ബാൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ഇന്ത്യ-യുഎസ് ധാരണാപത്രം

ബാൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ഇന്ത്യ-യുഎസ് ധാരണാപത്രം

ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 3ഡി നീക്കം ചെയ്യുന്നതിന് യുഎസ് ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബൗദ്ധിക സ്വത്തവകാശവുമായി (ഐപിആര്‍) ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഐപിആര്‍ വിഷയത്തില്‍ യുഎസുമായുള്ള ധാരണാപത്രത്തിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയതായി വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐപിആര്‍ സംവിധാനങ്ങളെ സമ്പന്നമാക്കുന്ന തരത്തില്‍ പരസ്പരം ഈ മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനം കൈമാറുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുഎസ് ചേംബറിന്റെ അന്താരാഷ്ട്ര ഐപി സൂചികയില്‍ ഇന്ത്യ 40-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ നടപ്പിലായിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ഐപി നിയമങ്ങളിലെ അപാകതകള്‍ കാരണം യുഎസ് കമ്പനികള്‍ക്കുള്ള വ്യാപാര തടസ്സങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്നാണ് യുഎസ് അധികൃതരുടെ വാദം.

ഫെബ്രുവരി 24-25 തീയതികളിലായുള്ള ട്രംപിന്റെ കന്നി ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം വരുന്നത്. രാജ്യത്തിന്റെ ഐപിആര്‍ നിയമങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പരിശോധിക്കുന്നുണ്ട്. യുഎസ് കമ്പനികളുടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തെ കുറിച്ച് ട്രംപ് മുമ്പ് പലകുറി പ്രതികരിച്ചിട്ടുണ്ട്.

ധാരണാപത്രം നിയമപരമായ ബാധ്യതള്‍ ഉറപ്പാക്കുന്നതല്ല. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 3ഡി നീക്കം ചെയ്യുന്നതിന് യുഎസ് ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പഴയ പതിപ്പുകളില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ഇനങ്ങള്‍ക്കും പേറ്റന്റ് നല്‍കുന്നത് തടയുന്ന വകുപ്പാണിത്. ഇക്കാര്യത്തില്‍ ജാഗ്രതാപൂര്‍ണമായ സമീപനം ഇന്ത്യ കൈക്കൊള്ളേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News