എമിറേറ്റ്‌സ് എന്‍ബിഡി യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബാങ്കിംഗ് ബ്രാന്‍ഡ്

എമിറേറ്റ്‌സ് എന്‍ബിഡി യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബാങ്കിംഗ് ബ്രാന്‍ഡ്
  • മൂല്യം 4.1 ബില്യണ്‍ ഡോളര്‍
  • ബാങ്കേഴ്‌സ് പ്രസിദ്ധീകരിച്ച ആഗോള പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

ദുബായ്: യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബാങ്കിംഗ് ബ്രാന്‍ഡായി വീണ്ടും എമിറേറ്റ്‌സ് എന്‍ബിഡി തെരഞ്ഞെടുക്കപ്പെട്ടു. 4.13 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ‘ദ ബാങ്കേഴ്‌സ്’ മാഗസിന്‍ പ്രസിദ്ധീകരിച്ച മൂല്യമേറിയ ആഗോള ബാങ്കുകളുടെ പട്ടികയില്‍ ആദ്യ നൂറില്‍ എമിറേറ്റ്‌സ് എന്‍ബിഡി ഇടം നേടി. പശ്ചിമേഷ്യ വടക്കന്‍ ആഫ്രിക്ക മേഖലയില്‍ ബാങ്കുകളുടെ മൂല്യത്തില്‍ രണ്ടാംസ്ഥാനത്താണ് എമിറേറ്റ്‌സ് എന്‍ബിഡി.

ലോകത്തിലെ ഏറ്റവും വലിയ 500 ബാങ്കുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബ്രാന്‍ഡ് ഫിനാന്‍സ് എന്ന കണ്‍സള്‍ട്ടന്‍സി തയാറാക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സ് ബാങ്കിംഗ് പട്ടിക യുകെ മാഗസിനായ ദ ബാങ്കറിന്റെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് എമിറേറ്റ്‌സ് എന്‍ബിഡി 68ാം സ്ഥാനം സ്വന്തമാക്കി.യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡെന്ന സ്ഥാനം നിലനിര്‍ത്താനായതില്‍ സന്തോഷമുണ്ടെന്ന് എമിറേറ്റ്‌സ് എന്‍ബിഡി ഗ്രൂപ്പ് സിഇഒ ഷൈന്‍ നെല്‍സണ്‍ പ്രതികരിച്ചു.

യുഗവിന്റെ ഡെയ്‌ലി ബ്രാന്‍ഡ് ട്രാക്കിംഗ് ടൂളായ ബ്രാന്‍ഡ്ഇന്‍ഡെക്‌സ് യുഎഇയിലെ ഏറ്റവും മികച്ച 10 ബാങ്കുകളില്‍ എമിറേറ്റ്‌സ് എന്‍ബിഡിയെ ഉള്‍പ്പെടുത്തിയിരുന്നു. 14.5 ബില്യണ്‍ ദിര്‍ഹത്തിന്റെ അറ്റാദായവുമായി കഴിഞ്ഞ വര്‍ഷം വളരെ മികച്ച സാമ്പത്തിക പ്രകടനമാണ് എമിറേറ്റ്‌സ് എന്‍ബിഡി കാഴ്ചവെച്ചത്. ബാങ്കിന് കീഴിലുള്ള മൊത്തം ആസ്തികളുടെ വലുപ്പം 683 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. തുര്‍ക്കി ആസ്ഥാനമായുള്ള ഡെനിസ് ബാങ്കിനെ ഏറ്റെടുക്കാനായതും പോയവര്‍ഷം എമിറേറ്റ്‌സ് എന്‍ബിഡി സ്വന്തമാക്കിയ നേട്ടങ്ങളിലൊന്നാണ്. ഇതോടെ 13 രാജ്യങ്ങളിലായി 14 മില്യണിലേറെ ഉപഭോക്താക്കളുള്ള ബാങ്കിംഗ് ഭീമനായി എമിറേറ്റ്‌സ് എന്‍ബിഡി ഉയര്‍ന്നു.

Comments

comments

Categories: Arabia
Tags: emirates nbd