ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാന്തരീക്ഷം കടുത്തത്: ഫിച്ച് റേറ്റിംഗ്‌സ്

ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാന്തരീക്ഷം കടുത്തത്: ഫിച്ച് റേറ്റിംഗ്‌സ്

ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനമായി കുറയുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു

മുംബൈ: സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങളിലെ മാന്ദ്യത്തിന്റെയും ദുര്‍ബലമായ ഫണ്ടിംഗ് സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രയാസകരമായ പ്രവര്‍ത്തന അന്തരീക്ഷം നേരിടുകയാണെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ (എന്‍ബിഎഫ്‌ഐ) വായ്പ ലഭ്യത ദുര്‍ബലമാകുകയും ബിസിനസ്സ്, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവ കുറയുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനമായി കുറയുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ യഥാര്‍ത്ഥ വളര്‍ച്ച അടുത്ത വര്‍ഷം 5.6 ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌ഐകള്‍ക്കുമായ് ഫിച്ച് നല്‍കിയിട്ടുള്ള നെഗറ്റീവ് കാഴ്ചപ്പാടിന് അനുസൃതമായി ഫണ്ടിംഗ് സാഹചര്യം ദുര്‍ബലമായി തുടരാനും ഈ വര്‍ഷം മുഴുവനും ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. എന്‍ബിഎഫ്‌സികള്‍, റിയല്‍ എസ്റ്റേറ്റ്, എസ്എംഇകള്‍ എന്നീ മേഖലകളിലെ സമ്മര്‍ദം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍, ബാങ്കുകളുടെ ആസ്തി ഗുണനിലവാരം കൂടുതല്‍ മേശം സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബി ഐയുടെയും പിന്തുണാ നടപടികള്‍ സമ്മിശ്ര ഫലമാണ് ഉണ്ടാക്കിയതെന്ന് ഫിച്ച് വിലയിരുത്തുന്നു. ഉയര്‍ന്ന വായ്പ, ദുര്‍ബലമായ ബാലന്‍സ് ഷീറ്റുകള്‍, റെഗുലേറ്ററി ബാധ്യത എന്നിവ ബാങ്കുകളില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദമാണ് പ്രധാന വെല്ലുവിളി. എന്‍ബിഎഫ്‌ഐകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതു മൂലവും വലിയ തോതില്‍ വായ്പ നല്‍കിയിട്ടുള്ള മേഖലകളിലെ പ്രതിസന്ധികള്‍ മൂലവും ബാങ്കുകളില്‍ ഒരു രണ്ടാംഘട്ട വെല്ലുവിളി വളര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

ജനുവരി മുതല്‍ ഫെബ്രുവരി വരെ നിരവധി എന്‍ബിഎഫ്‌ഐകള്‍ നടത്തിയ ധനസമാഹരണം ഫണ്ടിംഗ് അന്തരീക്ഷം അല്‍പ്പം മെച്ചപ്പെട്ടതായി വ്യക്തമാക്കുന്നതാണ്. എന്‍ബിഎഫ്‌ഐകള്‍ വിദേശ വിപണികളില്‍ നിന്ന് ധനസമാഹരണം നടത്തുന്നത് തുടരും. എന്നാല്‍ ഇതിന്റെ ലഭ്യതയില്‍ ഏറെയും റീട്ടെയ്ല്‍ അധിഷ്ഠിത എന്‍ബിഎഫ്‌ഐകളിലേക്കും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ പിന്തുണയുള്ളവയിലേക്കും മാത്രമായി പരിമിതപ്പെടുമെന്നും ഫിച്ച് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy