കോണ്‍ഗ്രസില്‍ നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണം: ശശി തരൂര്‍

കോണ്‍ഗ്രസില്‍ നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണം: ശശി തരൂര്‍

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ എംപിയുമായ ശശി തരൂര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറാന്‍ കോണ്‍ഗ്രസ് വീണ്ടും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. മുന്‍ എംപിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത്തിന്റെ വാര്‍ത്തയെ ഉദ്ധരിച്ചാണ് തിരുവനന്തപുരം എംപി തന്റെ അഭിപ്രായങ്ങള്‍ ട്വീറ്റ് ചെയ്തത്. പാര്‍ട്ടിയിലെ ഇന്നത്തെ മന്ദതയെ ചോദ്യം ചെയ്യുന്നതും കോണ്‍ഗ്രസിലെ പരിഹരിക്കപ്പെടാത്ത നേതൃത്വ പ്രശ്നങ്ങളില്‍ ഉന്നതനേതൃത്വത്തിന്റെ നിശബ്ദതതെക്കെതിരെയുമാണ് സന്ദീപ് ദീക്ഷിതിന്റെ വാര്‍ത്ത. ”നേതാക്കളില്‍ ഭൂരിഭാഗവും, രാജ്യസഭയിലുള്ളവരും, മുന്‍ മുഖ്യമന്ത്രിമാരും, നിലവിലുള്ള മുഖ്യമന്ത്രിമാരുമാണ്. അവര്‍ വളരെ മുതിര്‍ന്നവരാണ്. ഇവര്‍ മുന്നോട്ടുവന്ന് കോണ്‍ഗ്രസിനെ മികച്ച നിലയിലെത്തിക്കേണ്ട സമയമാണിതെന്ന് കരുതുന്നു”-ദീക്ഷിത് ഒരു മാധ്യമത്തോട് വിശദീകരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചു. തുടര്‍ന്ന സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി. നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ പ്രസിഡന്റായി തുടരാന്‍ പ്രേരിപ്പിക്കുയാണ്. മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി പറഞ്ഞു: ”മറ്റ് ക്രമീകരണങ്ങളില്ലാത്ത സാഹചര്യത്തില്‍, പ്രത്യേകിച്ചും രാഹുല്‍ സജീവമായിരിക്കാന്‍ തയ്യാറാകാത്തപ്പോള്‍, ആരെങ്കിലും പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നത് സോണിയാ ഗാന്ധി ഇഷ്ടപ്പെടുന്നില്ല”.

മഹത്തായ പഴയ പാര്‍ട്ടി നിലവില്‍ അതിജീവനത്തിനായി പോരാടുകയാണ്.പ്രത്യേകിച്ചും ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം. ഡെല്‍ഹിയില്‍ മത്സരിച്ച 66 സ്ഥാനാര്‍ത്ഥികളില്‍ 63പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടപ്പെട്ടത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിന് ആകെ വോട്ടുകളുടെ 4.26 ശതമാനം മാത്രമേ നേടാനായുള്ളൂ. ഡെല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്ഏറ്റവും വലിയ ദുരന്തമായി കഴിഞ്ഞ തെരഞ്ഞെടുപ്പ് മാറി. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തെക്കുറിച്ചും ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നില്ലെങ്കില്‍ അത് അപ്രസക്തമാകാനുള്ള സാധ്യതയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഇന്ന് വെന്റിലേറ്ററില്‍ ആണെന്നും പ്രവര്‍ത്തകരെ ശക്തിപ്പെടുത്തണമെന്നും മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Politics

Related Articles