മര്‍ഷലിലെ 70 ശതമാനം ഓഹരികള്‍ ബഹ്‌റൈനിലെ ജിഎഫ്എച്ച് ഗ്രൂപ്പ് വാങ്ങി

മര്‍ഷലിലെ 70 ശതമാനം ഓഹരികള്‍ ബഹ്‌റൈനിലെ ജിഎഫ്എച്ച് ഗ്രൂപ്പ് വാങ്ങി

ഗൗരവ് ധര്‍ മര്‍ഷല്‍ സിഇഒ ആയി തുടരും

ബഹ്‌റൈന്‍: പശ്ചിമേഷ്യയിലെ ആദ്യകാല ഫിന്‍ടെക് കമ്പനികളിലൊന്നായ മര്‍ഷലിലെ 70 ശതമാനം ഓഹരികള്‍ ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വന്തമാക്കി. ജിഎഫ്എച്ചിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗമായ ജിഎഫ്എച്ച് കാപ്പിറ്റലിലൂടെയാണ് ഏറ്റെടുക്കല്‍ നടത്തിയത്.

1981ല്‍ സ്ഥാപിതമായ ദുബായ് ആസ്ഥാനമായുള്ള മര്‍ഷല്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലുതും മേഖലയില്‍ ആദ്യം പണമിടപാട് സാങ്കേതികവിദ്യ അവതരിപ്പിച്ച കമ്പനിയുമാണ്. പതിനാറോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മര്‍ഷലിന് യുഎഇയില്‍ 85 ശതമാനത്തിലധികം വിപണി പങ്കാളിത്തമുണ്ട്. മേഖലയിലെ ഏറ്റവും വലിയ പണമിടപാട്, ധനകാര്യ സ്ഥാപനങ്ങളായ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷണല്‍, നാഷണല്‍ ബാങ്ക് അബുദാബി, മഷ്‌റെഖ് ബാങ്ക്, ക്രെഡിമാക്‌സ്, നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ മര്‍ഷലിന്റെ ഇടപാടുകാരാണ്.

ടെക്‌നോളജി രംഗത്ത് ജിഎഫ്എച്ച് നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ് മര്‍ഷലിലേത്. പണമിടപാട് സാങ്കേതികവിദ്യ രംഗത്തെ തുടക്കക്കാരും മേഖലയിലെ മുന്‍നിര ഫിന്‍ടെക് കമ്പനിയുമായ മര്‍ഷലിലെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സാധിച്ചതില്‍ സസന്തോഷമുണ്ടെന്ന് ജിഎഫ്എച്ച് സിഇഒ ഹിഷാം അല്‍റെയ്‌സ് പറഞ്ഞു. ഈ സുപ്രധാന ചുവടുവെപ്പോടെ ഫിന്‍ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പുതിയ അവസരങ്ങള്‍ കണ്ടെത്തുമെന്നും മര്‍ഷല്‍ സ്ഥാപകനും ചെയര്‍മാനുമായ അനില്‍ ധര്‍ പറഞ്ഞു. സാങ്കേതികവിദ്യ സംരംഭകനും ആഗോള ഫിന്‍ടെക് നിക്ഷേപകനുമായ ഗൗരവ് ധര്‍ മര്‍ഷലിന്റെ സിഇഒ സ്ഥാനത്ത് തുടരും.

Comments

comments

Categories: Arabia