ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൊറോണയുടെ ആഘാതം പരിമിതം: ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൊറോണയുടെ ആഘാതം പരിമിതം: ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനികളില്‍ ഭൂരിഭാഗവും 3-4 മാസത്തേക്ക് എല്ലായ്‌പ്പോഴും സ്റ്റോക്ക് സൂക്ഷിക്കുന്നുണ്ട്

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പരിമിതമായ സ്വാധീനം മാത്രമാണ് ചെലുത്തുകയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വലിയ വലുപ്പം കാരണം ആഗോള ജിഡിപിയും വ്യാപാരവും തീര്‍ച്ചയായും ബാധിക്കപ്പെടും. ഇന്ത്യയിലെ കുറച്ച് മേഖലകളില്‍ ചില തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്കും ഘടകഭാഗങ്ങള്‍ക്കുമായി ചൈനയെ വളരെയധികം ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് നിര്‍മാണ മേഖലകളെ കൊറൊണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ചേക്കാമെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ ആഭ്യന്തര വ്യവസായത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈറസ് ബാധ വിലക്കയറ്റത്തെ കുറിച്ച് വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈന ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും അതിനാല്‍ ഇരുരാഷ്ട്രങ്ങളിലെയും നയ രൂപകര്‍ത്താക്കള്‍ നിലവിലെ സാഹചര്യം സംബന്ധിച്ച് കൂട്ടായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനികളില്‍ ഭൂരിഭാഗവും 3-4 മാസത്തേക്ക് എല്ലായ്‌പ്പോഴും സ്റ്റോക്ക് സൂക്ഷിക്കുന്നുണ്ട്. അതിനാല്‍, അവര്‍ക്ക് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലേക്ക് മരുന്നു ഘടകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പ്രധാനപ്പെട്ട ചൈനീസ് പ്രവിശ്യകളില്‍ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Current Affairs