ബിഎസ് 6 ഫോഡ് ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍ പുറത്തിറക്കി

ബിഎസ് 6 ഫോഡ് ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍ പുറത്തിറക്കി

നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പരിഷ്‌കരിച്ചത്

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഫോഡ് ഫിഗോ ഹാച്ച്ബാക്ക്, ആസ്പയര്‍ സബ്‌കോംപാക്റ്റ് സെഡാന്‍, ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. 5.39 ലക്ഷം രൂപയിലാണ് ഫോഡ് ഫിഗോയുടെ വില ആരംഭിക്കുന്നത്. ഫോഡ് ഫ്രീസ്റ്റൈലിന് 5.89 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഫോഡ് ആസ്പയറിന് 5.99 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫോഡ് ഫിഗോ എട്ട് ട്രിമ്മുകളിലും ഫോഡ് ആസ്പയര്‍, ഫോഡ് ഫ്രീസ്റ്റൈല്‍ മോഡലുകള്‍ പത്ത് ട്രിമ്മുകളിലും ലഭിക്കും.

നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചത്. പെട്രോള്‍ എന്‍ജിന്‍ 96 എച്ച്പി കരുത്തും 119 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കരുത്തില്‍ മാറ്റമില്ല. എന്നാല്‍ ടോര്‍ക്ക് ഒരു ന്യൂട്ടണ്‍ മീറ്റര്‍ കുറഞ്ഞു. ഡീസല്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. ബിഎസ് 6 എന്‍ജിനുകളുടെ ഇന്ധനക്ഷമത എത്രയെന്ന് ഫോഡ് ഇന്ത്യ വെളിപ്പെടുത്തിയില്ല.

മൂന്ന് മോഡലുകള്‍ക്കും മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റി ലഭിക്കും. സര്‍വീസ് ഇടവേളകളും പരിഷ്‌കരിച്ചു. ഇപ്പോള്‍ പതിനായിരം കിലോമീറ്ററാണ്. ‘ഫോഡ്പാസ്’ കണക്റ്റിവിറ്റി ഫീച്ചര്‍ എല്ലാ ബിഎസ് 6 കാറുകളിലും സ്റ്റാന്‍ഡേഡായി ലഭിക്കും.

Comments

comments

Categories: Auto