്‍ജ്, സൊമാലിയ എന്നിവയാണ് ഈ പട്ടികയില്‍ ഏറ്റവും താഴെയുള്ളത്. പക്ഷേ, പ്രതിശീര്‍ഷപുറം തള്ളല്‍ കണക്കെടുക്കുമ്പോള്‍ നോര്‍വേ 156-ാം സ്ഥാനത്താണ്. കൊറിയന്‍ റിപ്പബ്ലിക് 166ലും നെതര്‍ലാന്‍ഡ്‌സ് 160ലും നില്‍ക്കുന്നു.

Comments

comments

Categories: Business & Economy