ഹാര്‍ലിയുമായി സഹകരിക്കാന്‍ ഹീറോ

ഹാര്‍ലിയുമായി സഹകരിക്കാന്‍ ഹീറോ

യുഎസ് ബ്രാന്‍ഡ് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് പവന്‍ മുഞ്ജാല്‍

ന്യൂഡെല്‍ഹി: അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹീറോ മോട്ടോകോര്‍പ്പ്. മില്‍വൗക്കീ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ വിപണിക്കായി ചെറിയ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. എത്രയും വേഗം പങ്കാളിത്തം സ്ഥാപിച്ചാല്‍ ഇരുകൂട്ടര്‍ക്കും നല്ലതാണെന്ന് പവന്‍ മുഞ്ജാല്‍ പ്രസ്താവിച്ചു. എന്നാല്‍ രണ്ട് ബ്രാന്‍ഡുകളും ഇതുവരെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ല.

ഹീറോയും ഹാര്‍ലിയും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കാനുള്ള സാധ്യത ഇതാദ്യമായല്ല തെളിയുന്നത്. ഇന്ത്യയ്ക്കും മറ്റ് വളര്‍ന്നുവരുന്ന ഏഷ്യന്‍ വിപണികള്‍ക്കുമായി പുതിയ മോഡലുകള്‍ വികസിപ്പിക്കുമെന്ന് 2018 ല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ പങ്കാളിയെ (മിക്കവാറും ഹീറോ) തേടുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണുമായി ചേര്‍ന്ന് ഒരു ഉല്‍പ്പന്നവും നിര്‍മിക്കുന്നില്ലെന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. പിന്നീട് ഇരു കമ്പനികളും ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നു. അപ്പോഴും ഇരു കൂട്ടരുടെയും ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചില്ല. അതുകൊണ്ടുതന്നെ പവന്‍ മുഞ്ജാലിന്റെ ഇപ്പോഴത്തെ പ്രസ്താവന പ്രതീക്ഷയേകുന്നതാണ്.

ഇത് പങ്കാളിത്തങ്ങളുടെ കാലമാണെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് നല്ലൊരു പങ്കാളിയെ ലഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ചില സെഗ്‌മെന്റുകളില്‍ പ്രവേശിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഉയര്‍ന്ന സെഗ്‌മെന്റുകളില്‍ സാന്നിധ്യമറിയിക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ആഗ്രഹിക്കുന്നതായും പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിത്തം പാടില്ല എന്നും അദ്ദേഹം ചോദിച്ചു.

ഹാര്‍ലി ഡേവിഡ്‌സണും ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ക്യുയാന്‍ജിയാംഗും (ബെനല്ലിയുടെ ഉടമ) കഴിഞ്ഞ വര്‍ഷം പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ഇന്ത്യയ്ക്കും മറ്റ് ഏഷ്യന്‍ വിപണികള്‍ക്കുമായി ചെറിയ ഡിസ്‌പ്ലേസ്‌മെന്റിലുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍മിക്കുന്നതിനാണ് ഈ സഹകരണം. 338 സിസി ഹാര്‍ലി ഡേവിഡ്‌സണ്‍ ഈ വര്‍ഷം ജൂണില്‍ ചൈനീസ് വിപണിയിലും തുടര്‍ന്ന് ഇന്ത്യയിലും അവതരിപ്പിക്കും.

ഹാര്‍ലിയും ഹീറോയും തമ്മിലുള്ള പങ്കാളിത്തം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ ആദ്യത്തേത് ആയിരിക്കില്ല. ബജാജ്-കെടിഎം, ടിവിഎസ്-ബിഎംഡബ്ല്യു മോട്ടോറാഡ് സഖ്യങ്ങള്‍ തുടരുകയാണ്. ബജാജ്-കാവസാക്കി സഖ്യം ഇപ്പോള്‍ വേര്‍പിരിഞ്ഞു. എംവി അഗസ്റ്റ, മോട്ടോ ഗുസി ബ്രാന്‍ഡുകളുമായി കൈനറ്റിക് പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നു. മിഡ്‌സൈസ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നതിന് ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഈയിടെയാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

Comments

comments

Categories: Auto