ജൂണിനപ്പുറം നീണ്ടാല്‍ ജിഡിപി 1% പിന്നോട്ടടിക്കും

ജൂണിനപ്പുറം നീണ്ടാല്‍ ജിഡിപി 1% പിന്നോട്ടടിക്കും
  • ആഗോള ജിഡിപിക്ക് മേല്‍ 800 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി അനുമാനിക്കപ്പെടുന്നു
  • ചൈനയിലെ വ്യവസായങ്ങളുടെ 90 ശതമാനവും വൈറസ് ബാധ രൂക്ഷമായ മേഖലകളില്‍

മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) പകര്‍ച്ചവ്യാധി ജൂണ്‍ മാസത്തിന് മുന്‍പ് പിടിച്ചുകെട്ടാനായില്ലെങ്കില്‍ ആഗോള ജിഡിപി വളര്‍ച്ച 1% കുറഞ്ഞേക്കും. ചൈനീസ് സമ്പദ് ഘടനയില്‍ ഉണ്ടാവുന്ന ആഘാതത്തിന്റെ അനുരണനങ്ങള്‍ ആഗോള സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കുമെന്നതിനാലാണിത്. ഉപദേശക സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. എത്ര വേഗത്തില്‍ വൈറസിനെ നിയന്ത്രണ വിധേയമാക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും ആഗോള ബിസിനസിന് മേലുള്ള ആഘാതമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 800 ബില്യണ്‍ ഡോളറിന്റെയെങ്കിലും തിരിച്ചടിയാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

ഇപ്പോള്‍ത്തന്നെ വൈറസ് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെയും ഉല്‍പ്പാദന മേഖലയെയും ഗുരുതരമായി പിന്നോട്ടടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയിലെ വ്യവസായങ്ങളുടെ 90 ശതമാനവും വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. 22 ദശലക്ഷം കമ്പനികളാണ് അപകട മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 220 ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയിലുള്ള 350 കമ്പനികളുമായി നിയമപരമായ ബന്ധങ്ങളുണ്ട്. ഈ 220 ല്‍ 58% കമ്പനികള്‍ മാനുഫാക്ചറിംഗ് മേഖലയിലും 40% സേവന മേഖലയിലും 2% കെട്ടിട നിര്‍മാണ മേഖലയിലും പ്രവര്‍ത്തിക്കുന്നവയാണ്. ചരക്കുകളുടെയും ഘടകങ്ങളുടെയും ഉല്‍പ്പാദനവും ഇറക്കുമതിയും മുടങ്ങുന്നതോടെ വിലക്കയറ്റവും മാന്ദ്യവും ഈ മേഖലകളെയെല്ലാം പിടികൂടും. ഇന്ത്യയുടെ കയറ്റിറക്കുമതിയെ ഇപ്പോള്‍ത്തന്നെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ജനുവരിയില്‍ കയറ്റുമതി 1.66% ഇടിഞ്ഞ് 25.97 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി 0.755 താഴ്ന്ന് 41.14 ബില്യണ്‍ ഡോളറുമായി. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 9% ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ്. ഇന്ത്യയുടെ ഇറക്കുമതിയുടെ 17% നിര്‍വഹിക്കുന്നതും ഈ രണ്ട് രാജ്യങ്ങളാണ്.

‘റീറ്റെയ്ല്‍ വ്യാപാരം, മൊത്ത വ്യാപാരം, ചരക്ക് ഗതാഗതം എന്നീ മേഖലയിലുള്ള കമ്പനികള്‍ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ കെട്ടിട നിര്‍മാണത്തിലും ചില ഉല്‍പ്പാദക മേഖലകളിലും കുമിഞ്ഞ് കൂടുന്ന ഓര്‍ഡറുകളും വളര്‍ച്ചാ നിരക്കില്‍ അസ്വാഭാവികതയും നേരിടേണ്ടി വരും’ റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് മറ്റ് വിപണികളിലേക്ക് ബിസിനസ് മാറ്റേണ്ടി വരുമെന്നും, എന്നാല്‍ ആശുപത്രി ഉപകരണങ്ങള്‍ പോലുള്ള ചില ഉല്‍പ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യക്ക് ആശ്വാസം

രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യത്തെ രോഗിയെ അസുഖം പൂര്‍ണമായും മാറിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. തൃശ്ശൂര്‍ മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയാണ് വീട്ടിലേക്ക് മടങ്ങിയത്. രക്ത സാമ്പിളുകള്‍ പുനെയിലെ നാഷണല്‍ വൈറോളജി ലാബില്‍ രണ്ടു തവണ പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് രോഗിയെ വീട്ടിലേക്ക് മടങ്ങാനനുവദിച്ചത്. ആലപ്പുഴ, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചികിത്സയിലായിരുന്ന മറ്റ് രണ്ടുപേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് നേരത്തെ ആശുപത്രി വിട്ടിരുന്നു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവരായിരുന്നു മൂന്നുപേരും. നിലവില്‍ സംസ്ഥാനത്ത് 2,242 പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തിലാണെ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ എട്ടുപേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും വീടുകളിലും നിരീക്ഷണത്തിലാണ്.

ചൈനയിലെ കൊറോണ മരണസംഖ്യ: 2,118

ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ചവര്‍: 74,576

Categories: Business & Economy, Slider
Tags: GDP