പുതിയ ഷാസിയില്‍ ബിഎസ് 6 ഹീറോ പാഷന്‍ പ്രോ

പുതിയ ഷാസിയില്‍ ബിഎസ് 6 ഹീറോ പാഷന്‍ പ്രോ

ഡ്രം ബ്രേക്ക് വേരിയന്റിന് 64,990 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 67,190 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹീറോ പാഷന്‍ പ്രോ വിപണിയില്‍ അവതരിപ്പിച്ചു. സെല്‍ഫ്-ഡ്രം-അലോയ്, സെല്‍ഫ്-ഡിസ്‌ക്-അലോയ് എന്നീ രണ്ട് വേരിയന്റുകളില്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. യഥാക്രമം 64,990 രൂപയും 67,190 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വിപണി വിടുന്ന പാഷന്‍ പ്രോയുമായി താരതമ്യം ചെയ്യുമ്പോള്‍ ബേസ് വേരിയന്റിന് 6,740 രൂപയും ടോപ് സ്‌പെക് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 6,290 രൂപയും വര്‍ധിച്ചു. തല്‍സമയ ഇന്ധനക്ഷമത കാണിക്കുന്ന പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ ഫീച്ചറാണ്. സ്‌പോര്‍ട്‌സ് റെഡ്, ടെക്‌നോ ബ്ലൂ, മൂണ്‍ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നിവ നാല് പുതിയ കളര്‍ ഓപ്ഷനുകളാണ്.

ബിഎസ് 6 പാലിക്കുന്ന 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം ലഭിച്ചു. ഈ മോട്ടോര്‍ ഇപ്പോള്‍ 7,500 ആര്‍പിഎമ്മില്‍ 9.15 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.79 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറ്റ് ഹീറോ ബൈക്കുകളെപ്പോലെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം) നല്‍കിയിരിക്കുന്നു. ഇന്ധനക്ഷമത ഇപ്പോള്‍ അഞ്ച് ശതമാനം വര്‍ധിച്ചതായി കമ്പനി അവകാശപ്പെട്ടു.

പുതുതായി ഡയമണ്ട് ഫ്രെയിമിലാണ് ഹീറോ പാഷന്‍ പ്രോ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് കുറഞ്ഞു. ഭാരം കുറഞ്ഞതോടെ മികച്ച പെര്‍ഫോമന്‍സ്, കൂടുതല്‍ ഇന്ധനക്ഷമത എന്നിവ ലഭിക്കും. മുന്നിലെ സസ്‌പെന്‍ഷന്‍ ഇപ്പോള്‍ 14 ശതമാനവും പിന്നിലെ സസ്‌പെന്‍ഷന്‍ 10 ശതമാനവും അധികം ട്രാവല്‍ ചെയ്യുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു. ഗ്രൗണ്ട് ക്ലിയറന്‍സ് ഒമ്പത് ശതമാനം വര്‍ധിച്ചു.

Comments

comments

Categories: Auto